പ്രസക്തമായ പ്രമേയവുമായി ചിപ്പി അടുത്തവാരം

By Subha Lekshmi B R.09 Aug, 2017

imran-azhar

ശ്രുതി മേനോനെ കേന്ദ്രകഥാപാത്രമാക്കി പ്രദീപ് ചൊക്ളി ഒരുക്കുന്ന ചിത്രമാണ് ചിപ്പി. ചിപ്പി എന്ന കഥാപാത്രത്തെയാണ് കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രുതി ചെയ്യുന്നത്. ശ്രുതിയും ഒരു കൂട്ടം കുട്ടികളുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

 

വിനീഷ് പാലയാടിന്‍റേതാണ് തിരക്കഥ. സംഭാഷണമൊരുക്കിയിരിക്കുന്നതും വിനീഷ് ആണ്. രമേശ് കാവിലിന്‍റെ വരികള്‍ക്ക് സച്ചിന്‍ ബാലു, റോഷന്‍ ഹാരിസ് എന്നിവര്‍ ചേര്‍ന്ന് ഈണം പകര്‍ന്നിരിക്കുന്നു. നിശ്ചല ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത് നൌ,ാദ് കണ്ണൂര്‍ ആണ്. ബി.എസ്.ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

സലിംകുമാര്‍,ജോയ് മാത്യു, കമ്മട്ടിപ്പാടം മണികണ്ഠന്‍, സ്രിന്ധ, മറിമായം മഞ്ജു, സുരഭി, വിജിലേഷ്, ശ്രീജിത്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

 

തലശ്ശേരി മയം
തലശ്ശേരി കടപ്പുറവും പരിസരവുമാണ് ചിപ്പിയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തലശ്ശേരിയുടെ സംസ്ക്കാരം മാത്രമല്ല സംഗീതവും സിനിമയില്‍ തനിമ ചോരാതെ ചേര്‍ത്തിരിക്കുന്നു. ചിത്രത്തിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത് തലശ്ശേരിയിലാണ്.

 

കുട്ടികളുടെ സിനിമ
സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ഇംഗ്ളീഷ് മീഡിയം എന്ന സിനിമ ഒരുക്കിയത് പ്രദീപ് ചൊക്ളിയാണ്. കുട്ടികളുടെ ചിത്രമായ ചിപ്പിയിലൂടെ പ്രദീപ് ചര്‍ച്ച ചെയ്യുന്നത് വിദ്യാഭ്യാസസംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ചാണ്. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന സമൂഹത്തിന്‍റെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടാനും സംവിധായകന്‍ ധൈര്യം കാട്ടുന്നു.

തീരദേശത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ തീരദേശത്തെ കുട്ടികള്‍ തന്നെ താരങ്ങളാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓഡിഷനിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.

 

ഒടുവില്‍ സിനിമയിലെടുത്തു
എത്രയെത്ര സിനിമാപോസ്റ്ററുകള്‍ ആ കൈകള്‍ കൊണ്ട് ഒട്ടിച്ചിരിക്കുന്നു. താരങ്ങള്‍ മതിലുകളിലും മറ്റും ചിരിച്ചുകൊണ്ടു നിന്നു. അതുകണ്ട് തൃപ്തിയടഞ്ഞ ഗിരീഷ് ഒരിക്കലും താനും ഒരി ക്കല്‍ പോസ്റ്ററിലെ താരമാകുമെന്ന് ചിന്തിച്ചിരുന്നോ? എന്തായാലും സംഗതി സത്യമായി. ഗിരീഷ് ഇപ്പോള്‍ താരമാണ്...ചിപ്പിയിലെ അഭിനേതാക്കളിലൊരാള്‍. സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ആളായി തന്നെയാണ് ഗിരീഷ് സിനിമയില്‍ മുഖം കാണിക്കുന്നത്.

അടുത്തവാരം ചിത്രം തിയേറ്ററുകളിലെത്തും.

OTHER SECTIONS