ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

By parvathyanoop.27 09 2022

imran-azhar

 


ന്യൂഡല്‍ഹി :  രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മുതിര്‍ന്ന ബോളിവുഡ് നടി ആശാ പരേഖിന്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്‌കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന സമ്മാനം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.

 

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.ഭിനയരംഗത്തുനിന്ന് പിന്‍മാറി ടെലിവിഷന്‍ സീരിയല്‍ നിര്‍മാണത്തിലേക്ക് തിരിഞ്ഞ ആശാ പരേഖ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയാണ്.ആശാ ഭോസ്‌ലെ, ഹേമ മാലിനി, പൂനം ഡില്ലണ്‍, ടി.എസ്.നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറി പാനലാണ് പുസ്‌കാരം നിര്‍ണയിച്ചത്.ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന ആശാ പരേഖ്, തൊണ്ണൂറോളം സിനിമകളില്‍ വേഷമിട്ടു.

 

രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 1952ല്‍ ബാലതാരമായി ബേബി ആശാ പരേഖ് എന്ന പേരില്‍ അഭിനയജീവിതം തുടങ്ങി.1959ല്‍ നസീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ദില്‍ ദേഖൊ ദേഖൊ എന്ന ചിത്രത്തില്‍ ഷമ്മി കപൂറിന്റെ നായികയായി അഭിനയിച്ചു, സിനിമ വന്‍ ഹിറ്റായി. ഗുജറാത്ത് സ്വദേശിനിയായ ആശ, നിരവധി ഗുജറാത്തി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1998 മുതല്‍ 2001 വരെ ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായിരുന്നു.

 


അതേസമയം, ദേശീയ ചലച്ചിത്ര പുരസ്‌കാരം വെള്ളിയാഴ്ച രാഷ്ട്രപതി വിതരണം ചെയ്യും. രണ്ടു വര്‍ഷത്തിനുശേഷമാണ് രാഷ്ട്രപതി പുരസ്‌കാര വിതരണം നടത്തുന്നത്.

 

OTHER SECTIONS