By santhisenanhs.11 05 2022
രണ്‍വീര്‍ സിംഗിന്റെ വിവാദ ചിത്രം ജയേഷ്ഭായ് ജോര്ദാറിന് പ്രദര്‍ശന അനുമതി നല്കി ഡല്‍ഹി ഹൈക്കോടതി. ചിത്രത്തിലെ ജനനത്തിന് മുമ്പുള്ള ലിംഗനിര്‍ണയ രംഗങ്ങളില്‍ നിയമപരമായി മുന്നറിയിപ്പ് നടത്തി പ്രദര്‍ശിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. ജസ്റ്റിസ് നവീന്‍ ചൗളയും ജസ്റ്റിസ് മനോജ് കുമാറും അധ്യക്ഷത വഹിച്ച സമിതിയുടേതാണ് പുതിയ കോടതി ഉത്തരവ്. ചിത്രത്തിന്റെ ട്രെയ്ലര് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമ്പോഴും ഈ മുന്നറിയിപ്പ് നിര്‍ബന്ധമായും നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോമഡിഡ്രാമ ചിത്രമായ ജയേഷ്ഭായി ജോര്‍ദാറിന്റെ ട്രെയ്ലര് പുറത്ത് വന്നപ്പോള്‍ ജനനത്തിനു മുമ്പുള്ള ലിംഗനിര്‍ണയ രംഗം ചിത്രീകരിച്ചതിനെച്ചൊല്ലി നിയമപരമായ പ്രശ്നം നേരിട്ടിരുന്നു. ഈ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യട്ട ഹര്‍ജി പരിഗണിച്ച കോടതി ഇത് നിസാരമായി കാണാനാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒരു ഗുജറാത്തി ഗ്രാമ പ്രമാണികള്‍ ആയ മാതാപിതാക്കള്‍ തന്റെ മകന് ഒരു ആണ്‍കുട്ടി ജനിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മകന്റെ ഭാര്യ രണ്ടാമത് ജന്മം നല്കാന് പോകുന്നതും ഒരു പെണ്‍കുഞ്ഞിനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ ആ കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം നടത്താന്‍ തീരുമാനിക്കുന്നു. ഇത് തടയാന്‍ മകനും ഭാര്യയും നടത്തുന്ന പോരാട്ടമാണ് ജയേഷ്ഭായി ജോര്‍ദാര്‍ എന്ന ചിത്രത്തിന്റെ പ്രമേയം.
ജയേഷ്ഭായ് ജോര്‍ദാര്‍ മെയ് 13 ന് തിയേറ്ററുകളില്‍ എത്തും. നടനും സംവിധായകനുമായ ദിവ്യാംഗ് തക്കറിന്റെ ആദ്യ സംവിധാന സംരംഭമാണിത്. യാഷ് രാജ് ഫിലിംസിന് കീഴില്‍ ആദിത്യ ചോപ്രയും മനീഷ് ശര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശാലിനി പാണ്ഡെ, ബൊമന്‍ ഇറാനി, രത്ന പഥക് ഷാ, ദീക്ഷ ജോഷി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.