സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ഗ്യാംഗ്സ്റ്റര്‍ സമ്പത്ത് നെഹ്‌റ അറസ്റ്റില്‍

By Shyma Mohan.09 Jun, 2018

imran-azhar


    ന്യൂഡല്‍ഹി: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ഗ്യാംഗ്സ്റ്റര്‍ സമ്പത്ത് നെഹ്‌റയെ ഹരിയാന പോലീസിലെ പ്രത്യേക ദൗത്യ സേന അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ വെച്ച് പിടികൂടിയ ഇയാളെ ഗുരുഗ്രാമില്‍ എത്തിച്ചു. സല്‍മാന്‍ ഖാന്‍ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തന്നെയാണ് സല്‍മാന്‍ ഖാനെ വധിക്കാന്‍ നിയോഗിച്ചതെന്നും സമ്പത്ത് നെഹ്‌റ പ്രാഥമിക ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇതിനായി ഇയാള്‍ രണ്ടുദിവസം മുംബൈയില്‍ എത്തി സല്‍മാന്‍ ഖാന്റെ ചിത്രങ്ങളെടുത്തിരുന്നതായും ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലെ സല്‍മാന്‍ ഖാന്റെ വീട്ടിലെ ബാല്‍ക്കണിയും മറ്റുമുള്ള താരത്തിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചിരുന്നതായും പോലീസ് പറഞ്ഞു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലെ മുഖ്യ കണ്ണിയാണ് 28കാരനായ നെഹ്‌റ. ചണ്ഡീഗഡ് പോലീസില്‍ നിന്നും വിരമിച്ച അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ മകനാണ് ഇയാള്‍. നാഷണല്‍ ലെവല്‍ കായിക താരം കൂടിയാണ് സമ്പത്ത് നെഹ്‌റ. ഒരു ഡസനിലേറെ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. നിലവില്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജയിലില്‍ കഴിയുന്ന ബിഷ്‌ണോയി ഇക്കഴിഞ്ഞ ജനുവരിയില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ബിഷ്‌ണോയി സമ്പത്ത് നെഹ്‌റയും മറ്റ് അനുയായികളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നതായി പോലീസ് അറിയിച്ചു. കാര്‍ജാക്കിംഗ് കേസില്‍ 2016ല്‍ അറസ്റ്റിലായ നെഹ്‌റ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. പട്യാല ജയിലില്‍ വെച്ചാണ് നെഹ്‌റ ബിഷ്‌ണോയിയെ കണ്ടുമുട്ടുന്നത്.  

OTHER SECTIONS