റിയാലിറ്റി ഷോയ്ക്കിടെ തമ്മിലടിച്ച് ഹിമേഷും സൽമാനും; വീഡിയോ വൈറൽ

By santhisenanhs.05 05 2022

imran-azhar

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് അടുത്ത സുഹൃത്തുക്കളായ സംഗീത സംവിധായകൻ ഹിമേഷ് റെഷാമിയയും സൽമാൻ ഖാനും തമ്മിൽ ഒരിക്കൽ നടന്ന വാക് പോരിന്റെ വിഡിയോയാണ്. വേദി ഏതായാലും തനിക്ക് ഇഷ്ടമുള്ളത് പോലെ മാത്രം പെരുമാറുന്ന വ്യക്തിയാണ് സൽമാൻ ഖാൻ. സുഹൃത്തുക്കളെ കളിയാക്കുന്നതിലും സൽമാൻ ഒരു മടിയും കാണിക്കാറില്ല.

 

ഒരിക്കൽ തന്റെ സിനിമ യുവരാജിന്റെ പ്രൊമോഷന് വേണ്ടി ഒരു ഷോയിൽ അതിഥിയായി എത്തിയതായിരുന്നു സൽമാൻ ഖാൻ. സൽമാനൊപ്പം നായികയായ കത്രീന കൈഫുമുണ്ടായിരുന്നു. സംഗീത റിയാലിറ്റി ഷോയിലെ വിധി കർത്താക്കളിൽ ഒരാളായി ഹിമേഷുമുണ്ടായിരുന്നു. തന്നിൽ ആരും വിശ്വാസമർപ്പിക്കാൻ കൂട്ടാക്കതിരുന്ന കാലത്ത് തന്നെ പിന്തുണയ്ക്കുകയും കരിയറിൽ ബ്രേക്ക് നൽകുകയും ചെയ്തത് സൽമാൻ ആയിരുന്നുവെന്ന് ഹിമേഷ് പറഞ്ഞിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവർക്കുമിടയിൽ വാക് പോര് ഉടലെടുക്കുകയായിരുന്നു. കണ്ടു നിന്ന കത്രീനയെ വല്ലാതെ അസ്വസ്ഥയാക്കുന്നതായിരുന്നു സംഭവം.

 

ഒരു മത്സരാർത്ഥിയെ അഭിനന്ദിക്കുന്നതിനിടെ സൽമാൻ ഖാൻ ഹിമേഷിനെ കളിയാക്കുകയായിരുന്നു. നിങ്ങളുടെ പാട്ട് ഇനി ഹിമേഷ് അടിച്ചുമാറ്റുമെന്നായിരുന്നു സൽമാന്റെ കൡയാക്കൽ. എന്നാൽ ഈ തമാശ ഹിമേഷിന് രുചിച്ചില്ല. താരം ഉടനെ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. താൻ പാട്ടുകൾ മോഷ്ടിക്കാറില്ലെന്ന് പറഞ്ഞ ഹിമേഷ് സൽമാനോട് വിശദമാക്കാനും ആവശ്യപ്പെട്ടു. ഇതോടെ സൽമാൻ ഖാൻ ഹിമേഷ് അനു മലിക്കിന്റെ പാട്ടുകൾ അടിച്ചുമാറ്റാറുണ്ടെന്ന് ആരോപിച്ചു. പലപ്പോഴായി കോപ്പിയടിയുടെ ആരോപണം കേട്ടിട്ടിട്ടുള്ള സംഗീത സംവിധായകൻ ആണ് അനു മലിക്ക്.

 

എന്നാൽ അത് ശരിയല്ലെന്ന് പറഞ്ഞ ഹിമേഷ് പക്ഷെ ഒരിക്കൽ താൻ പാട്ട് മോഷ്ടിച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. എന്നാൽ അത് സൽമാൻ ഖാൻ പറഞ്ഞതു കൊണ്ടാണെന്നായിരുന്നു ഹിമേഷിന്റെ വെളിപ്പെടുത്തൽ അമേരിക്കൻ റോക്ക് ബാന്റായ സന്റാനയുടെ മറിയ മറിയ മോഷ്ടിച്ച് സൽമാന്റെ കഹിൻ പ്യാർ ന ഹോ ജായേയ്ക്ക് വേണ്ടി ഓ പ്രിയ ഓ പ്രിയ ആക്കി മാറ്റിയെന്നായിരുന്നു ഹിമേഷിന്റെ വെളിപ്പെടുത്തൽ. പിന്നാലെ ഹിമേഷിനോട് ആ പാട്ട് പാടാൻ സൽമാൻ ആവശ്യപ്പെട്ടു. എന്നാൽ പാട്ട് പാടാൻ ഹിമേഷ് കൂട്ടാക്കിയില്ല. എന്റെ ശബ്ദം മോശമാണെന്നാണല്ലോ നിങ്ങൾ പറഞ്ഞതെന്നായി ഹിമേഷ്. തനിക്കത് ശീലമായെന്ന് സൽമാൻ തിരിച്ചടിച്ചു. തനിക്ക് ദൈവം തന്ന ശബ്ദമാണിതെന്നും ജനങ്ങൾക്ക് ഇഷ്ടമാണെന്നും ഹിമേഷ് പറഞ്ഞു. നിങ്ങൾ എന്നെ കുറ്റം പറഞ്ഞു കൊണ്ടിരിക്കൂ, ജനം എന്നെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുമെന്നും ഹിമേഷ് പറഞ്ഞു.

 

പിന്നീടും സൽമാൻ പാട്ടുപാടാൻ നിർദ്ദേശിച്ചുവെങ്കിലും ഹിമേഷ് തയ്യാറായില്ല. മോഷ്ടിച്ച പാട്ടുകൾ താൻ പാടാറില്ലെന്ന് ആവർത്തിക്കുകയായിരുന്നു ഹിമേഷ്. വാക് പോരിനിടെ കത്രീന കൈഫ് സൽമാനോട് നിർത്താൻ പറയുന്നുണ്ടെങ്കിലും സൽമാൻ തന്റെ വാക്കുകൾ തുടരുകയായിരുന്നു. എന്തായാലും വലിയ പ്രശ്‌നമായി മാറാതെ ആ വാക് പോര് അവസാനിക്കുകയായിരുന്നു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് സൽമാനും ഹിമേഷും. ഇരുവരും പിന്നീടും ഒരുമിച്ച് പ്രവർത്തിക്കുകയുണ്ടായി.

 

OTHER SECTIONS