ഹണീബി ടു സെലിബ്രിഷേന്‍സ്

By Eva Neethal Hashmi.25 Mar, 2017

imran-azhar

ആദ്യ ഭാഗത്തോളം ചിരിയും, ആഘോഷവും സൃഷ്ടിക്കുവാനായില്ല ഹണീബി ടു സെലിബ്രിഷേന്‍സ്. ഹണീബി സൗഹൃദത്തിലും, പ്രണയത്തിലുമാണൂന്നിയതെങ്കില്‍ രണ്ടാം ഭാഗം നായികാ നായകന്‍മാരുടെ വിവാഹത്തിലും, അതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെയുമാണ് ദൃശ്യവത്കരിക്കുന്നത്. രണ്ടര മണിക്കൂര്‍ ചിരിയും ചിന്തയും കൂട്ടിയിണക്കിയ ഒരു ഫണ്‍ എന്റര്‍ടൈനര്‍ ഒരുക്കുകയെന്നതാണ് സംവിധായകന്‍ ലാല്‍ ജൂനിയര്‍ ലക്ഷ്യമാക്കിയത്. എന്നാലത് പൂര്‍ണ്ണമായും വിജയിച്ചോ എന്നതില്‍ സംശയമുണ്ട്....ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയാണ് രണ്ടാം ഭാഗം. ആദ്യ ഭാഗത്തിന്റെ ടെയില്‍ എന്‍ഡിന് തൊട്ടുമുന്‍പാരംഭിച്ച് അതേ ടെയില്‍ എന്‍ഡില്‍ അവസാനിക്കുന്നു സിനിമ. നായകനായ സെബാന്റെയും, നായികയായ ഏഞ്ചലിന്റെയും വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ സിനിമ രണ്ടാം പകുതിയില്‍ കോമഡി ട്രാക്കില്‍ നിന്ന് ഫാമിലി ഇമോഷണല്‍ എന്ന തലത്തിലെത്തുന്നു. ആദ്യ പാതിയില്‍ ചിരിക്കാനും, ആദ്യ ഭാഗത്തിന്റെ ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്നതുമായ രംഗങ്ങള്‍ ആവോളമുണ്ട്. രണ്ടാം പാതിയില്‍ സംവിധാനത്തിലെ കയ്യൊതുക്കം അല്‍പ്പമൊന്നു പാളി. എങ്കിലും വലിച്ചു നീട്ടാതെ സിനിമ ഉപസംഗ്രഹിക്കാന്‍ സംവിധായകനായി. എവിടെയും ഇഴച്ചില്‍ തോന്നിപ്പിക്കാത്ത ആഖ്യാനവും ചിത്രത്തിന് ഗുണമായി.നായകനായ ആസിഫ് അലി, നായിക ഭാവന, ലാല്‍, ശ്രീനിവാസന്‍, ലെന, ബാബുരാജ്, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങള്‍ക്ക് രണ്ടാം, ഭാഗത്തില്‍ അഭിനേതാക്കള്‍ മാറിയതും കല്ലുകടിയായി. ചുരുക്കത്തില്‍ രണ്ടര മണിക്കൂര്‍ ഒരു ഫണ്‍ സിനിമ കാണുക എന്ന ലക്ഷ്യത്തോടെയെത്തുന്നവര്‍ക്കുള്ളതാണ് ഹണീബി ടു സെലിബ്രേഷന്‍.

OTHER SECTIONS