ദിലീപിന് ഇത്രയുമൊക്കെ ചെയ്യാനാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല: ദിലീപിനെതിരെ തുറന്നടിച്ച് ജയപ്രദ

By Farsana Jaleel.12 Sep, 2017

imran-azhar

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ തുറന്നടിച്ച് മുന്‍ എംപിയും നടിയുമായ ജയപ്രദ. നടിയോട് ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജയപ്രദ തുറന്നടിച്ചു. സംഭവം വളരെ ദു:ഖകരമാണെന്നും ദിലീപന് ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്‌നേഹവും മറക്കാന്‍ പാടില്ലായിരുന്നെന്നും ജയപ്രദ പറയുന്നു. വനിതാ താര സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രവര്‍ത്തനങ്ങളെയും ജയപ്രദ അഭിനന്ദിക്കാന്‍ മറന്നില്ല.

ജയപ്രദയുടെ വാക്കുകലിലേക്ക്-

ഇതു സത്യത്തില്‍ വളരെ ഖേദകരമായ അവസ്ഥയാണ്. ഇന്‍ഡസ്ട്രിയിലെ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു. അവളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് അവള്‍ അനുഭവിച്ചത്. എന്തൊക്കയാണെങ്കിലും അവളൊരു സ്ത്രീയാണ്. രണ്ടാമതാണ് അവളൊരു നടിയാകുന്നത്. ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല ദിലീപിന് ഇത്രയുമൊക്കെ ചെയ്യാനാകുമെന്ന്. അദ്ദേഹത്തിനു ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ടാകേണ്ടതായിരുന്നു. ഒരു നടന്‍ എന്ന നിലയ്ക്കു ജനങ്ങള്‍ നല്‍കിയ ബഹുമാനവും സ്നേഹവും മറക്കാന്‍ പാടില്ലായിരുന്നു.

അവളെ ഒറ്റപ്പെടുത്താത്ത തരത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കി ഈ ആഘാതത്തില്‍നിന്നു മുക്തമാകാന്‍ സഹായിക്കണം. അതു വഴി അവള്‍ക്കു വേണ്ടുന്ന ധാര്‍മ്മിക പിന്തുണ നല്‍കണം. അത് ഒരേസമയം മലയാള സിനിമയില്‍നിന്നും കേരളത്തിലെ ജനങ്ങളില്‍നിന്നുമുണ്ടാകണം. വനിതാ താര സംഘടന രൂപീകരിച്ചതിനു മലയാളികളെ അഭിനന്ദിക്കുകയാണ്. സംഘടിച്ചുനിന്നു പ്രശ്നങ്ങളെ സമീപിക്കാന്‍ കഴിയണം. മറ്റു ഭാഷകളിലും ഇതു സംഭവിക്കണം. ഈ സംഘടന പക്ഷേ, സിനിമയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. നിയമപരമായ പിന്തുണയും പൊലീസിന്റേയും ജുഡീഷ്യല്‍ സംവിധാനത്തിന്റേയും പിന്തുണയും ഉണ്ടാകണം. എങ്കിലേ പരിമിതികള്‍ മറികടക്കാനാവൂ.

OTHER SECTIONS