കൊച്ചുണ്ണിയും പക്കിയും ചേർന്നാൽ മാസ് ക്ലാസ് .. കായംകുളം കൊച്ചുണ്ണി റിവ്യൂ വായിക്കാം.

By BINDU PP .11 10 2018

imran-azhar


ചരിത്രത്താളുകളിൽ എഴുതിവെക്കപ്പെട്ട പെരുങ്കള്ളന്റെ കഥ തിയേറ്ററുകളിൽ ആരവ ആവേശങ്ങൾ ഉയർത്തി.കേരളത്തിൽ മാത്രം 351 തിയേറ്ററുകളെ കവർന്നെടുക്കാൻ കള്ളൻ കൊച്ചുണ്ണിയും കൂട്ടരും എത്തുമ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിനേടി. നിവിൻ പൊളി എന്ന നടന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷം. ഇത്തിക്കരപ്പക്കിയായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയാണ് മറ്റൊരാകര്‍ഷണം.

ബോബി സഞ്ജയ്- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരിക്കൽ കൂടി എത്തുമ്പോൾ പ്രിയപ്പെട്ട കള്ളന്റെ നേരും നെറിയും നന്മയും വീണ്ടും കൺനിറയെ കാണാം.  കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ അടിസ്ഥാനമാക്കി ഒരുക്കിയതാണ് സിനിമയുടെ തിരക്കഥ. കൊച്ചുണ്ണിയായുള്ള നിവിന്റെ പരിണാമവും ഇത്തിക്കരപ്പക്കിയായുള്ള മോഹൻലാലിന്റെ രംഗപ്രവേശനവും വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരുന്ന പ്രേക്ഷകനെ ചിത്രം നിരാശപെടുത്തിയില്ല.

 

 


മലയാളക്കര മറക്കാത്ത പെരുങ്കള്ളൻ.

പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂറിൽ ജീവിച്ചിരുന്ന പെരുങ്കള്ളന്റെ മലയാളികൾക്ക് അറിയാവുന്ന കഥകൾക്കപ്പുറമാണ് ബോബി- സഞ്ജയ് കൂട്ടുക്കെട്ടിന്റെ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്കൊപ്പം ചരിത്രത്തിൽ വരച്ചിട്ട മറ്റിടങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകാൻ റോഷൻ ആൻഡ്രൂസ് ചിത്രം കായകുളം കൊച്ചുണ്ണിക്ക് കഴിഞ്ഞു. അന്നത്തിന് വേണ്ടി ഭക്ഷണം മോഷ്ടിച്ച അച്ഛൻ ബാവുട്ടി തെറ്റ് എന്ന് പറഞ്ഞ് കഥ തുടങ്ങുമ്പോൾ, മറ്റുള്ളവന്റെ വയറുനിറക്കാൻ കള്ളനിനെക്കുള്ള കൊച്ചുണ്ണിയുടെ പരിണാമത്തെ മനോഹരമായി ചിത്രീകരിക്കാൻ കായകുളം കൊച്ചുണ്ണി ടീമിന് സാധിച്ചിട്ടുണ്ട്. തൊട്ടുകൂട്ടായ്മയ്ക്കും ,തീണ്ടികൂട്ടായ്മയ്ക്കും എതിരെ ശബ്ദം ഉയർത്തുന്ന കായകുളം കൊച്ചുണ്ണി തിയേറ്ററിൽ നിറഞ്ഞ കൈയ്യടിനേടി. കീഴാള പെണ്ണിന്റെ മാനംകാക്കുന്ന നന്മയുള്ള കള്ളനാവുന്ന കായകുളം കൊച്ചുണ്ണി സമൂഹത്തിന്റെ താഴത്തട്ടിൽ കഷ്ടതകൾ അനുഭവിക്കുന്നവരുടെ കണ്ണിലുണ്ണിയായി മാറുന്നത് സിനിമയിൽ കാണാൻ കഴിയും.

 

ചോവാൻ ചാടിയ കിണറ്റിലെ വെള്ളം അശുദ്ധിയായി സിനിമയിൽ പരാമർശിക്കുമ്പോൾ രോക്ഷാകുലരായ നായര് പറയുന്നുണ്ട് ബ്രാഹ്മണൻ എടുത്ത് ചാടി വെള്ളം ശുദ്ധികലശം ചെയ്യാൻ , അശുദ്ധി എന്ന പേരിൽ മൂടപ്പെട്ട കിണറിനെ കൊച്ചുണ്ണി കായകുളം കൊച്ചുണ്ണിയായി മാറിയതിന്റെ അറിയിപ്പായി തകർത്തെറിയുന്നത് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി നേടി.ബ്രാഹ്മണ മേധാവിത്വത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവുകൂടിയായി കൊച്ചുണ്ണി ചിത്രീകരിക്കപ്പെടുന്നു. കാലം മായ്ക്കാത്ത ജാതിയുടെ മുറിവുകളെയും അരികുവത്കരിക്കപ്പെട്ടവർ ഇനിയുമുറക്കെ സംസാരിക്കമെന്നും കൊച്ചുണ്ണി ഓർമ്മിപ്പിക്കുന്നു. മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട് തിരുവനന്തപുരത്തെ ജയിലിൽ കൊച്ചുണ്ണിയെ തൂക്കിലേറ്റിയെന്ന് ചരിത്രം പറയുമ്പോൾ ഒറ്റിലൂടെയും ചതിയിലൂടെയും ഉറ്റവർ കീഴ്പ്പെടുത്തിയ കൊച്ചുണ്ണിക്ക് പിൽക്കാലത്ത് സംഭവിച്ചത് മറ്റൊന്നായിരുന്നു വെന്ന് ചിത്രം പറയുന്നു.

 

 

കൈയ്യടിനേടി ഇത്തിക്കര പക്കി.

നിവിൻ പോളി എന്ന റൊമാന്റിക് ഹീറോയുടെ കരുത്തുറ്റ വേഷമായിരുന്നുവെന്ന് പറയാം. മെയ്ക്കരുത്തും അഭ്യാസ മുറകളും വളരെ ഭേദപ്പെട്ട നിലയിൽ നിവിൻ പകര്‍ന്നാടിയിട്ടുണ്ട്‌. എന്നാൽ ആദ്യ പകുതിയിൽ നിന്ന് വ്യത്യസ്തമായ മേക്കോവറിലാണ് നിവിൻ രണ്ടാം പകുതിയിൽ എത്തുന്നത്. ചിത്രത്തിലെ ഇത്തിക്കരപ്പക്കിയുടെ സ്ക്രീനിലെത്തുമ്പോൾ നിറഞ്ഞ കൈയ്യടിയാണ് നേടിയത്. ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രത്തെ വേഷം കൊണ്ടും വഴക്കം കൊണ്ടും മോഹൻലാൽ കൈക്കുള്ളിലൊതുക്കി. ഏറെനേരം സ്ക്രീനിൽ തങ്ങിനിൽക്കുന്നില്ലെങ്കിലും കൊച്ചുണ്ണിയുടെ ജീവിതത്തിൽ ഇത്തിക്കരപ്പക്കി എന്ന കഥാപത്രം ഉണ്ടാക്കിയ സ്വാധിനം ചിത്രത്തിൽ ഉയർത്തികാണിക്കുന്നുണ്ട്.


ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ നിര്‍മ്മിച്ചത് ഗോകുലം ഗോപാലനാണ്. നിവിന്‍ പോളി കൊച്ചുണ്ണിയായി എത്തുമ്പോള്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയായി എത്തുന്നത്. അതിഥി താരമായെത്തുന്ന മോഹന്‍ലാല്‍ ചിത്രം തന്നെ കവര്‍ന്നെടുതുവെന്ന് പറയാം. പ്രിയ ആനന്ദാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചരിത്രമുഹൂർത്തങ്ങൾക്കൊപ്പും ഒഴുകുന്ന ഗോപീ സുന്ദറിന്റെ സംഗീതവും പ്രമുഖ ഛായാഗ്രാഹകരായ ബിനോദ് പ്രധാൻ, നീരവ് ഷാ എന്നിവരുടെ കാമറയും ചിത്രത്തിന്റെ മാറ്റ് പതിന്മടങ്ങ് മികച്ചതാക്കുന്നു. പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി, ഇടവേള ബാബു, സുധീർ കരമന, മണികണ്ഠൻ ആചാരി, ഷൈം ടോം ചാക്കോ തുടങ്ങി നെടുനീളൻ താരനിര കൊച്ചുണ്ണിയുടെ ചരിത്രപശ്ചാത്തലത്തിന് കരുത്തു പകരുന്നു.