By V.G.Nakul.18 Oct, 2017
അപ്രതീക്ഷിതമായതൊന്നും മെര്സലിലില്ല. പതിവു പോലെ ദളപതിയുടെ രസികര്‍ക്കുള്ള ദീപാവലി വെടിക്കെട്ടായി സിനിമ മാറുന്നു. ഇളയ ദളപതിയില്‍ നിന്നും ദളപതിയിലേക്കുള്ള ചുവടു മാറ്റം പിഴച്ചില്ല. എം.ജി.ആറിനും രജനീകാന്തിനും ശേഷം തമിഴ് തിരയുലകത്തിന്റെ താരചക്രവര്ത്തിയായാകുവാനുള്ള വിജയ്യുടെ യാത്രയില്‍ മറ്റൊരു വിജയം കൂടി. ആട്ടവും പാട്ടും പ്രണയവും ചിരിയും അടിയിടി വെടി വെട്ടുമൊക്കെയായി ഒരു മാസ് മസാല എന്റര്‍ടൈനറായി സംവിധായകന് ആറ്റ്ലീ മെര്‍സലിനെ അണിയിച്ചൊരുക്കി. പുട്ടിനു പീരയെന്ന പോലെ സാമൂഹികപ്രതിബന്ധതയിലൂന്നിയുള്ള കഥാഗതിയും.
സ്ഥിരം വിജയ് സിനിമകളുടെ ചേരുവകള്‍ തന്നെ മെര്‍സലിലും. കഥയിലും കാര്യമായ മാറ്റമില്ല. എന്നാല്‍ അതിനെ അവതരിപ്പിച്ചിരിക്കുന്ന രീതി സിനിമയെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലെത്തിക്കുന്നു. ഒപ്പം ഓരോ രംഗത്തിലും ഊര്‍ജ്ജം നിറയ്ക്കുന്ന വിജയ്യുടെ പ്രകടനം കൂടി ചേരുമ്പോള്‍ മെര്‍സല്‍ തനി ആഘോഷ സിനിമയായി മാറുന്നു.
സംവിധായകനും വിജയേന്ദ്ര പ്രസാദും ചേര്‍ന്നെഴുതിയ തിരക്കഥ അവിടവിടെ പല സംശയങ്ങളും അവശേഷിപ്പിക്കുന്നു. അതിനെ ദൃശ്യപരിചരണത്തിലെ വേഗത്താല്‍ മറികടക്കുന്നതില്‍ സംവിധായകനായി. ചില കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ ആശയക്കുഴപ്പങ്ങള്‍ കല്ലു കടിയാകുന്നു. എന്നാല്‍ അതൊന്നും മെര്‍സല്‍ പോലെ ഒരു സിനിമയില്‍ ആരോപിക്കുന്നതില്‍ തന്നെ തെറ്റുണ്ടല്ലോ.
ആതുര സേവന രംഗത്തെ കച്ചവടവും മനുഷ്യത്വ രഹിതമായ ഇടപെടലുകളുമാണ് കഥയുടെ അടിസ്ഥാന കേന്ദ്രം. അതിനൊപ്പം അച്ഛനു വേണ്ടി പ്രതികാരം ചെയ്യുന്ന രണ്ടു മക്കളുും അവരുടെ ജീവിതവും. അച്ഛനായും മക്കളായും വിജയ് കസറി. തന്റെ സ്ഥിരം മാനറിസങ്ങളെ വേണ്ടും വിധം പ്രയോജനപ്പെടുത്തി ആരാധകരുടെ കയ്യടി വാങ്ങാന്‍ അദ്ദേഹത്തിനായി. അച്ഛന് കഥാപാത്രമായ വെട്രി മാരനെ സിനിമയിലാകെ എല്ലാവരും ദളപതി എന്നു വിളിക്കുന്നതിലും താര ശരീരമെന്ന നിലയില്‍ വിജയ്യെ കഥയ്ക്കുള്ളിലുറപ്പിച്ചു നിര്‍ത്തുവാനുള്ള തീരുമാനം തന്നെ പ്രധാനം. നായികമാരില്‍ കഥാപാത്രമെന്ന നിലയില്‍ അസ്തിത്വമുള്ള ഒരാള്‍ നിത്യ മേനോന് മാത്രം. സമന്തയയും കാജല്‍ അഗര്‍വാളും ശൈലീകൃത കഥാപാത്രങ്ങളായി ഒടുങ്ങി.
വിജയ്യുടെ വണ്‍ മാന്‍ ഷോ ആയി മാറുമ്പോഴും പ്രകടനത്താല്‍ സിനിമയില്‍ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കിയ രണ്ടു പേര് വടിവേലുവും എസ്.ജെ സൂര്യയുമാണ്. ഇനിയും ചിരിപ്പിക്കുവാന്‍ ഒരു ബാല്യം ശേഷിക്കുന്നതായി വടിവേലുവും തന്നിലെ നടന്റെ അപാര സാധ്യതകളിലേക്കുള്ള പ്രവേശന കവാടമാണ് മെര്‍സലെന്ന് സൂര്യയും തെളിയിച്ചു.
എ.ആര് റഹ്മാന്റെ സംഗീതം സിനിമയുടെ മെച്ചമായി. ഛായാഗ്രഹണവും ആക്ഷനും നന്നായി. എഡിറ്റിങ്ങിലും കൊറിയോഗ്രഫിയിലും പാളിച്ചകളുണ്ടായി.
ചുരുക്കത്തില്‍ സംവിധായകനെന്ന നിലയില്‍ സാധാരണക്കാരായ പ്രേക്ഷകരുടെ രുചിയറിയുന്ന ആറ്റ്ലീയും വിജയ് എന്ന താര ബിംബവുമാണ് കുറവുകളുണ്ടായിട്ടും മെര്‍സലിനെ ഒരു മികച്ച കാഴ്ചാനുഭവമാക്കി മാറ്റുന്നത്. എന്തായാലും ഒരു വന്‍ ഹിറ്റുറപ്പിക്കാം. ഇനി കുറേക്കാലം തിയേറ്ററുകളില്‍ മെര്‍സല്‍ ദീപാവലി........