ബ്ലോഗെഴുതാനിരിക്കുമ്പോള്‍ വിഷയത്തെ കുറിച്ച് പഠിക്കണമായിരുന്നു: മോഹന്‍ലാലിനെതിരെ എം സ്വരാജ്

By Farsana Jaleel.24 Nov, 2016

imran-azhar

 

ബ്ലോഗെഴുതാനിരിക്കുമ്പോള്‍ വിഷയത്തെ കുറിച്ച് പ്രാഥമികമായെങ്കിലും മനസ്സിലാക്കാനും പഠിക്കാനും മോഹന്‍ലാല്‍ തയ്യാറാവണമായിരുന്നെന്ന് എം.സ്വരാജ് എം.എല്‍.എ. രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ബ്ലോഗെഴുതിയ മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഇതുവരെയും അറുതിയില്ല. ലാലിന്റെ ബ്ലോഗ് നവമാധ്യമങ്ങളില്‍ പ്രത്യക്ഷമായിട്ട് രണ്ടു ദിവസം പിന്നിട്ടുവെങ്കിലും വിമര്‍ശനങ്ങള്‍ തെല്ലു നീങ്ങാതെ മോഹന്‍ലാലും ലാലെഴുതിയ ബ്ലോഗും ഇന്നും സാമൂഹ്യമാധ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

 

മോഹന്‍ലാലിനെ പോലൊരാള്‍ ഒരു വിഷയത്തെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ നല്ല സൂക്ഷ്മതയും ജാഗ്രതയും പാലിക്കേണ്ടതുണ്ടെന്നും ബ്ലോഗെഴുതാനിരിക്കുമ്പോള്‍ വിഷയത്തെകുറിച്ച് പ്രാഥമികമായെങ്കിലും മനസ്സിലാക്കാനും പഠിക്കാനും അദ്ദേഹം തയ്യാറാവേണ്ടതായിരുന്നുവെന്നും സ്വാരജ് മോഹന്‍ലാലിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചു. വിഢിത്തം പറയാനും കോമാളിയാവാനും ക്യാമറ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളുവെന്നും സിനിമയ്ക്ക് പുറത്ത് ഇത്തരം കോമാളി വേഷങ്ങള്‍ ആരും ഇഷ്ടപ്പെട്ടെന്ന് വരില്ലെന്നും സ്വരാജ് വ്യക്തമാക്കി.

 

രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് ഉയര്‍ന്ന നോട്ടുകള്‍ അസാധുവാക്കിയ വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മഹാനടന്‍ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തു കടക്കണമെന്നും ഇന്ത്യയിലെ ജനപഥങ്ങളിലേക്കൊന്ന് കണ്ണോടിക്കണമെന്നും സ്വരാജ് ഓര്‍മ്മിപ്പിച്ചു. മോദിയുടെ ഈ പുതിയ പരിഷ്‌കാരത്തിന് ശേഷം പാര്‍ലമെന്റിനെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ജനാധിപത്യ മര്യാദയും കാണിക്കാത്ത മോദിയെ മോഹന്‍ലാല്‍ സല്യൂട്ട് ചെയ്യുമോ എന്നാണ് സ്വരാജിന്റെ ചോദ്യം.

 

കേരള മുഖ്യമന്ത്രി ഉള്‍പ്പെടുന്ന സര്‍വ്വകക്ഷിസംഘത്തെ കാണാനുള്ള സാമാന്യ മര്യാദപോലും പ്രകടിപ്പിക്കാത്ത പ്രധാനമന്ത്രിയെ ലാല്‍ സല്യൂട്ട് ചെയ്യുമോയെന്നും വീണ്ടും സ്വരാജ് ചോദ്യമുന്നയിക്കുകയാണ്. ഇത്തരം ഏകാധിപതികള്‍ക്കും അവരുടെ അരാജക ഭരണത്തിനും പിന്നീട് എന്തു സംഭവിച്ചുവെന്ന് കൂടി ഇന്ന് സല്യൂട്ടടിക്കുന്നവര്‍ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കുമെന്നും സ്വരാജ് വ്യക്തമാക്കി.

OTHER SECTIONS