സിനിമകൾ സമയം എടുത്തു ചെയ്യണമെന്ന് മാധവൻ; അതിനിപ്പോ ഞാനെന്ത് ചെയ്യാനാ... എന്ന് അക്ഷയ്

By santhisenanhs.03 07 2022

imran-azhar

 

നല്ല സിനിമകൾ ചെറിയ സമയം കൊണ്ട് ഉണ്ടാക്കാൻ സാധിക്കില്ലെന്ന നടൻ മാധവന്റെ പരാമർശത്തിന് മറുപടിയുമായി നടൻ അക്ഷയ് കുമാർ. മാധവന്റെ പരാമർശം പരോക്ഷമായി അക്ഷയ് കുമാറിനെയാണ് ഉദ്ദേശിച്ചത് എന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് അക്ഷയ് കുമാറിൻറെ പ്രതികരണം.

 

പുഷ്പ-ദി റൈസ്, ആർ.ആർ.ആർ പോലെയുള്ള ചിത്രങ്ങൾ ഒരു വർഷം എടുത്താണ് ഷൂട്ടിംഗ് നടത്തിയത്. അതിനാൽ തന്നെ മൂന്നാല് മാസം കൊണ്ട് ചിത്രീകരിച്ച സിനിമകളെക്കാൾ പ്രേക്ഷകർ ഈ സിനിമകൾക്ക് പ്രധാന്യം നൽകും എന്നാണ് മാധവൻ പറഞ്ഞത്. റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലായിരുന്നു മാധവന്റെ പ്രതികരണം.

 

അക്ഷയ് കുമാറിനെ ഉദ്ദേശിച്ചാണ് മാധവൻറെ കമൻറ് എന്നതായിരുന്നു ഇതിനെ പലരും വിശേഷിപ്പിച്ചത്. അടുത്തിടെ ഇറങ്ങി തീയറ്ററിൽ വൻ പരാജയമായ സാമ്രാട്ട് പൃഥ്വിരാജ് എന്ന അക്ഷയ് ചിത്രത്തിൻറെ നിർമ്മാതാവും സംവിധായകനും അടക്കം അക്ഷയ് കുമാറിൻറെ തിരക്ക് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് മാധവൻറെ കമൻറ്. അതിനാൽ അക്ഷയ് കുമാറിനുള്ള വിമർശനമായി ചില ഓൺലൈനുകളിൽ വാർത്ത വന്നു.

 

പുതിയ ചിത്രമായ രക്ഷാ ബന്ധൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് ഇതിന് ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് അക്ഷയ് കുമാർ. ഞാൻ ഇപ്പോൾ എന്താണ് പറയുക. എന്റെ സിനിമകൾ പെട്ടന്ന് തന്നെ ഷൂട്ടിംഗ് തീരുന്നു. അതിന് ഞാൻ എന്ത് ചെയ്യാനാണ്. എനിക്ക് ഇപ്പോൾ ഇതിൽ എന്താണ് ചെയ്യാൻ സാധിക്കുക. എന്റെ സിനിമ പെട്ടന്ന് ഷൂട്ട് കഴിയുന്നു. സംവിധായകൻ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാൽ ഞാൻ ഇനി തല്ലുകൂടണോ? എന്നായിരുന്നു മാധവൻറെ പരാമർശം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി.

 

അതേ സമയം തിയറ്ററുകളിൽ വലിയ പ്രതീക്ഷയോടെയെത്തി ബോക്സ് ഓഫീസിൽ പരാജയം നേരിട്ട സമീപകാല ബോളിവുഡ് സിനിമകളുടെ തുടർച്ചയായിരുന്നു അക്ഷയ് കുമാർ നായകനായെത്തിയ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം ഒടിടി റിലീസായി. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിൻറെ സ്ട്രീമിംഗ്. ജൂലൈ 1 ആണ് ചിത്രം ആമസോണിൽ എത്തിയത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രൈമിൽ ചിത്രം കാണാനാവും.

 

അതേസമയം സമീപകാല ബോളിവുഡിൽ തിയറ്ററുകളിൽ വലിയ പരാജയം നേരിട്ട ചിത്രം കൂടിയാണ് ഇത്. 200 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിൻറെ ഇന്ത്യൻ കളക്ഷൻ 70 കോടിയിൽ താഴെയേ വരൂ. റിലീസ് ചെയ്യപ്പെട്ട വിദേശ മാർക്കറ്റുകളിലും മോശം പ്രകടനമായിരുന്നു. ആഗോള ബോക്സ് ഓഫീസിൽ 90 കോടിക്ക് താഴെയാണ് ചിത്രത്തിൻറെ കളക്ഷനെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.

OTHER SECTIONS