മനം നിറക്കുന്ന മത്തായി

By anju.06 07 2019

imran-azhar

ലോകത്തെ മുഴുവന്‍ സ്‌നേഹിക്കുന്ന അന്യന്റെ ജീവിതത്തില്‍ സന്തോഷം നിറക്കുന്ന മത്തായി എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ കഥയാണ് സംവിധായകന്‍ സനല്‍ കളത്തിലിന്റെ മാര്‍ക്കോണി മത്തായി.

 

മത്തായി നേരിടേണ്ടി വരുന്ന പ്രശ്‌നത്തെ പരിഹരിക്കാനായി ലോകം ഒറ്റക്കെട്ടായി അണിനിരക്കുമ്പോള്‍ ഉണ്ടാകുന്ന ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് കഥാതന്തു. ആര്‍മിയിലായിരുന്ന മത്തായിക്ക് നാലു പെങ്ങള്‍മാരായിരുന്നു. ഇവരെ കെട്ടിച്ച് വിടാനുള്ള തിരക്കില്‍ മത്തായി വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല.

 

ആര്‍മിയില്‍ നിന്ന് തിരികെ നാട്ടിലെത്തിയ മത്തകായി കുടുംബത്തില്‍ നിന്ന് ഒറ്റപ്പെട്ട് വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന തുരുത്തിലാണ് താമസിച്ചിരുന്നത്. ഇതൊക്കെയാണെങ്കിലും ആരോടും പരിഭവമേതുമില്ലാതെ മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വേണ്ടി ചിരിച്ച് നടക്കുന്ന ഒരാളാണ്.

 

മത്തായിയായെത്തുന്നത് മലയാളത്തിലെ കുടുബ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്ന ജയറാമാണ്. അഞ്ചങ്ങാടി സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായ മത്തായിക്ക് ബാങ്കിലെ തന്നെ തൂപ്പുകാരിയായ അന്നയോട് പ്രണയം തോന്നുന്നു.അത്മീയ രാജനാണ് അന്നയുടെ വേഷത്തില്‍ എത്തുന്നത്. അന്നയുമായി പ്രണത്തിലാകുന്ന മാര്‍ക്കോണിയുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും അതുമൂലം നാട്ടിലും ബാങ്കിലും ഉണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് മാര്‍ക്കോണി മത്തായിയില്‍ സനല്‍ കളത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

 

സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്ന ചിത്രം കൂടിയാണ് മാര്‍ക്കോനി മത്തായി. സിദ്ധാര്‍ത്ഥ് ശിവ, അജു വര്‍ഗ്ഗീസ്, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ്, ജോയി മാത്യു, ടിനി ടോം, മരേന്‍, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ, ശോഭ സിംഗ്, അലാര്‍ക്കലി തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

 

സാജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ ചെയ്യുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. ചിത്രത്തിന്റെ കലാസംവിധാനം സാലു കെ. ജോര്‍ജ്ജ്.

OTHER SECTIONS