ലാലേട്ടനോട് പകരം വീട്ടാന്‍ മമ്മൂക്ക........ഇടിക്കുളയേക്കാള്‍ എഡ്ഡി കലക്കുമോ?

By Farsana Jaleel.23 Nov, 2017

imran-azhar

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മാസ്റ്റര്‍ പീസിന്റെ ടീസര്‍ ഇന്നിറങ്ങും. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ടീസറെത്തും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലമായി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങള്‍ കൊച്ചിയിലായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തെ കൊച്ചിയിലെ ചിത്രീകരണത്തോടു കൂടി മമ്മൂട്ടിയുടെ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

 

എഡ്ഡി എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ അതിലേറെ കുഴപ്പക്കാരനായ പ്രൊഫസറായെത്തുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേത്. കോളേജിലെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി. തുടര്‍ന്ന് ക്യമ്പസില്‍ ഉണ്ടാകുന്ന സംഭവങ്ങളും മറ്റുമാണ് ചിത്ര പശ്ചാത്തലം. ഇതേ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായിരുന്നതിനാലാണ് എഡ്ഡിയെ തന്നെ പ്രിന്‍സിപ്പല്‍ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്. എഡ്ഡി പഠിച്ചിരുന്നപ്പോള്‍ ആ കോളേജില്‍ എഡ്ഡിയോളം പ്രശ്നക്കാരനായ മറ്റൊരു വിദ്യാര്‍ത്ഥി ഉണ്ടായിരുന്നില്ല.

 

അടുത്തിടെ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലും കോളേജ് പ്രൊഫസറായാണ് എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടി പ്രൊഫസറായെത്തുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ചിത്രീകരണം പൂര്‍ത്തിയായി ടീസറും പുറത്തിറങ്ങുന്നു. ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ഇടക്കുളയാണോ അതോ എഡ്ഡിയാണോ നല്ല പ്രൊഫസറെന്ന് കാത്തിരുന്ന് കാണാം. ഇതിനായി ആരാധകരും കാത്തിരിക്കുകയാണ്.

 

പൂനം ബജ്വയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായി എത്തുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മിയും പൊലീസ് ഉദ്യാഗസ്ഥനായി ഉണ്ണി മുകുന്ദനും വേഷമിടുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഹിമ നമ്പ്യാര്‍, മുകേഷ്, ഗോകുല്‍ സുരേഷ് ഗോപി, മഖ്ബൂല്‍ സല്‍മാന്‍, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, സിജു ജോണ്‍, സുനില്‍ സുഗദ, പാഷാണം ഷാജി, അര്‍ജുന്‍, ബിജു കുട്ടന്‍, അശ്വിന്‍, ദിവ്യദര്‍ശന്‍, ജോഗി, കൈലാഷ്, അജ്മല്‍ നിയാസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഇവരെ കൂടാതെ ആയിരത്തിലേറെ കോളേജ് വിദ്യാര്‍ത്ഥികളും ചിത്രത്തില്‍ അണിനിരക്കുന്നു.

 

മാസ്റ്റര്‍ ഓഫ് മാസസ് എന്ന ടാഗ്ലൈനാണ് ചിത്രത്തിന്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ കഥാകൃത്ത് ഉദയകൃഷ്ണയാണ് രചന. റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സി.എച്ച്.മുഹമ്മദ് കോടികള്‍ ചെലവിട്ട് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രം കൂടിയാണ് മാസ്റ്റര്‍ പീസ്. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിര്‍വ്വഹിക്കും.

OTHER SECTIONS