ആദ്യ ദിനം തന്നെ പുലിമുരുകന്റെ റെക്കോര്‍ഡ് ഭേദിച്ച് മുന്തിരി വള്ളികള്‍

By Farsana Jaleel.20 Jan, 2017

imran-azhar

 

റെക്കോര്‍ഡ് കളക്ഷനോടെ മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമായി ചരിത്രം കുറിച്ച പുലിമുരുകന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ തയ്യാറായി മുന്തിരി വള്ളികള്‍. തുടക്കത്തില്‍ തന്നെ പുലിമുരുകന്റെ റെക്കോര്‍ഡ് ഭേദിച്ചു കൊണ്ടാണ് മുന്തിരി വള്ളികള്‍ തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ആദ്യദിനം 330 തിയേറ്ററുകളില്‍ പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 337 തിയേറ്ററുകളാണ് ജിബു ജേക്കബിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ കീഴടക്കിയിരിക്കുന്നത്.

 

കേരളത്തിന് പുറത്ത് ഗോവ, ഗുജറാത്ത്, ബംഗ്‌ളൂരു, മൈസൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, തിരുപ്പൂര്‍, പൂനെ തുടങ്ങീ ഇന്ത്യയൊട്ടാകെയാണ് പ്രദര്‍ശന ദിനം തന്നെ ചിത്രം തിയേറ്ററുകളിലെത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനായിരുന്നു. ഒപ്പം 60 കോടിയും പുലിമുരുകന്‍ 150 കോടിയും കടന്ന് റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. മുന്തിരിവള്ളികള്‍ കൂടി വിജയിച്ചാല്‍ മലയാളത്തില്‍ മോഹന്‍ലാലിന് ഹാട്രിക്ക് ഹിറ്റ് സ്വന്തമാക്കാം.

 

റിലീസ് തര്‍ക്കങ്ങളെ അതിജീവിച്ചാണ് മുന്തിരി വള്ളികള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് തുടക്കത്തില്‍ തന്നെ ലഭ്യമായിരിക്കുന്നത്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായും ഭാര്യ ആനിയായി മീനയും ചിത്രത്തില്‍ വേഷമിടുന്നു. വി.ജെ.ജെയിംസിന്റെ 'പ്രണയോപനിഷത്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജാണ്. വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

OTHER SECTIONS