മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

By V.G.Nakul.20 Jan, 2017

imran-azhar

ഉലഹന്നാന്റെ കുടുംബ ചിത്രം

 

പുലി മുരുകന്‍ കണ്ടതിന്റെ ആവേശമടങ്ങാത്ത ആരാധകര്‍ക്ക് വേണ്ടിയല്ല മോഹന്‍ലാല്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ അഭിനയിച്ചത് എന്ന സത്യം തിരിച്ചറിയുകയാണ് പ്രധാനം. അവിടെ നിങ്ങള്‍ക്കീ സിനിമ ഇഷ്ടമായിത്തുടങ്ങും. മൂന്ന് മണിക്കൂര്‍ അതിഭാവുകത്വങ്ങളില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമ. അതിലപ്പുറം നമുക്ക് പരിചിതരായ ചില മനുഷ്യരെ അനുസ്മരിപ്പിക്കുന്ന കഥാപാത്രങ്ങളും, കഥാ സന്ദര്‍ഭങ്ങളും.

 

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഒരു കുടുംബസിനിമയാണ്. ഒരു കുടുംബത്തിന്റെ, ആ കുടുംബവുമായി ബന്ധപ്പെടുന്ന മറ്റ് ചില കുടുംബങ്ങളുടെ കഥ. ഒരു വീടിനുള്ളില്‍ സംഭവിക്കുന്ന, സംഭവിക്കുവാന്‍ സാധയതയുള്ള കുറച്ച് കാര്യങ്ങള്‍. അതിനൊരു ലളിതമായ തുടക്കവും, ഒടുക്കവും. എന്നാലാ സമയത്തിനുള്ളില്‍ നിന്ന് ചിലതൊക്കെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ സിനിമ. ആ ഓര്‍മ്മപ്പെടുത്തലിന്റെ ലാളിത്യവും, ഭംഗിയുമാണ് ഈ സിനിമയെ വേറിട്ടതാക്കുന്നത്.

 

പഞ്ചായത്ത് സെക്രട്ടറിയാണ് ഉലഹന്നാന്‍. വീട്ടിലും, നാട്ടിലും ഗൗരവപ്രകൃതക്കാരനായ, കൂട്ടുകാര്‍ക്കൊപ്പം മദ്യപാന സദസ്സില്‍ പങ്കാളിയാകുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന ഒരു മധ്യവര്‍ഗ്ഗ മലയാളി കുടുംബനാഥന്‍. ഭാര്യ ആനിയമ്മയും, പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായ മൂത്ത മകളും, സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഇളയ മകനും. ഭാര്യയോടും മക്കളോടും പോലും സ്‌നേഹ വര്‍ത്തമാനങ്ങളില്ലാത്ത അയാളുടെ ജീവിതത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിട്ടു പിരിഞ്ഞ പ്രണയിനി വീണ്ടും എത്തിച്ചേരുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയെ രസകരമാക്കുന്നത്. അത് അയാളെ വീണ്ടും പ്രണയിക്കുവാന്‍ പ്രേരിപ്പിക്കുന്നു. അതേ തുടര്‍ന്ന് അയാളെത്തിച്ചേരുന്ന അബദ്ധങ്ങളും, ഒടുവില്‍ സ്വന്തം ഭാര്യയെ തന്നെ പ്രണയിച്ചാലെന്ത് എന്ന ചിന്തയുമാണ് കഥാഗതിയെ നിര്‍ണ്ണയിക്കുന്നത്. അതിനൊപ്പം ഉലഹന്നാന്റെ മകളിലൂടെ പുതിയ കാലത്തിന്റെ പ്രണയവും, അതിന്റെ രീതികളും സിനിമ വരയുന്നു.

 

ഉലഹന്നാല്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ അനായാസ പ്രകടനത്താല്‍ അമ്പരപ്പിക്കുന്നു. അമാനുഷിക കഥാപാത്രങ്ങളില്‍ നിന്നിറങ്ങി, താന്‍ മലയാളികള്‍ക്ക് സ്വീകാര്യനായ കഥാപാത്ര രൂപത്തിലേക്ക് അദ്ദേഹം വീണ്ടും പ്രവേശിക്കുന്നതിന്റെ സൂചനകള്‍ ചിത്രത്തില്‍ കാണാം. ആനിയമ്മയായി മീനയും, മക്കളായി ഐമ സെബാസ്റ്റിയന്‍, മാസ്റ്റര്‍ സനൂജ് എന്നിവരും തങ്ങളുടെ ഭാഗം സുരക്ഷിതമാക്കി. അനൂപ് മേനോന്‍, അലന്‍സിയര്‍ ലേ, കലാഭവന്‍ ഷാജോണ്‍ എന്നിവരും നന്നായി.

 

ഹാസ്യത്തിനും, കുടുംബ ബന്ധങ്ങള്‍ക്കും സിനിമയില്‍ സ്ഥാനമുണ്ട്. ചിരിക്കുള്ള വക സമ്മാനിക്കുന്ന അവസരങ്ങള്‍ നിരവധി. ഒരു വീടിനുള്ളില്‍ സംഭവിക്കുന്ന കാഴ്ചകള്‍ മടുപ്പില്ലാതെ കാണാവുന്ന തരത്തില്‍ പാകപ്പെടുത്തിയിരിക്കുന്നതും ശ്രദ്ധേയം. ഗാനങ്ങളും, ഛായാഗ്രഹണവും നന്ന്. പശ്ചാത്തല സംഗീതം ശരാശരിക്ക് താഴെ.

 

എം. സിന്ധുരാജിന്റെ തിരക്കഥയില്‍ ജിബു ജേക്കബ്ബിന്റെ സംവിധാനം മെച്ചമാണ്. ചുരുക്കത്തില്‍ വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ കുടുംബത്തിനൊപ്പം കാണാവുന്ന ഒരു നല്ല ചിത്രം തന്നെ.

loading...

OTHER SECTIONS