'നീയാണെൻ പ്രണയം', പ്രേക്ഷകർ ഏറ്റെടുത്ത് സംഗീത നൃത്ത ആൽബം

By Sooraj Surendran.11 07 2021

imran-azhar

 

 

സിനിമാ ഗാനങ്ങള്‍ക്കൊപ്പം തന്നെയും മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ക്കും മികച്ച സ്വീകാര്യത നല്‍കാറുളളവരാണ് ആസ്വാദകർ. കേള്‍ക്കാന്‍ രസമുളള പാട്ടുകളാണ് ഇറങ്ങുന്നതെങ്കില്‍ അത് യൂടുബില്‍ ഹിറ്റാവാറുണ്ട്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായൊരു മ്യൂസിക്കല്‍ ആല്‍ബമാണ് 'നീയാണെൻ പ്രണയം'. അർച്ചന ഗോപിനാഥ് സംഗീതം നൽകി ആലപിച്ച്, നർത്തകി നീന ചെറിയാൻ നൃത്താവിഷ്കാരം നിർവഹിച്ചിരിക്കുന്ന 'നീയാണെൻ പ്രണയം' എന്ന മ്യൂസിക്കൽ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.


പ്രണയാര്‍ദ്രമായൊരു പാട്ടും രംഗങ്ങളും മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രിയ താരങ്ങളായ ജയസൂര്യ, ഇന്ദ്രജിത്ത്, മഞ്ജുവാര്യർ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട മ്യൂസിക്കൽ ആൽബം 'muzik247' എന്ന യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. അർച്ചന ഗോപിനാഥ് ഇതിനോടകം തന്നെ നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമായ ഹരിഹരനൊപ്പം 'ആരൊരാൾ മഞ്ഞുപോൽ' എന്ന ഡ്യുവറ്റ് ഗാനം ആലപിച്ചുകൊണ്ടാണ് അർച്ചന സംഗീത ലോകത്തേക്ക് കാലെടുത്തുവെക്കുന്നത്. ദേവരാജൻ മാസ്റ്റർക്ക് വേണ്ടി ഒരു ഗാനവും അർച്ചന കംപോസ് ചെയ്തിട്ടുണ്ട്. പൂവച്ചൽ ഖാദറിന്റേതായിരുന്നു രചന. ബാലഭാസ്കർ, റോണി റാഫേൽ, ജാസിഗിഫ്റ്റ് തുടങ്ങി പ്രഗത്ഭന്മാരുടെ ആൽബങ്ങളിലൂടെ ശ്രദ്ധേയയാണ് നീന ചെറിയാൻ.

 

അർച്ചന ഗോപിനാഥ്വർഷങ്ങൾ നീണ്ട ഇടവേളക്ക് ശേഷം നീന ഈ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് മ്യൂസിക്കൽ ആൽബത്തിന്. 'നീയാണെൻ പ്രണയം' എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സ്മിത സലിം ആണ്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രാജീവ് വിജയ് ആണ്. സനിൽ തോമസ് ആണ് മ്യൂസിക്കൽ വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത് നാഷണൽ അവാർഡ് ജേതാവ് കൂടിയായ എം.ആർ രാജകൃഷ്ണൻ ആണ്. സ്റ്റേറ്റ് അവാർഡ് ജേതാവായ അരവിന്ദ് മന്മഥനാണ് ഈ മ്യൂസിക്കൽ ആൽബത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

 

 

ഒറ്റ ദിവസം കൊണ്ട് തന്നെ കാൽലക്ഷത്തോളം ആസ്വാദകരാണ് മ്യൂസിക്കൽ വീഡിയോ കണ്ടത്. പ്രഗത്ഭരായ സംഗീത സംവിധായകർ, പിന്നണി ഗായകർ ഉൾപ്പെടെ നിരവധി പേരാണ് ഈ സംഗീത-നൃത്ത ആൽബം ഏറ്റെടുത്തിരിക്കുന്നത്. അർച്ചനയ്ക്ക് സംഗീതത്തോടും, നീനയ്ക്ക് നൃത്തത്തോടുമുള്ള അഭിരുചിയുടെ സമന്വയമാണ് ഈ സംഗീത നൃത്താവിഷ്കാരം. സംഗീതത്തിനും, നൃത്തത്തിനും ഒരു പോലെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിന് വളരെ മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

OTHER SECTIONS