അഞ്ഞൂരാനായി നിവിന്‍ പോളി

By Farsana Jaleel.12 Oct, 2017

imran-azhar

 

എന്‍ എന്‍ പിള്ളയായി നിവിന്‍ പോളി. നടന്‍, നാടകാചാര്യന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ എന്‍ എന്‍ പിള്ളയുടെ ജീവിതം സിനിമയാകുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ എന്‍ എന്‍ പിള്ളയായെത്തുന്നത്. എന്‍ എന്‍ പിള്ളയുടെ സംഭവ ബഹുലമായ ജീവിത സാഹചര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

 

നിവിന് പിറന്നാള്‍ സമ്മാനമായി രാജീവ് രവി ഇക്കാര്യം നിവിന്റെ പിറന്നാള്‍ ദിനത്തിലാണ് പുറത്തുവിട്ടത്. രാജീവ് രവിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിയുക എന്നത് വലിയൊരു ആദരവായി കാണുന്നുവെന്നാണ് നിവിന്‍ പ്രതികരിച്ചത്.

 

ഇയ്യോബിന്റെ പുസ്തകത്തിന് തിരക്കഥയെഴുതിയ ഗോപന്‍ ചിദംബരമാണ് ഈ ചിത്രത്തിന്റെയും തിരക്കഥ. ഛായാഗ്രഹണം മധുനീലകണ്ഠനും നിര്‍വ്വഹിക്കും. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. ഈ ഫോര്‍ എന്റ്റര്‍റ്റൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

1991ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് എന്‍എന്‍ പിള്ള വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ഞൂറാന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഇദ്ദേഹം ഗോഡ്ഫാദറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളായ പെരിയവര്‍, പെദരിക്കം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പിന്നീട് നാടോടി എന്ന ചിത്രത്തിലും വേഷമിട്ടു.

 

മലയാള നാടക വേദിയുടെ തലതൊട്ടപ്പനായിരുന്നു എന്‍. എന്‍. പിള്ള. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും രണ്ട് നാടക പഠനങ്ങളും ഞാന്‍ എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. വിജയരാഘവന്‍ മകനാണ്. 1995 നവംബര്‍ 15നായിരുന്നു അദ്ദേഹം ഈ ലോകത്തോടു വിടപറയുന്നത്.

 

OTHER SECTIONS