കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ നിവിന്‍ പോളിക്ക് പിറന്നാള്‍ ആഘോഷം

By Farsana Jaleel.12 Oct, 2017

imran-azhar

 

 

കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് നിവിന്‍ പോളി. കഴിഞ്ഞ ദിവസം നിവിന്‍ പോളിയുടെ 33ാം പിറന്നാളായിരുന്നു. നിവിന് പിറന്നാള്‍ ആശംസകളുമായി നിരവധി താരങ്ങള്‍ ഫെയ്‌സ്ബുക്കിലെത്തി. കൊച്ചുണ്ണിയുടെ അണിയറ പ്രവര്‍ത്തകരും നിവിന്‍ പോളിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

 

കായംകുളം കൊച്ചുണ്ണിയാകാനുള്ള തയ്യാറെടുപ്പിലാണ് നിവിന്‍ പോളി. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തിലെ കായംകുളം കൊച്ചുണ്ണിക്കായി കളരിപ്പയറ്റും നിവിന്‍ അഭ്യസിക്കുന്നുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും ആക്ഷന്‍ ഹീറോ ബാബു ആന്റണിയാണ് നിവിന്‍ പോളിയെ പരിശീലിപ്പിക്കുന്നത്. കളരി മാത്രമല്ല കുതിര സവാരി തുടങ്ങീ പല അയോധന കലകളും നിവിന്‍ അഭ്യസിക്കുന്നുണ്ട്.

 

ചിത്രത്തില്‍ കൊച്ചുണ്ണിയെന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് ചിത്ര പശ്ചാത്തലം. കൊച്ചുണ്ണിയുടെ കഥയില്‍ പലയിടത്തും എങ്ങനെ എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യങ്ങള്‍ക്ക് കൂടിയുള്ള ചിത്രമാണിത്. കള്ളനാകുന്നതിന് മുമ്പുള്ള കൊച്ചുണ്ണിയുടെ കഥയും അതിജീവന ശ്രമങ്ങളും, പ്രണയവും മറ്റുമാണ് ചിത്രം വരച്ചുകാട്ടുന്നത്.

 

മോസ്റ്റ് ഡെയിഞ്ചറസ് മാന്‍ എന്ന സബ് ടൈറ്റിലോടെയാണ് ചിത്രം പുറത്തിറങ്ങുക. അമലാ പോളാണ് നിവിന്റെ നായികയായെത്തുന്നത്. ഇതിന് മുമ്പും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അമലയെ കേന്ദ്രകഥാപാത്രമാക്കി രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സഞ്ജയും ബോബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ചിത്രീകരണം.

 

നിവിന് മുമ്പ് സത്യനായിരുന്നു വെള്ളിത്തിരയില്‍ ആദ്യമായി കായംകുളം കൊച്ചുണ്ണിയായത്. സത്യനെ നായകനാക്കി 1966ല്‍ പി.എ.തോമസ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. കൊച്ചുണ്ണിയുടെ കാലഘട്ടത്തില്‍ നിന്നും ഇന്ന് കായംകുളത്തിന്റെ മുഖച്ഛായ മാറിയതോടെ ശ്രീലങ്കന്‍ ഗ്രാമമാണ് കായംകുളമാകുന്നത്. കായംകുളത്തും കുറച്ചു ഭാഗം ചിത്രീകരിക്കും.

 

loading...