മലയാള മനസ്സുകളിൽ മായാത്ത കഥാഗന്ധർവ്വന് ഇന്ന് 75-ാം പിറന്നാൾ

By Akhila Vipin .23 05 2020

imran-azhar

 


മലയാള ചലച്ചിത്ര ലോകം മറക്കാത്ത അതുല്യ കലാകാരാണ് പി. പത്മരാജൻ. സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ 75-ാംപിറന്നാൾ ആണ് ഇന്ന്. മലയാള സിനിമയിലെ തീരാ നഷ്ടമാണ് അദ്ദേഹത്തിൻറെ വിയോഗം. അദ്ദേഹത്തിന്റെ ഓർമ്മകളുമായി നിരവധി പേരാണ് ജന്മദിനാശംസകൾ പങ്കുവെച്ചു എത്തുന്നത്. ഒട്ടനവധി മികച്ച സിനിമകൾ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരിടത്തൊരു ഫയൽവാൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ , നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ , തൂവാനത്തുമ്പികൾ , മൂന്നാം പക്കം തുടങ്ങിയ സിനിമകളെലാം അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.

 


കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.

 

കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.

 


1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

 

ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു.

 

 

 

 

OTHER SECTIONS