പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ്: ഷാറൂഖ് ഖാന്റെ സഹോദരി പെഷാവറില്‍ നിന്ന് മത്സരിക്കുന്നു

By Shyma Mohan.08 Jun, 2018

imran-azhar

പെഷാവര്‍: പാകിസ്ഥാനില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പെഷാവറില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹോദരി മത്സരിക്കുന്നു. പെഷാവറില്‍ ഖൈബര്‍ പക്തൂണ്‍(പികെ 77) മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഷാറൂഖ് ഖാന്റെ സഹോദരി തിരഞ്ഞെടുപ്പ് നേരിടുക. ഷാരൂഖ് ഖാന്റെ പിതാവ് താജ് മുഹമ്മദിന്റെ മൂത്ത സഹോദരന്‍ ഗുലാം മുഹമ്മദിന്റെ മകളായ പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയ നൂര്‍ ജഹാനാണ് നിയമസഭാ സീറ്റില്‍ മത്സരിക്കുന്നത്. തന്റെ സഹോദരന്‍ ഷാരൂഖിന് ജനങ്ങള്‍ നല്‍കിയ പിന്തുണ തനിക്കും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ കൗണ്‍സിലര്‍ കൂടിയായ നൂര്‍ ജഹാന്‍ പറഞ്ഞു. പാക് വേരുകളുള്ള പഠാന്‍ കുടുംബമാണ് കിംഗ് ഖാന്റേത്. തന്റെ കുടുംബം പെഷാവറില്‍ നിന്നുള്ളവരാണെന്നും ചില ബന്ധുക്കള്‍ ഇപ്പോഴും അവിടെയുള്ളതായും ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. പാകിസ്ഥാനിലെങ്കിലും സഹോദരനും മറ്റ് കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം നൂര്‍ ജഹാന്‍ പുലര്‍ത്തിവന്നിരുന്നു. രണ്ടുതവണ ഷാരൂഖ് ഖാനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ മുംബൈയിലെത്തിയിരുന്നു. നൂര്‍ ജഹാന്റെ സഹോദരന്‍ മന്‍സൂറാണ് സഹോദരിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയിന്റെ ചുമതല വഹിക്കുന്നത്.    

OTHER SECTIONS