ബോക്സോഫിസില്‍ ആറാടി പൊന്നിയിൻ സെൽവൻ; ഇതുവരെ നേടിയത്

By santhisenanhs.03 10 2022

imran-azhar

 

ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനുമായി മണി രത്നം ചിത്രം പൊന്നിയിൻ സെൽവൻ. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടി, 202.87 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷൻ. തമിഴ് നാട്ടിൽ നിന്നും മാത്രം69.71 കോടിയാണ് സിനിമ ഇത് വരെ നേടിയത്. ഇന്നലെ മാത്രം 64 കോടിയാണ് പൊന്നിയിൻ സെൽവൻ കളക്ട് ചെയ്തിട്ടുള്ളത്.

 

മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ കൂടുതൽ കളക്ഷൻ നേടിയ തമിഴ് സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവനുള്ളത്. രണ്ടാമത്തെ ചിത്രം വിക്രം ആണ്. 125.57 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. മൂന്നാം സ്ഥാനത്തുള്ള വലിമൈ സ്വന്തമാക്കിയിത് 123.52 കോടിയാണ്.

 

മികച്ച ഒാപ്പണിങ് ആയിരുന്നു സിനിമയ്ക്ക് ആദ്യദിനം ലഭിച്ചത്. 78. 29 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷൻ. രണ്ടാം ദിനം 60.16 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ 3.70 കോടി നേടിയ ചിത്രം രണ്ടാം ദിനത്തിൽ മൂന്ന് കോടിയിലധികം കളക്ഷൻ സ്വന്തമാക്കി. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്.

 

പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ. ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.

 

പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളിൽ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എകസ് വർക്കുകൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്.

OTHER SECTIONS