By santhisenanhs.13 05 2022
മെഗാ സ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം പുഴു സോണി ലിവ്വിലൂടെ പ്രദര്‍ശനത്തിനെത്തി. ചിത്രം പുഴുവിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. പി.ടി. റത്തീന സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി മുഴുനീള നെഗറ്റീവ് വേഷത്തിലാണ് എത്തിയത്. ഇത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.
റിട്ടയേർഡ് ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അയാളുടെ മകനിലൂടെയും, ജീവിതത്തിലെ കാഴ്ചപ്പാടുകളിലൂടെയും സഞ്ചരിക്കുന്ന ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രമാണ് പുഴു.
മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തിലാണ് പാർവതി അഭിനയിക്കുന്നത്. കോട്ടയം രമേശ്, ഇന്ദ്രൻസ്, കുഞ്ചൻ, നെടുമണി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
പ്രതീക്ഷിച്ചതിലും മുന്നേ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ മണിക്കൂറുകൾ പിന്നിട്ടപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യ സിനിമയിൽ തന്നെ ഇത്രയും വ്യത്യസ്തത തീർക്കാൻ കഴിഞ്ഞ സംവിധായിക റത്തീനയ്ക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
ഒരു കഥാപാത്രം കാണികളെ അത്രമേൽ അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ അത് നായകനായ മമ്മൂട്ടിയുടെ അഭിനയ മികവ് തന്നെയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
പതിയെ ഇഴഞ്ഞു നീങ്ങുന്ന ഒരു ത്രില്ലർ ചിത്രമാണ് പുഴു. നായകന്റെ മനോനിലയും സ്വഭാവസവിശേഷതയുമാണ് സാധാരണ കണ്ടുവരുന്ന ത്രില്ലറുകളില്‍ നിന്ന് പുഴുവിനെ വ്യത്യസ്തമാക്കുന്നത്. ഒരു ഫ്ളാറ്റില്‍ മകനൊപ്പം ജീവിക്കുന്ന ഉന്നതകുലജാതനായ പോലീസ് ഉദ്യോഗസ്ഥനായ നായകന്. അവര്‍ക്കിടയിലേക്ക് വരുന്ന താഴ്ന്ന ജാതിയില്പ്പെട്ടതും നാടകനടനുമായ ഒരുവനെ വിവാഹം ചെയ്ത നായകന്റെ സഹോദരി. ഇവര്‍ക്കിടയില്‍ നടക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തെ നയിക്കുന്നത്.
കുലമഹിമയില്‍ രമിക്കുന്ന നായകൻ, സ്കൂള്‍ വിദ്യാര്‍ത്ഥിയായ സ്വന്തം മകന് എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എന്ത് കഴിക്കണം, എങ്ങനെ പല്ലുതേക്കണം എന്നുവരെ തീരുമാനിക്കുന്ന ആളാണ്.
അസഹനീയമായ സവർണ മനോഭാവവും ജാതിചിന്തയും വെച്ചുപുലര്‍ത്തുന്ന നായകൻ മകന് സഹപാഠിയുമായി ഭക്ഷണം പങ്കിടുന്നതോ കളിക്കുന്നതോ ഇഷ്ടപ്പെടുന്നില്ല. നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതില്‍ തെറ്റില്ല, പക്ഷേ അവര്‍ തരുന്നത് നമുക്കാവശ്യമില്ലല്ലോ എന്ന നായകന്റെ ചോദ്യം പോലും ഈ ചിന്തയില്‍ നിന്നാണ് വരുന്നത്.
സൂപ്പര്താരപദവിയെന്ന വസ്ത്രം അഴിച്ചുവെച്ച് പകര്‍ന്നാടുന്ന മമ്മൂട്ടിയാണ് പുഴുവിന്റെ നെടുംതൂണ്. കഥാപാത്രത്തിന് പീരില്ല എന്നതും ചിത്രത്തിന്റെ പ്രതേകതയാണ്. അടുപ്പമുള്ളവര്‍ കുട്ടന് എന്ന് വിളിക്കും. പക്ഷേ ഒരുപേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യമാണ് ഇദ്ദേഹത്തിന്റെ ചെയ്തികള്‍ കണ്ടാല്‍ ഉയരുക.
സിനിമയിലെ ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം അപ്പുണ്ണി ശശി ചെയ്ത കുട്ടപ്പന് എന്ന നാടകനടനാണ്. കറുത്ത നിറമുള്ള കുട്ടപ്പന് ഭാര്യാസഹോദരനില്‍ ഏറ്റുന്ന വെറുപ്പ് ചില്ലറയല്ല. അകറ്റിനിര്‍ത്തിയ ഭാര്യാഗൃഹത്തിന്റെ അകത്തളത്തിലേക്ക് ചങ്കൂറ്റത്തോടെ കടന്നുചെല്ലുന്നുണ്ട് കുട്ടപ്പന്. അവിടടെയാര്‍ക്കും തങ്ങളെ വേണ്ട എന്ന തിരിച്ചറിവ് ലഭിക്കുന്ന കുട്ടപ്പന് ഭാര്യയുടെ കൈ പിടിച്ച് അഭിമാനത്തോടെ തല ഉയര്‍ത്തിയാണ് ഇറങ്ങിപ്പോരുന്നത്.
അപ്പുണ്ണി ശശി തന്റെ സിനിമാ ജീവിതത്തില്‍ ഇത്രയും ദൈര്‍ഘ്യമുള്ള വേഷം ചെയ്തിട്ടുണ്ടാവില്ല. ഈ നടനെ മലയാള സിനിമ അടയാളപ്പെടുത്താന്‍ പോകുന്നതും കുട്ടപ്പനിലൂടെയായിരിക്കും.
കുട്ടപ്പന്റെ ഭാര്യയായെത്തിയ പാര്‍വതിയും മാസ്റ്റര്‍ വാസുദേവും രമേഷ്കോട്ടയവും ഇന്ദ്രന്‍സും കുഞ്ചനുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
തേനി ഈശ്വറിന്റെ ക്യാമറയും ജേക്സ് ബിജോയിയുടെ പശ്ചാത്തലസംഗീതവും സിനിമയിലെ അസുഖകരമായ കാഴ്ചകള്‍ക്ക് ബലമേകുന്നു.