രാമലീല ... രാമവിജയം..

By V G Nakul .28 Sep, 2017

imran-azhar

 

ഒറ്റവാക്കില്‍ - മലയാളത്തില്‍ അടുത്തിടേ നിര്‍മ്മിക്കപ്പെട്ടില്‍ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍. തിരക്കഥ, സംവിധാനം , അഭിനയം എന്നിവ ചേരും പടി ചേരുന്നതിലൂടെ പ്രേക്ഷകര്‍ക്കൊരു മികച്ച സിനിമ അനുഭവം തന്നെയാകുന്നു രാമലീല. അരുണ്‍ ഗോപി എന്ന സംവിധായകനും സച്ചി എന്ന തിരക്കഥാകാരനും ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിനും തീര്‍ച്ചയായും അഭിമാനിക്കാം. പലപ്പോഴായി റിലീസിനു മുന്‍പേ സിനിമയെ ബാധിച്ച പല വിധ പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ തക്ക മികവിലും മിഴിവിലും രാമലീല ഒരുക്കിയതില്‍. ആവര്‍ത്തിക്കപ്പെടുന്ന സ്ഥിരം ശൈലിയില്‍ നിന്നും വേര്‍പെടുത്തി ദിലീപിലെ നടനെ ഏറ്റവും സ്വാഭാവികമായി അവതരിപ്പിക്കുന്നു രാമലീല എന്നതും എടുത്തു പറയണം. ചുരുക്കത്തില്‍ പോയ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ തിയേറ്ററുകളിലെത്തിയ ഏറ്റവും മികച്ച സിനിമ എന്ന പദവി ഇനി രാമലീലക്കു സ്വന്തം. മാസും ആക്ഷനും ത്രില്ലും വേണ്ടും വിധം സിനിമയുടെ കഥാഗതിക്കൊപ്പം ഇടകലര്‍ത്തി എല്ലാ വിഭാഗം പ്രേക്ഷകരെയും രാമലീല തൃപ്തിപ്പെടുത്തുന്നു. തിയേറ്ററുകളിലുയരുന്ന കയ്യടിയൊച്ചകള്‍ തന്നെ അതിനുള്ള തെളിവ്.

 

രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍റെ ജീവിതവും എത്തപ്പെടുന്ന ഒരു വലിയ പ്രതിസന്ധിയില്‍ നിന്നുള്ള അയാളുടെ അതിജീവനവുമാണ് രാമലീല. രക്ത സാക്ഷിയുടെ മകനും എം.എല്‍.എ യുമായ അയാള്‍ ഒരു ഘട്ടത്തില്‍ സ്വന്തം പാര്‍ട്ടി വിട്ട് എതിര്‍ചേരിയില്‍ ഇടമുറപ്പിക്കുന്നു. അവരുടെ സ്ഥാനാര്‍ത്ഥിയായി സ്വന്തം അമ്മയ്ക്കെതിരെ ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരുന്നിടത്ത് സിനിമ അതിന്‍റെ സങ്കീര്‍ണ്ണതകളിലേക്കു കടക്കുന്നു. അയാള്‍ ഒരു കൊലപാതകത്തില്‍ സംശയിക്കപ്പെടുകയും ഒളിവില്‍ പോകേണ്ടി വരുകയും ചെയ്യുന്നതോടെ സിനിമ മറ്റൊരു ദിശയിലേക്കു തിരിയുന്നു. ആദ്യ പാതി ഒരു തികഞ്ഞ പൊളിറ്റിക്കല്‍ ത്രില്ലറും രണ്ടാം പാതി ഒരു കുറ്റാന്വേഷണ കഥയുടെ സ്വഭാവം പേറുന്ന കമേഴ്സ്യല്‍ പാക്കേജുമാകുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ദിലീപ് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളുമായി ചേര്‍ത്തു വായിക്കാവുന്ന പല രംഗങ്ങളും സംഭാഷണങ്ങളും സിനിമയിലുണ്ടെന്നതും എടുത്തു പറയണം. രാമനുണ്ണിയായി ദിലീപിന്‍റെ പ്രകടനം സിനിമയെ കൂടുതല്‍ രസകരമാക്കുന്നു. നായികയായ പ്രയാഗമാര്‍ട്ടിന്‍ , കലാഭവന്‍ ഷാജോണ്‍ , വിജയ രാഘവന്‍ , സിദ്ദിഖ് , മുകേഷ് , രാധിക ശരത് കുമാര്‍ എന്നിവരും തിളങ്ങി.

 

മികച്ച തിരക്കഥയും അതിന്‍റെ മികച്ച അവതരണവും രാമലീലയെ കരുത്തുള്ളതാക്കുന്നു. അവസാന നിമിഷം വരെ ആകാംഷ നിലനിര്‍ത്തുന്നതില്‍ സിനിമ വിജയിക്കുന്നതും ഇക്കാരണത്താല്‍ തന്നെ. പ്രേക്ഷകരെ മടുപ്പിലേക്കു തള്ളിവിടാത്ത വിധം ചിലയിടങ്ങളില്‍ കലാഭവന്‍ ഷാജോണിന്‍റെ ചിരിയുണര്‍ത്തുന്ന ഇടപെടലുകള്‍ ഗുണകരമാകുന്നു. ഷാജിയുടെ കാമറയും ഗോപി സുന്ദറിന്‍റെ സംഗീതവും നന്നായി. വലിയ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ചുള്ള രംഗങ്ങളില്‍ ഷാജിയുടെ കാമറ മികവു പുലര്‍ത്തി.

 

വ്യക്തിപരമായി ദിലീപിനെ ബാധിച്ച പ്രശ്നങ്ങളുമായി യാതൊരു വിധത്തിലും ബന്ധിപ്പിക്കാതെ കാണുകയും ആസ്വദിക്കുകയും ചെയ്താല്‍ ഒരു നല്ല സിനിമ പ്രേക്ഷകര്‍ക്കു ലഭിക്കും എന്നുറപ്പ് .....എന്നാൽ സംശയമില്ലാതെ പറയാം "രാമലീല" ഒരു മികച്ച പൊളിറ്റിക്കൽ ത്രില്ലർ തന്നെ ..

OTHER SECTIONS