ഇനിയും കാത്തിരിക്കേണ്ട......28ന് ദിലീപ് എത്തും

By Farsana Jaleel.13 Sep, 2017

imran-azhar

 

കാത്തിരിപ്പിന് തിരശ്ശീല വീണു...ദിലീപ് നിങ്ങള്‍ക്ക് മുന്നിലെത്തുന്നു. ദിലീപ് നായകനായ രാമലീലയുടെ റിസലീസ് തീയതി പ്രഖ്യാപിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ദിലീപിന് ജാമ്യം ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് ഇനിയും നീട്ടിക്കൊണ്ടു പോകാന്‍ താത്പര്യമില്ലാത്തതിനെ തുടര്‍ന്നാണ് ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഓണത്തിനിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളെല്ലാം ശരാശരിയില്‍ ഒതുങ്ങിയ സാഹചര്യത്തില്‍ രാമലീലയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് വലിച്ചിഴക്കപ്പെട്ടതോടെ രാമലീലയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയായിരുന്നു. പിന്നീട് ദിലീപ് അറസ്റ്റിലായതോടെ ചിത്രം തിയേറ്റര്‍ കാണില്ലെന്ന് ഉറപ്പിച്ചു. ദിലീപിന്റെ അറസ്റ്റോടെ വെട്ടിലായത് രാമലീലയുടെ അണിയറപ്രവര്‍ത്തകരായിരുന്നു. കേസില്‍ ദിലീപിന് രണ്ടാം തവണയാണ് ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി.

 

പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ദിലീപിന്റെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു രാമലീല. ചിത്രത്തില്‍ രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. അമ്മയായി രാധിക ശരത്കുമാറും എത്തും. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് രാമലീല.

 

സിദ്ദീഖ്, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനില്‍ മുരളി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സച്ചിയുടെ തിരക്കഥയില്‍ റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാള്‍ സംഗീതവും നിര്‍വ്വഹിക്കും. ഛായാഗ്രഹണം ഷാജികുമാറും കലാസംവിധാനം സുജിത്ത് രാഘവും നിര്‍വ്വഹിക്കും.

OTHER SECTIONS