മമ്മൂട്ടിയെ വെല്ലാന്‍ ഒരുങ്ങി റാണാ ദഗുപതി

By Farsana Jaleel A.14 Nov, 2017

imran-azhar

മമ്മൂട്ടിയെ വെല്ലാനൊരുങ്ങി റാണാ ദഗുപതി. സാമൂതിരിയുടെ കടന്‍ പടയാളി കുഞ്ഞാലി മരയ്ക്കാരാവാനൊരുങ്ങുകയാണ് മമ്മൂട്ടി. ഈ സാഹചര്യത്തിലാണ് റാണാ ദഗ്ഗുപതിയും തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ടാകുന്നത്. റാണാ ദഗുപതി മലയാളത്തിലേയ്ക്ക് അരങ്ങേറുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിയില്‍ ഭല്ലാല ദേവനായെത്തി വെള്ളിത്തിരയെ വിറപ്പിച്ച റാണാ ദഗുപതി ഇനി മാര്‍ത്താണ്ഡ വര്‍മ്മയാകുന്നു. തിരുവിതാംകൂര്‍ മഹാരാജാക്കന്‍മാരുടെ കഥ പറയുന്ന ചിത്രത്തിന്റെ പേര് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ- ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്നാണ്.

കെ.മധു ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെയാണ് തെലുങ്ക് താരം റാണ ദഗുപതി മലയാളത്തിലേയ്ക്ക് ചേക്കേറുന്നത്. റാണ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. താന്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാകുന്നുവെന്നും സിനിമയുടെ പ്രി പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റോബിന്‍ തിരുമല തിരക്കഥ ഒരുക്കി സെവന്‍ ആര്‍ട്‌സ് മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം കെ.മധുവാണെന്നുമാണ് റാണ ട്വീറ്റ് ചെയ്തത്.

ബാഹുബലിയുടെ മാതൃകയില്‍ രണ്ട് ഭാഗങ്ങളില്‍ അഞ്ച് ഭാഷകളിലായാണ് ചിത്രത്തിന്റെ ആദ്യഭാഗം ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെയാണ് ചിത്രത്തില്‍ റാണ അവതരിപ്പിക്കുന്നത്. ആധുനിക തിരുവിതാംകൂറിന്റെ ഭാഗധേയം മാറ്റിയെഴുതിയ ആളാണ് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ. അയല്‍ രാജ്യങ്ങള്‍ കീഴടക്കി പിന്നീട് ചരിത്രത്തിന്റെ ഭാഗമായി ശക്തവും വിസ്തൃതവുമായ തിരുവിതാംകൂര്‍ സൃഷ്ടിച്ചത് അനിഴം തിരുന്നാളാണ്. ഒരു വൈദേശിക ശക്തിയോട് കടല്‍ യുദ്ധത്തില്‍ ഏറ്റുമുട്ടി വിജയം വരിച്ച ആദ്യ ഏഷ്യന്‍ രാജാവായാണ് മാര്‍ത്താണ്ഡവര്‍മ്മയെ വാഴ്ത്തുന്നത്. ചരിത്രപ്രസിദ്ധമായ കുളച്ചല്‍ യുദ്ധത്തില്‍ തോറ്റ ഡച്ചുകാരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ അവസാനം കൂടിയായി ഈ യുദ്ധം. കുളച്ചല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതകഥയെയാണ് ആവിഷ്‌കരിക്കുന്നത്.

ബാഹുബലിക്ക് വേണ്ടി സംഗീതമൊരുക്കിയ കീരവാണിയാണ് ചിത്രത്തിന്റെയും സംഗീതം. കെ.ജയകുമാറും ഷിബു ചക്രവര്‍ത്തിയും പ്രഭാ വര്‍മ്മയുമാണ് ഗാനങ്ങള്‍. റോബിന്‍ തിരുമലയാണ് തിരക്കഥ. വര്‍ഷങ്ങളുടെ ഗവേഷണങ്ങള്‍ക്ക് ശേഷമാണഅ റോബിന്‍ തിരക്കഥയൊരുക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ആക്ഷന്‍ പീറ്റര്‍ ഹെയ്‌നും. പ്രശസ്ത തമിഴ്, തെലുങ്ക് ക്യാമറാ മാന്‍ ആര്‍.മാധിയാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. ബാഹുബലി ഒന്നാം ഭാഗത്തിന് കലാസംവിധാനം നിര്‍വ്വഹിച്ച മനു ജഗതാണ് കലാസംവിധായകന്‍. ലോക പ്രശസ്തരായ ഇറ്റലിയിലെ സിനി സിത്ത സ്റ്റുഡിയോയും മക്‌നാനാരിയം പ്രൊഡക്ഷന്‍ കമ്പനിയും ഈ ചരിത്ര സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാൡകളാകുന്നു. ഇന്ത്യയിലെ അഞ്ച് ഭാഷാകളിലെയും പ്രശസ്തരായ നിര്‍മ്മാണ കമ്പനികളും പങ്കാളികളാകും.

OTHER SECTIONS