സഖാവ്

By Dipin Mananthavady .24 Apr, 2017

imran-azhar

സ്വയംനവീകരണത്തിന്റെ സഖാവ്...

 

കമ്മ്യൂണിസ്റ്റ് മൂല്ല്യങ്ങളും കമ്മ്യൂണിസ്റ്റ് നൈതികതയും വിസ്മരിച്ച് പോകുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് മന:സാക്ഷിക്കുത്ത് സമ്മാനിക്കുന്നതിനൊപ്പം ഒരു കമ്മ്യൂണിസ്റ്റ് സാധാരണക്കാരനൊപ്പവും ദുരിതപ്പെടുന്നവനൊപ്പവും നില്‍ക്കേണ്ടവനാണെന്ന ഓര്‍മ്മപ്പെടുത്തലും സമ്മാനിച്ചാണ് സഖാവ് എത്തിയിരിക്കുന്നത്. ഇതല്ല കമ്മ്യൂണിസ്റ്റ്, ഇതായിരുന്നു കമ്മ്യൂണിസ്റ്റ്, ഇങ്ങനെയാകണം കമ്മ്യൂണിസ്റ്റ് എന്ന് വ്യത്യസ്ത കാലയളവുകളെ പ്രതിനിധീകരിക്കുന്ന നിവിന്‍ പോളിയുടെ മൂന്ന് ഗെറ്റപ്പുകളിലൂടെ സിദ്ധാര്‍ത്ഥ് ശിവ പറഞ്ഞു വച്ചിട്ടുണ്ട്. സ്വയംവിമര്‍ശനമെന്ന കമ്മ്യൂണിസ്റ്റിന്റെ സ്വയം നവീകരണത്തിനുള്ള സാധ്യതകളെ പോസിറ്റീവായി അവതരിപ്പിച്ചിരിക്കുന്ന വര്‍ത്തമാനകാല പ്രസക്തി തന്നെയാണ് സഖാവിന്റെ പ്രധാന ആകര്‍ഷണം. വ്യത്യസ്ത കാലങ്ങളിലായി പരന്ന് കിടക്കുന്ന കഥാപരിസരത്തെ ഒതുക്കത്തോടെ ചേര്‍ത്ത് വച്ച് കഥപറഞ്ഞിരിക്കുന്ന സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്.

 

സിനിമയുടെ ഒന്നാം പകുതിയില്‍ കമ്മ്യൂണിസ്റ്റ് ത്യാഗങ്ങളുടെ മൂല്യമറിയാത്ത "കുട്ടി സഖാവ്" കൃഷ്ണകുമാറിന്റെ രീതികള്‍ സിനിമയൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമയാണോയെന്ന സന്ദേഹങ്ങള്‍ തരുന്നുണ്ട്. എന്നാല്‍ പീരുമേട്ടില്‍ തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിന് നേതൃത്വം നല്‍കിയ സഖാവ് കൃഷ്ണന്റെ ഭൂതകാലത്തിലേയ്ക്ക് സിനിമ പോകുമ്പോഴാണ് അതുവരെ കണ്ടിരുന്ന കുട്ടിസഖാവ് കമ്മ്യൂണിസ്റ്റ് കെട്ടുകാഴ്ചയായിരുന്നെന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. സഖാവ് കൃഷ്ണന്റെ ജീവിതം അറിയുന്നതോടെ കുട്ടിസഖാവ് കൃഷ്ണകുമാറും സഖാവ് എന്ന വിളിയുടെ ആഴം പ്രേക്ഷകര്‍ക്കൊപ്പം തൊട്ടറിയുകയാണ്.

 

നീണ്ട ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന നിവിന്‍ പോളി ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് സഖാവ് തീയറ്ററുകളിലെത്തിയത്. സഖാവ് എന്ന പേരിലും ചിത്രത്തിന്റെ ടീസറും, ഗാനരംഗവുമെല്ലാം സമ്മാനിച്ച ഹൈപ്പിലും തീയറ്ററിലെത്തിയവരെ നിവിന്‍ നിരാശപ്പെടുത്തിയില്ല. നിവിന്‍ മാനറിസങ്ങളെ ഭംഗിയായി ഉപയോഗപ്പെടുത്തിയതിനൊപ്പം നിവിനെന്ന അഭിനേതാവിന്റെ മികവിനെ മാറ്റുരച്ച് നോക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്. സഖാവ് കൃഷ്ണന്റെ രണ്ട് വ്യത്യസ്ത പ്രായങ്ങളിലൂടെ പറയുന്ന ഫഌഷ്ബാക്കും സഖാവ് കൃഷ്ണകുമാറെന്ന വിദ്യാര്‍ത്ഥി നേതാവിന്റെ വര്‍ത്തമാനകാലവുമാണ് സിനിമയില്‍ നിവിന്റെ മൂന്ന് ഗെറ്റപ്പുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. യുവത്വത്തിന്റെ ഊര്‍ജ്ജസ്വലമായ രണ്ട് ഗെറ്റപ്പുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ സഖാവ് കൃഷ്ണന്റെ വാര്‍ദ്ധക്യത്തിന്റെ പക്വതയും നിവിന്‍ ഗംഭീരമാക്കിയിട്ടുണ്ട്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രത്തിന്റെ അച്ഛനായി അഭിനയിക്കാന്‍ നിവിന്‍ പ്രകടിപ്പിച്ച ധൈര്യം എടുത്തു പറയേണ്ടതാണ്. ഭാഗികമായി തളര്‍ന്നുപോയ സഖാവ് കൃഷ്ണന്റെ വാര്‍ദ്ധക്യം നിവിന്റെ അഭിനയമികവിന്റെ സാക്ഷ്യമാകുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ നിവിന്‍ പോളിയെന്ന നായകന്റെ നിറഞ്ഞാട്ടമായി സഖാവ് മാറുന്നുണ്ട്.

 

അപര്‍ണ ഗോപിനാഥ്, ഐശ്യര്യ രാജേഷ്, ഗായത്രി സുരേഷ് എന്നീ മൂന്ന് നായികമാര്‍ ചിത്രത്തിലുണ്ടെങ്കിലും സഖാവ് ജാനകിയുടെ യൗവ്വനവും വാര്‍ദ്ധ്യക്യവും അവതരിപ്പിക്കുന്ന ഐശ്വര്യ രാജേഷിന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. ചെറുതെങ്കിലും വ്യത്യസ്തമായ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ബൈജുവിന്റെ കങ്കാണി വേഷം ശ്രദ്ധേയമായിരുന്നു. പ്രേമം ഫെയിം അല്‍ത്താഫ് പലയിടത്തും കൈയ്യടി നേടിയിട്ടുണ്ട്. ശ്രീനിവാസന്‍, മുസ്തഫ, സുധീഷ് തുടങ്ങിയവരും തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.

 

പ്രശാന്ത് പിള്ളയുടെ സംഗീതവും പശ്ചാത്തല സംഗീതവും സഖാവിന്റെ മൂഡ് ഒരുക്കുന്നതില്‍ നിര്‍ണ്ണായകമാണ്. വിപ്ലവ ഗാനങ്ങളുടെ സ്വഭാവവും പശ്ചാത്തലവുമെല്ലാം വരുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന ഗാനങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ജോര്‍ജ്ജ് സി വില്യംസിന്റെ ഛായാഗ്രഹണം സിനിമയുടെ ആത്മാവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്.

 

മാനുഷികതയാണ് പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയെന്നും അത് തിരിച്ചറിഞ്ഞവര്‍ക്ക് മാത്രമെ ജന ഹൃദയങ്ങളില്‍ സ്ഥാനമുള്ളുവെന്നും പറഞ്ഞു വയ്ക്കുന്ന സഖാവ് സ്വയംനവീകരിക്കപ്പെടുന്ന പ്രതീക്ഷാ നിര്‍ഭരമായൊരു ചുവന്ന പ്രഭാതത്തിന്റെ സ്വപ്‌നം കൂടിയാണ് പങ്കുവയ്ക്കുന്നത്.

OTHER SECTIONS