മലയാളത്തിന്റെ വാനമ്പാടിക്കു പിറന്നാള്‍

By Sooraj Surendran.27 07 2020

imran-azhar

 

മലയാളത്തിന്റെ വാനമ്പാടി, പ്രിയ ഗായിക കെ.എസ് ചിത്രയ്ക്ക് തിങ്കളാഴ്ച പിറന്നാള്‍ ദിനം. പതിറ്റാണ്ടുകളായി തുടരുന്ന സംഗീത യാത്രയില്‍ ആ സ്വരമാധുരി ഇന്നും ഒളിമങ്ങാതെ ആസ്വാദക ഹൃദയങ്ങളില്‍ നവസ്പര്‍ശമായി പെയ്തിറങ്ങുന്നു.

 

ചിത്രയുടെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകള്‍ അഞ്ചാം വയസ് മുതല്‍ തുടങ്ങുന്നു. ആകാശവാണിയിലെ സംഗീതശില്പത്തിനുവേണ്ടിയായിരുന്നു ആ പാട്ട്. 'എന്റെ പേര് കണ്ണനുണ്ണി... എനിക്ക് വയസ്സ് രണ്ടല്ലോ...' എന്ന ഗാനമാണ് ചിത്ര ആള്‍ക്കൂട്ടത്തിനുമുന്നില്‍ ആദ്യമായി അവതരിപ്പിച്ചത്.

 

ഗുരുനാഥ കൂടിയായ ഓമനക്കുട്ടി ടീച്ചറുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി വളര്‍ന്നതും, ആകാശവാണിയിലെ കുട്ടിഗായകസംഘത്തില്‍ ചേര്‍ന്നതും, പൂരനാട്ടില്‍ നിന്ന് സ്‌കൂള്‍ കലോത്സവ വിജയിയായി ഉയര്‍ന്നുവന്നതുമെല്ലാം പിന്നെ നിമിഷ നേരം കൊണ്ടായിരുന്നു. സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ചിത്രയുടെ സംഗീതത്തിലുള്ള താല്പര്യം കണ്ടെത്തിയത് പിതാവ് കൃഷ്ണന്‍ നായര്‍ ആയിരുന്നു. അദ്ദേഹം തന്നെ ആയിരുന്നു സംഗീതത്തിലെ ആദ്യ ഗുരു.

 

ഓമനക്കുട്ടി ടീച്ചറുടെ സഹോദരന്‍ കൂടിയായ സംഗീതസംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ ആണ് 1979-ല്‍ ആദ്യമായി മലയാള സിനിമയില്‍ പാടാന്‍ ചിത്രയ്ക്ക് അവസരം നല്‍കിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ 'ചെല്ലം ചെല്ലം' എന്ന ഗാനം പാടി. ഒരു വര്‍ഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. സംഗീത ലോകത്ത് ചിത്രയ്ക്ക് വഴിത്തിരിവായത് തമിഴില്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച നീ താനേ അന്തക്കുയില്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചതോടെയാണ്.

 

1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെ രണ്ടാമത്തെ മകളായി തിരുവനന്തപുരത്താണ് കെ.എസ്. ചിത്ര ജനിച്ചത്. അമ്മ ശാന്തകുമാരി. ഗായിക കെ.എസ്. ബീന, ഗിറ്റാറിസ്റ്റ് കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍.

 

അച്ഛന്റെയും പിന്നീട് ഭര്‍ത്താവിന്റെയും സ്‌നേഹകരുതലുകള്‍ക്കൊപ്പം വളര്‍ന്ന സംഗീതജീവിതമായിരുന്നു ചിത്രയുടേത്. മലയാളത്തിന്റെ വാനമ്പാടി. തമിഴകത്തിന്റെ ചിന്നക്കുയില്‍, തെലുങ്കിലെ സംഗീതസരസ്വതി, കന്നടകോകിലം അങ്ങനെ ഭാഷയുടെ അതിരുകള്‍ മായ്ച്ചുകളഞ്ഞ് അവര്‍ പറന്നുയരുകയായിരുന്നു.

 

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രമാണ് ചിത്രയെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയാക്കിയത്. 'ആളൊരുങ്ങി, അരങ്ങൊരുങ്ങി' എന്ന ഗാനം മലയാളികള്‍ നെഞ്ചേറ്റി ലാളിച്ചു. കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലെ കണ്ണോടു കണ്ണായ, ആരാന്റെ മുല്ല കൊച്ചു മുല്ലയിലെ പൊന്‍താമരകള്‍, അടുത്തടുത്ത് എന്ന ചിത്രത്തിലെ ആലോലം ചാഞ്ചാടും, പുന്നാരം ചൊല്ലി ചൊല്ലിയിലെ അത്തപ്പൂവും നുള്ളി, അരയരയരയോ കിന്നരയോ കിളി തുടങ്ങിയ ഗാനങ്ങളിലൂടെ ചിത്ര മലയാളത്തില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികള്‍ ചിത്രയുടെ ആദ്യകാല സംഗീത ജീവിതത്തിലെ വളര്‍ച്ചക്ക് സഹായകമായി.

 

എന്‍ജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭര്‍ത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. പതിനഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് ലഭിച്ച ഏകമകളാണ് നന്ദന. 2011 ഏപ്രില്‍ 14-ന് ദുബായിലെ എമിറേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണ് നന്ദന ഈ ലോകത്തോട് വിട പറഞ്ഞു. മലയാളത്തിന്റെ വാനമ്പാടിയുടെ സംഗീത വഴിത്താരയില്‍ പൊന്നോമനയുടെ ഓര്‍മ്മകള്‍ ഇന്നും കരളലിയിപ്പിക്കും നോവായ് നില്‍ക്കുന്നു. എന്നാല്‍, പ്രതിസന്ധികളെ തരണം ചെയ്യാന്‍ ചിത്രയ്ക്ക് അധികനാള്‍ വേണ്ടിവന്നില്ല.

 

ആറ് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്ര, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ ഗായികയാണ്. 16 തവണ മികച്ച ഗായികക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ചിത്ര നേടി. ഒമ്പത് തവണ ആന്ധ്രാ സര്‍ക്കാറിന്റെ പുരസ്‌കാരവും നാല് തവണ തമിഴ്നാട് സര്‍ക്കാറിന്റെ പുരസ്‌കാരവും മൂന്ന് തവണ കര്‍ണാടക സര്‍ക്കാറിന്റെ പുരസ്‌കാരവും നേടി ചിത്ര ഇന്ന് എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ എത്തിക്കഴിഞ്ഞു.

 

പതിനെട്ടായിരത്തിലേറെ പാട്ടുകള്‍ സിനിമകള്‍ക്കു വേണ്ടിയും ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട് ചിത്ര. 2005 ല്‍ പത്മശ്രീ പുരസ്‌കാരവും ചിത്രയെ തേടിയെത്തി. പുരസ്‌കാരങ്ങളുടയും അംഗീകാരങ്ങളുടെയും നെറുകയില്‍ നില്‍ക്കുമ്പോഴും മലയാളികള്‍ക്ക് ചിത്ര കുടുംബാംഗത്തെ പോലെയാണ്. പതിറ്റാണ്ടുകളായി തുടരുന്ന ആ സ്വരമാധുരിയില്‍ മലയാള സംഗീത ലോകം ഇന്നും മുങ്ങി നിവരുന്നു.

OTHER SECTIONS