By online desk .08 11 2020
പാലാ: അങ്ങനെ ലേലത്തിലെ നമ്മുടെ പ്രിയപ്പെട്ട ചാക്കോച്ചി നാളുകൾക്ക് ശേഷം കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ചു. മലയാളത്തിൻ്റെ പ്രിയ നടൻ സുരേഷ് ഗോപി തൻ്റെ വിശ്വാസ ജീവിതത്തിൽ ഉന്നത സ്ഥാനം നൽകിയിട്ടുള്ള പാലാ അമലോത്ഭവ കുരിശുപള്ളി മാതാവിൻ്റെ തിരുസന്നിധിയിൽ എത്തി മെഴുകുതിരി കത്തിക്കുന്ന ദൃശ്യം ലേലം എന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രത്തിന്റെ ഓർമ്മകളിലേക്ക് വീണ്ടും മലയാളിയെ കൊണ്ടെത്തിക്കുന്നതാണ് .
കാൽ നൂറ്റാണ്ടായി സുരേഷ് ഗോപിയ്ക്ക് പാലാകുരിശുപള്ളി മാതാവിനോടുള്ളത് കടുത്ത വിശ്വാസാരാധനയാണ്. ഇരുപത്തഞ്ചോളം വർഷങ്ങൾക്ക് മുമ്പ് തൻ്റെ സൂപ്പർ ഹിറ്റ് ചിത്രം 'ലേലം ' ചിത്രീകരണ സമയത്താണ് അദ്ദേഹം ആദ്യമായി കുരിശുപള്ളി മാതാവിനടുത്തെത്തിയത്. അതിനു ശേഷം പാലായിൽ വരുമ്പോഴൊക്കെ മാതാവിൻ്റെ അടുത്തെത്തി പ്രാർത്ഥിച്ച് മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ. തൻ്റെ 'കാവൽ ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം പാലായിലെത്തിയത്.