By online desk .20 01 2021
ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം വെബ് സീരീസായ താണ്ഡവിലെ വിവാദ ഭാഗങ്ങള്‍ നീക്കാന്‍ തയാറാണെന്ന് നിര്‍മാതാക്കള്‍. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെയാണ് വിവാദ ഭാഗങ്ങള്‍ നീക്കാന്‍ തയാറായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്.
ഇന്നലെ താണ്ഡവ് പ്രവര്‍ത്തകര്‍ നിരുപാധികം ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ വിവാദം മുറുകിയതോടെയാണ് ആക്ഷേപം ഉന്നയിക്കപ്പെട്ട ഭാഗങ്ങള്‍ നീക്കുമെന്ന് നിര്‍മാതാക്കള്‍ പ്രസ്താവന നടത്തിയത്.
രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ട്. ഏതെങ്കിലും വ്യക്തി, ജാതി, സമൂഹം, വംശം, മതം, മതവിശ്വാസം എന്നിവയുടെ വികാരങ്ങളെ വ്രണപ്പെടുത്താനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ര്ടീയ പാര്‍ട്ടിയെയോ വ്യക്തിയെയോ അപമാനിക്കാനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് നിര്‍മാതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
സെയ്ഫ് അലി ഖാന് നായകനായ വെബ് സീരീസില്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്നാണ് ആക്ഷേപം. ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത 'താണ്ഡവ്' ഒന്‍പത് എപ്പിസോഡ് നീളുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്. വെബ്സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ് വിവാദമായ രംഗം. ഡിംപിള്‍ കപാഡിയ, സുനില്‍ ഗ്രോവര്‍, ടിഗ്മാന്‍ഷു ദുലിയ, ദിനോ മോറിയ കുമുദ് മിശ്ര, ഗൌഹര്‍ ഖാന്, അമീറ ദസ്തൂര്‍, മുഹമ്മദ് എന്നിവര്‍ വേഷമിട്ടിട്ടുണ്ട്.വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ ഉത്തര്‍പ്രദേശില്‍ കേസെടുത്തിട്ടുണ്ട്. ലക്നോവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്റ്റേഷനിലെ തന്നെ എസ്ഐയുടെ പരാതിയിലാണ് കേസ്.മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി എഫ്ഐആറിന്റെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ വികാരത്തെ തൊട്ടുകളിക്കാന്‍ ശ്രമിക്കാന്‍ അത് പൊറുക്കില്ലെന്ന കുറിപ്പോടെയാണ് എഫ്ഐആര്‍ ത്രിപാഠി പങ്കുവച്ചത്.