By santhisenanhs.29 06 2022
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ശബാഷ് മിഥു ദി അൺഹിയേഡ് സ്റ്റോറിയിലെ ആദ്യ ഗാനം പുറത്ത്. ഫത്തേ എന്ന് തുടങ്ങുന്നതാണ് ഗാനം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവേശവും പ്രചോദനവും നൽകുന്നതാണ് ഗാനം.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രചോദനമായ മിതാലി രാജിന്റെ ജീവിതം അഭ്രപാളിയിൽ എത്തുമ്പോൾ തപ്സി പന്നു ആണ് മിതാലി ആകുന്നത്. സാൽവേജ് ഓഡിയോ കളക്ടീവും ചരണും ചേർന്നാണ് ഗാന രചന. റോമി, ചരൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മിതാലിയുടെ നിശ്ചയദാർഢ്യത്തിന്റെ ചൂടും ചൂരുമാണ് വീഡിയോയിലുടനീളം കാണാനും കേൾക്കാനും സാധിക്കുന്നത്.
വിയാകോം 18 സ്റ്റുഡിയോസ് നിർമ്മിച്ച് ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ സൗരവ് ഗാംഗുലിയും സച്ചിൻ തെൻഡുൽക്കറും പങ്കുവച്ചിരുന്നു. ഈ വർഷം ജൂൺ എട്ടിനായിരുന്നു പതിമൂന്ന് വർഷത്തെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് മിതാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി അറിയിച്ചത്.