തോപ്പില്‍ ജോപ്പന്‍

By Online Desk.02 Nov, 2016

imran-azhar

ജോണി ആന്റണി സംവിധാനം ചെയ്ത മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പന്‍ ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ഇതിലെ നായകനായ തോപ്പില്‍ ജോപ്പനാകുന്നത് മമ്മൂട്ടിയാണ്.


ഈ സിനിമ പറഞ്ഞത് തോപ്പില്‍ ജോപ്പനെന്ന അച്ചായന്റെ പ്രണയത്തിന്റെ കഥയാണ്. ആദ്യപ്രണയത്തിന്റെ നിരാശയില്‍ മദ്യപാനിയാകുന്ന ജോപ്പന്റെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.


ഒരു സ്ഥിരം ജോണി ആന്റണി ചിത്രം അതാണ് തോപ്പില്‍ ജോപ്പന്‍. പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കൊച്ചുകഥ. അച്ചായന്‍ കോമഡികളാല്‍ ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കാം. സിനിമയുടെ തുടക്കത്തില്‍ ഇത് ക്‌ളീഷേകള്‍ക്കെതിരെയുള്ള ഒരു ആക്ഷേപഹാസ്യമാണെന്ന് തോന്നാം. എന്നാല്‍ കഥ മുന്നോട്ട് പോകുമ്പോള്‍ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ക്‌ളീഷേയാണ് എന്നും കണ്ടെത്തും.


മമ്മൂട്ടി എന്ന നടനവിസ്മയത്തിന് ഒരു നേര്‍ത്ത വെല്ലുവിളിപോലുമല്ല ഈ അച്ചായന്‍ കഥാപാത്രം. മമ്മൂട്ടിക്ക് പുറമേ അലന്‍സിയര്‍, ശ്രീജിത്ത് രവി, സോഹന്‍ലാല്‍, സാജു നവോദയ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നായികമാരായ മംമ്താ മോഹന്‍ദാസിനും ആന്‍ഡ്രീയ ജെര്‍മിയയ്ക്കും കാര്യമായ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളല്ല ഈ ചിത്രത്തിലുള്ളത്.


വിദ്യാസാഗറിന്റെ സംഗീതം ശരാശരിയില്‍ ഒതുങ്ങിയപ്പോള്‍ സുനോജ് വേലായുധന്റെ ദൃശ്യങ്ങള്‍ മികച്ചുനിന്നു. രാജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങും നീതിപുലര്‍ത്തി.


കുടുംബപ്രേക്ഷകര്‍ക്ക് കണ്ട് ആസ്വദിക്കാന്‍ സാധിക്കുന്ന ഒരവധിക്കാല ചിത്രമായിരിക്കും തോപ്പില്‍ ജോപ്പന്‍. കാര്യമായ വെല്ലുവിളികളോ മറ്റ് വാചകങ്ങളോ ഇല്ലാത്ത ഒരു കൊച്ചുചിത്രം എന്നതിലുപരി കണ്ടിരിക്കാവുന്ന ചിത്രമായിരിക്കും ഈ അച്ചായന്‍ പടം.

 

വാല്‍ക്കഷ്ണം: രണ്ടാംദിവസം ഹൗസ് ഫുള്‍ ആയിരുന്ന ചിത്രത്തിന് വരും ദിവസങ്ങളില്‍ കൂടുതല്‍ കുടുംബപ്രേക്ഷകരെ പ്രതീക്ഷിക്കാം. പുലിയോടുള്ള ഏറ്റുമുട്ടലില്‍ ഈ ചിത്രത്തിന്റെ വിധി പ്രേക്ഷകരുടെ കയ്യിലാണ്.

OTHER SECTIONS