വില്ലന്‍ പ്രേക്ഷകനോ അതോ സംവിധായകനോ ........ ?

By V.G.Nakul.14 Nov, 2017

imran-azhar
 
 
 
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു നാടന്‍ പ്രയോഗമുണ്ട്. മലയാള സിനിമയില്‍ ഈയിടെ കേട്ട ഒരു പ്രസ്ഥാവനയുമായി ബന്ധപ്പെടുത്തുമ്പോള്‍ ഈ പ്രയോഗം അര്‍ത്ഥവത്താകുന്നു. ഇവിടെ അങ്ങാടി തിയേറ്ററും അമ്മ പ്രേക്ഷകനുമാണ്. പരാജയപ്പെട്ട സംവിധായകന്‍ പറയുന്നതോ , എന്റെ സിനിമയ്ക്കല്ല കുഴപ്പം പ്രേക്ഷകര്‍ക്കാണെന്നും. ഇതൊരു സ്വയം ന്യായീകരിക്കല്‍ വ്യഗ്രതയായി പരിഗണിക്കാം. എങ്കിലും ഇത്തരം പരാതി പറച്ചിലുകള്‍ കൊണ്ടൊന്നും പരാജയം വിജയമാകില്ല. ഒരു സിനിമയുടെ വിജയം ആദ്യന്തികമായി അതിന്റെ മികവിനെയും പ്രേക്ഷകസ്വീകാര്യതയേയും അടിസ്ഥാനപ്പെടുത്തിയാണല്ലോ നിര്‍ണ്ണയിക്കപ്പെടുക. അല്ലാതെ താരങ്ങളുള്‍പ്പടെ മറ്റൊരു ആകര്‍ഷക ഘടകത്തിനും ഒരു സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനപ്പുറം പരമാവധി ആദ്യ വാരത്തിനപ്പുറം കാര്യമായ പങ്കില്ല. അപ്പോള്‍ പിന്നെ കോടികളുടെ മുടക്കു മുതലെന്നും പുത്തന്‍ സാങ്കേതിക വിദ്യയെന്നും പ്രീ റിലീസ് കച്ചവടമെന്നുമൊക്കെ തള്ളി മറിച്ചിട്ടെന്തു ഗുണം. എല്ലാം പരസ്യ തന്ത്രങ്ങള്‍ക്കായി ഉപയോഗിക്കാം. അതിനപ്പുറം സിനിമ വിജയിക്കാന്‍ അതിലൊരു മൗലികതയുണ്ടാകണം. പുതുമയും മികവുമുണ്ടാകണം. അല്ലാത്ത പക്ഷം സിനിമയിറങ്ങി പരാജയപ്പെട്ടാല്‍ രണ്ടാം വാരം മുതല്‍ പ്രേക്ഷകരെ കുറ്റം പറഞ്ഞും അവരെ സിദ്ധാന്തം പഠിപ്പിച്ചും സ്വയം ആശ്വസിക്കേണ്ടി വരും .......
 
 
കോടികകളുടെ കണക്കുകള്‍ എഴുന്നള്ളിക്കാതെ , യാതൊരു വിധ പരസ്യ കോലാഹലങ്ങളുമില്ലാതെ പല ചെറു ചിത്രങ്ങളും വലിയ ജനപ്രീതി നേടി വന്‍ വിജയങ്ങളാകുന്നതൊക്കെ , നല്ല കഥയും മനോഹരമായ ആഖ്യാനവുമാണെങ്കില്‍ മുടക്കു മുതലോ നൂതന സാങ്കേതികതകളോ എന്തിനേറെ താരം പോലുമോ പ്രസക്തമല്ല എന്നതിന്റെ തെളിവാണല്ലോ. മലയാളം പോലെ ഒരു ചെറിയ ഭാഷയില്‍ ഇവിടുത്തെ പ്രേക്ഷകന്റെ മനസ്സും ഇഷ്ടങ്ങളും മനസ്സിലാക്കി അത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട എത്രയെത്ര ചെറു ചിത്രങ്ങള്‍ ഉദാഹരണങ്ങളായി പരിഗണിക്കാം. അവരൊന്നും ഇത്ര രൂപ മുടക്കി ഇന്നയാളെ കൊണ്ടു വന്നു എന്നൊന്നും വീമ്പിളക്കി പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുവാനുള്ള വളഞ്ഞ വഴി കണ്ടെത്തിയവരല്ല. പകരം നല്ല സിനിമയെങ്കില്‍ അറിഞ്ഞും കേട്ടും പരസ്പരം പറഞ്ഞും ജനം തിയേറ്ററുകളിലെത്തും. അല്ലങ്കില്‍ ഈച്ച പോലും കടക്കാന്‍ മടിക്കുന്ന വെളിം പ്രദേശങ്ങളായി തിയേറ്ററുകള്‍ അധ:പതിക്കും. അപ്പോള്‍ കുഴപ്പം കാണിക്കോ സിനിമയ്‌ക്കോ ?
 
 
താരങ്ങള്‍ ആരാധകരെ നിലയ്ക്കു നിര്‍ത്തണം എന്നതാണ് ചില സംവിധായകരുടെ ആവശ്യം. ഇപ്പറയുന്നവര്‍ തന്നെയാണ് ആരാധകരെന്ന വര്‍ഗത്തെ സൃഷ്ടിക്കുവാനും വളര്‍ത്തുവാനും വേണ്ടും വിധം സഹായങ്ങളൊക്കെ നല്‍കിയതെന്നോര്‍ക്കുക. പ്രേക്ഷകരില്‍ നിന്നും ആരാധകരെ കണ്ടെത്തി വെള്ളവും വളവും നല്‍കി കയ്യടി - ആര്‍പ്പുവിളി യന്ത്രങ്ങളാക്കി പരുവപ്പെടുത്തിയും , താരത്തെ മഹത്വവത്കരിക്കുന്നതും അമാനുഷികരുമാക്കുന്നതുമായ സംഭാഷണങ്ങളും രംഗങ്ങളും കുത്തിത്തിരുകി , മറ്റു താരങ്ങളെയും അവരുടെ ആരാധകരെയും അവഹേളിക്കുന്ന തരത്തില്‍ ആരാധകര്‍ തമ്മിലുള്ള ഖോ ഖോ വിളികള്‍ക്കായി കളമൊരുക്കി കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന ഇവരൊക്കെ സ്വന്തം താത്പര്യങ്ങള്‍ക്ക് പരിക്കേള്‍ക്കുമ്പോള്‍ ആക്രോശങ്ങളുമായി ചാടിപ്പുറപ്പെടുന്നത് അപഹാസ്യമാണ്. അതുകൊണ്ട് തന്നെ ആരാധകരുടെ ഇത്തരം പ്രണണതകള്‍ക്ക് താരങ്ങളെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ ശരികേടുണ്ട്. ഈ പരാതി പറയുന്നവരോ താരങ്ങളില്ലാതെ സിനിമ സൃഷ്ടിക്കുവാന്‍ ധൈര്യമില്ലാത്ത സൈദ്ധാന്തികരാണെന്നതും മറ്റൊരു തമാശ. സ്വന്തം ഭാഷയിലെ വലിയ താരം മതിയാകാത്തതിനാല്‍ അന്യ ഭാഷകളില്‍ നിന്നും കിട്ടാവുന്നത്ര താരങ്ങളെ കൊണ്ടു വരുന്നതും ഇവരുടെ ശൈലിയാണല്ലോ. ഒരു പുതുമുഖത്തേയോ രണ്ടാം നിരക്കാരെന്നു കരുതപ്പെടുന്നവരെയോ കേന്ദ്ര കഥാപാത്രങ്ങളെ ഏല്‍പ്പിച്ച് സിനിമ സംവിധാനപ്പെടുത്തുന്നതായി ചിന്തിച്ചാല്‍ പോലും ഇത്തരക്കാരുടെ മുട്ടിടിക്കും , തല കറങ്ങും ................
 
 
കളക്ഷന്‍ റെക്കോഡാണ് ഇപ്പോള്‍ സിനിമയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്. ലഭിച്ചാല്‍ ( ആര്‍ക്കറിയാം ? ) ബിസിനസ്സ് എന്ന നിലയില്‍ അത് ഗുണകരമാണെങ്കിലും പല സിനിമകളും അത്തരം തള്ളലുകള്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. ആദ്യ ദിനം ഇത്ര കളക്ട് ചെയ്തു , നിലവിലെ റെക്കോഡ് തകര്‍ത്തു എന്നൊക്കെ വീമ്പ് പറഞ്ഞ പല സിനിമകളും തിയേറ്ററില്‍ രണ്ടാം വാരം ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി കളം വിട്ട കഥ നാട്ടില്‍ പാട്ടാണ്. അന്‍പതും എഴുപതും കോടി നേടിയതായി അവകാശപ്പെടുന്ന പല സിനിമകളും സര്‍ക്കാര്‍ കണക്കുകള്‍ പരിശോധിച്ചാല്‍ അതിന്റെ നാലില്‍ ഒരംശം പോലും വരുമാനമുണ്ടാക്കിയിട്ടില്ല എന്നു മനസ്സിലാക്കാം. ഇത്തരത്തില്‍ ആദ്യ ദിന കളക്ഷന്‍ കാട്ടിയും കോടികളുടെ വരുമാനം പരസ്യപ്പെടുത്തിയും റിലീസ് തിയേറ്ററുകളുടെ എണ്ണം പറഞ്ഞും സിനിമയെ വിജയമാക്കി സ്ഥാപിക്കല്‍ അടുത്തിടേയാണ് മലയാളത്തില്‍ സജീവമായത്. സോഷ്യല്‍ മീഡിയയുടെ അതി പ്രസരവും ആരാധകരുടെ പോര്‍ വിളികളും അതിന്റെ വിപണി സാധ്യതകള്‍ തിരിച്ചറിഞ്ഞ മാധ്യമങ്ങളും ചേര്‍ന്ന് രംഗം കൊഴുപ്പിച്ചു. എന്നാല്‍ ഇത്തരം നാടകങ്ങള്‍ യഥാര്‍ത്ഥ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഏതെങ്കിലുമൊരാള്‍ ഒരു വിവരാവകാശ രേഖ തപ്പിയെടുത്ത് ഈ പറയുന്ന പല സിനിമകളുടെയും യഥാര്‍ത്ഥ വരുമാനം തെളിയിച്ചാല്‍ വിസ്മ്യതിയിലാകാവുന്നതേയുള്ളു പല ചരിത്ര വിജയങ്ങളും. ഇത്തരത്തില്‍ കളക്ഷന്‍ യുദ്ധത്തിനുള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ കൊണ്ട് ചുടു ചോറ് വാരിപ്പിക്കുന്നവരാണിപ്പോള്‍ അവരെ കുറ്റം പറയുന്നതെന്നത് മറ്റൊരു തമാശ. ചുരുക്കത്തില്‍ മുടക്കു മുതലോ നവീന സാങ്കേതികതയുടെ ധാരാളിത്തമോ ആദ്യ ദിന തള്ളുകളോ അല്ല നല്ലതാണെങ്കില്‍ ഏത് സിനിമയും വിജയിക്കും. തര്‍ക്കം വേണ്ട. അല്ലാതെ കണ്ടു പഴകിയതൊക്കെ പുതിയ കുപ്പിയിലാക്കി വീണ്ടും കുടിപ്പിക്കാന്‍ ശ്രമിക്കരുതേ ......
 
 
പതിനഞ്ചു വര്‍ഷങ്ങള്‍ അതില്‍ തന്നെ അഞ്ചു വര്‍ഷങ്ങളേ ആയിട്ടുള്ളു ഇത്തരം ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടുകള്‍ മലയാള സിനിമയെ അര്‍ബുദം പോലെ ബാധിച്ചിട്ട്. നേരത്തേ പറഞ്ഞ പോലെ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് ഒരു വിശ്വാസ്യതയുമില്ലാത്ത തരത്തില്‍ എന്തും ഏതും പറഞ്ഞും പ്രചരിപ്പിച്ചും പ്രേക്ഷകരെ പറ്റിക്കുന്ന ഏര്‍പ്പാട് ഇന്‍ഡസ്ട്രിക്കാകെ ദോഷമേ ചെയ്യു. കാണാന്‍ കൊള്ളാത്ത എന്തെങ്കിലുമൊന്ന് പടച്ചുണ്ടാക്കി അഭിനവ കുറസോവയാണെന്ന് സ്വയം ചമയുന്ന അല്‍പ്പന്‍മാരുടെ വിഹാര കേന്ദ്രമായി മലയാള സിനിമ മാറിയതിന്റെ ഫലമാണ് ഈ പരാതി പറച്ചിലുകള്‍. ഇതിനൊാെക്ക മുന്‍പ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ജയറാമും ദിലീപും പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോ ബോബനും വരയുള്ളവര്‍ ജനപ്രീതി നേടിയതും അവരുടെ സിനിമകള്‍ വിജയങ്ങളായതും ഇത്തരം തള്ളുകളുടെ സഹായത്താലല്ല. ഇവരാരും സിനിമ മോശമാണെങ്കിലും പരാജയപ്പെട്ടാലും പ്രേക്ഷകരുടെ സെന്‍സിബിലിറ്റി ചോദ്യം ചെയ്യാന്‍ വാളും പരിചയുമായി ചാടിയിറങ്ങിയിട്ടുമില്ല. പകരം നല്ല ഒന്നിനായുള്ള ശ്രമങ്ങളിലേര്‍പ്പെട്ടു. അതില്‍ വിജയിച്ചു. അക്കാലത്തൊക്കെ സംവിധായകരും ഇത്തരമൊരു മാന്യത പുലര്‍ത്തി. 
 
 
കാലം മാറി സിനിമയും. പ്രേക്ഷകരുടെ ചിന്താ ഗതികളും , സാങ്കേതികതകളും പുരോഗമിച്ചു. എല്ലാം സത്യം. അംഗീകരിക്കുന്നു. പക്ഷേ ഒന്നുണ്ടല്ലോ , എന്തൊക്കെ എങ്ങിനെെയാക്കെ കാട്ടിയാലും ഒരു സിനിമ വിജയിക്കണമെങ്കില്‍ അതു നല്ലതായിരിക്കണം. അല്ലാത്ത പക്ഷം പല സംവിധായക പ്രമാണിമാരും ഇത്തരത്തില്‍ പ്രേക്ഷകരെ കൊഞ്ഞണം കുത്തി കാലം കഴിക്കേണ്ടി വരും. എങ്കിലും ഒന്നു മാത്രം ഓര്‍ക്കുക , പ്രേക്ഷകര്‍ മണ്ടരല്ല 

OTHER SECTIONS