ഈ പയ്യന്മാർ ചിരിപ്പിക്കും ..

By Farsana Jaleel.28 Oct, 2017

imran-azhar

 


ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിശ്വ വിഖ്യാതരായ പയ്യന്‍മാര്‍ തിയേറ്ററുകളില്‍. മോഹന്‍ലാല്‍-ബി.ഉണ്ണികൃഷ്ണന്‍റെ വില്ലന്‍ പോലുള്ള ബിഗ് ബഡ്ജറ്റ് ചിത്രവും വിശ്വ വിഖ്യാതരായ പയ്യന്‍മാരും ഒരേദിനം തിയേറ്ററുകളിലെത്തുമ്പോള്‍ പയ്യന്‍മാര്‍ ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഒരു ഭാഗത്ത് ക്രൈം ത്രില്ലര്‍, മറ്റൊരു ഭാഗത്ത് ചിരിയുടെ വിരുന്നൊരുക്കി ഒരുക്കൂട്ടം ചെറുപ്പക്കാര്‍. പ്രേക്ഷകര്‍ അല്‍പം ഒന്ന് ചിന്തിച്ചു. രണ്ട് മണിക്കൂര്‍ ചിരിക്കണോ അതോ സീരിയസ് ആകണോ എന്ന്.


വില്ലനെ കാണാന്‍ എത്തിയത് പോലെ പയ്യന്‍മാരെ കാണാനും ആളുകളെത്തി. നടനും സഹനടനുമായ ദീപക് പാറുമ്പോൾ നായകനാകുന്ന ചിത്രത്തില്‍ ലീമ ബാബു(താരുഷി)വാണ് നായികയായെത്തുന്നത്. ചിരിയുടെ രസക്കൂട്ടുമായി അജൂ വര്‍ഗീസും ദീപക് പറമ്പോല്‍ ഹരീഷും സംഘവും രണ്ടു മണിക്കൂര്‍ ബോറഡിപ്പിക്കാതെ കൊണ്ടുപോയി. പ്രണയവും സൗഹൃദവും അവരുടെ പ്രശ്നങ്ങളും വരച്ചുകാട്ടുന്ന ചിത്രത്തില്‍ സൗഹൃദക്കാഴ്ച്ചകളുടെ തുടര്‍ക്കഥകള്‍ പ്രകടമാണെങ്കില്‍ കൂടിയും മറ്റു ചിത്രങ്ങളില്‍ നിന്നും ഈ പയ്യന്‍മാര്‍ വ്യത്യസ്ഥത പുലര്‍ത്തുന്നുണ്ട്. അതില്‍ നവാഗത സംവിധായകന്‍റെ പങ്ക് എടുത്തുപറയേണ്ടതാണ്.


ആക്ഷന്‍ സീക്വന്‍സുകളോ ദുഷ്കരമായ സ്വീക്വന്‍സുകളോ ഒന്നും തന്നെയില്ലാതെ തമാശയും, സൗഹൃദവും പ്രണയവും ഗാനങ്ങളുമായി ലളിതമായ കഥയിലൂടെയാണ് ചിത്രം നീങ്ങുന്നത്. പരിമിതികളെ അതിജീവിച്ചെത്തിയ ചിത്രത്തില്‍ ഹരീഷ് കണാരന്‍, മനോജ് കെ.ജയന്‍, സുധി കോപ്പ, ദേവന്‍ എന്നിവരുടെ പങ്കും പയ്യന്‍മാര്‍ക്ക് തിളക്കം കൂട്ടി.


നവാഗതനായ രാജേഷ് കണ്ണങ്കര തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുക്കിയ ചിത്രം കീര്‍ത്തന മൂവീസിന്‍റെ ബാനറില്‍ റെജിമോന്‍ കപ്പപ്പറമ്പിലാണ് നിര്‍മ്മാണം. ആനന്ദ് മധുസൂധനന്‍റേ പശ്ചാത്തല സംഗീതത്തില്‍ സന്തോഷ് വര്‍മ്മ, വിശാല്‍ അരുണ്‍ റാം എന്നിവര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തിന്‍റെ ഗാനങ്ങളും മോശമായില്ല. പ്രശാന്ത് കൃഷ്ണയുടെ ഛായാഗ്രഹണവും പ്രേക്ഷകരുടെ കണ്ണുകളെ ബോറടിപ്പിച്ചില്ല.

ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന സൗഹൃദങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രണയം ഇഷ്ടപ്പെടുന്നവര്‍ മടിച്ചു നില്‍ക്കേണ്ട.....വേഗം ടിക്കറ്റെടുത്തോളു......

OTHER SECTIONS