പരിക്കുപറ്റിയിട്ടും മണിരത്‌നം സാര്‍ തുടരാന്‍ അനുവദിച്ചു, വേണമെങ്കില്‍ എന്നെ ഒഴിവാക്കാമായിരുന്നു, ആ ധൈര്യത്തെ ആദരിക്കാതെ വയ്യ

By RK.19 09 2021

imran-azhar

 

 

ബാബു ആന്റണി ശസ്ത്രക്രിയയ്ക്ക് വിധേയനായി. മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടു മാസം മുമ്പാണ് പരിക്കേറ്റത്. ശസ്ത്രക്രിയ വിജയമായിരുന്നെന്നും ഇപ്പോള്‍ വിശ്രമത്തിലാണെന്നും താരം അറിയിച്ചു.

 

പൊന്നിയന്‍ സെല്‍വത്തിന്റെ ചിത്രീകരണ വിശേഷങ്ങളും ആശുപത്രി അനുഭവങ്ങളും താരം കുറിപ്പിലൂടെയാണ് പങ്കുവച്ചത്.

 

പൊന്നിയിന്‍ സെല്‍വം ഷൂട്ടിന്റെ തുടക്കത്തില്‍ എന്റെ ഇടതുതോളിനേറ്റ പരിക്ക് ഒടുവില്‍ ഭേദമാക്കി. രാവിലെ 10.20 ന് അവര്‍ എന്നെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയി. ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലേക്ക് വിട്ടു.

 

എന്റെ കയ്യിലെ അറ്റകുറ്റപണികള്‍ തീര്‍ക്കാന്‍ അവര്‍ക്ക് വേണ്ടി വന്നത് വെറും അരമണിക്കൂര്‍. ഷൂട്ടിനിടയിലും ഞാന്‍ വളരെയധികം സൂക്ഷിച്ചിരുന്നത് കൊണ്ട് പരിക്ക് പറ്റി രണ്ടു മാസമായിട്ടും കൂടുതല്‍ മോശമായില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

 

തമാശ എന്താണെന്നു വച്ചാല്‍, ഷൂട്ടിനിടെ ഈ കൈ വച്ച് ഞാന്‍ കുതിരപ്പുറത്ത് കയറുകയും സിനിമയിലെ ശത്രുക്കളോട് പോരാടുകയും ചെയ്തിരുന്നു. ഈ കാര്യം പക്ഷേ, ഞാന്‍ ഡോക്ടറോട് പറഞ്ഞില്ല.

 

ഞാനൊരു അഭിനേതാവാണെന്ന് ആശുപത്രിയിലെ ആ ഫ്‌ലോറിലുള്ള ഒരു ഇന്ത്യന്‍ ഡോക്ടര്‍ വഴി എല്ലാവരും അറിഞ്ഞിരുന്നു. സര്‍ജറി ലിസ്റ്റില്‍ എന്റെ പേരു കണ്ട് തിരിച്ചറിഞ്ഞ ആ ഡോക്ടര്‍ ഒരു കുട്ടിയെപ്പോലെ ആവേശഭരിതനായിട്ടാണ് സഹപ്രവര്‍ത്തകരോട് എന്നെക്കുറിച്ച് സംസാരിച്ചത്. ഇദ്ദേഹം വളരെ പ്രശസ്തനായ ഗംഭീര നടനാണ് എന്നായിരുന്നു ആ ഡോക്ടര്‍ പറഞ്ഞത്. അദ്ദേഹം ഡ്യൂട്ടിയിലായതിനാല്‍ മറ്റൊരാളെക്കൊണ്ട് എന്റെ ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. അവരുടെ സ്‌നേഹവും സഹകരണവും നല്ല പരിചരണവും എന്റെ പരിക്കിനെ ഭേദമാക്കി.

 

ഇവിടെ സര്‍ജറി ചെയ്താല്‍ ഇന്ത്യയില്‍ കിട്ടുന്നതുപോലെ വേണ്ട ശ്രദ്ധയും പ്രത്യേക പരിഗണനയും കിട്ടില്ല എന്ന ഒരു മണ്ടന്‍ ധാരണ എനിക്കുണ്ടായിരുന്നു. പക്ഷേ, അതൊരു തെറ്റായ തോന്നലാണെന്ന് എനിക്കിവിടെ നിന്നും കിട്ടിയ കരുതലും ശ്രദ്ധയും അനുഭവിച്ചപ്പോള്‍ മനസ്സിലായി.

 

നല്ല ആക്ഷന്‍ രംഗങ്ങള്‍ ആവശ്യപ്പെടുന്ന ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍. എന്റെ തോളെല്ലിന് വലിയ പരിക്കാണ് പറ്റിയതെന്ന് എംആര്‍ഐ കണ്ടു മനസ്സിലാക്കിയിട്ടും മണിരത്‌നം സര്‍ എന്നെ തുടരാന്‍ അനുവദിച്ചു. ആ ധൈര്യം കാണിച്ചതിനെ ആദരിക്കാതെ വയ്യ. കാരണം, ഷൂട്ടിന്റെ തുടക്കത്തില്‍ സംഭവിച്ച പരിക്കായതിനാല്‍ അദ്ദേഹത്തിന് വേണമെങ്കില്‍ എന്നോട് ഖേദം പ്രകടിപ്പിച്ച് ഒഴിവാക്കാമായിരുന്നു. ഞാന്‍ അമേരിക്കയിലേക്ക് തിരിച്ചു വരാന്‍ തയ്യാറുമായിരുന്നു.

 

ചുരുക്കിപ്പറഞ്ഞാല്‍, കഴിഞ്ഞ രണ്ടുമാസം സന്തോഷത്തോടെ അവസാനിച്ച ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെ ആയിരുന്നു. പുഷ് അപ്പും പുള്‍ അപ്പും ഒഴികെ ബാക്കിയെല്ലാ കാര്യങ്ങളും മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.

 

ബാബു ആന്റണി കുറിപ്പില്‍ പറയുന്നു.

 

 

 

 

 

OTHER SECTIONS