നടന്‍ നെടുമുടി വേണു അന്തരിച്ചു, അരങ്ങൊഴിഞ്ഞത് അതുല്യകലാകാരന്‍

By Greeshma padma.11 10 2021

imran-azhar

 


നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. മലയാളത്തിലും ഇന്ത്യന്‍ സിനിമയിലും അഭിനയ പ്രതിഭയായിരുന്നു നെടുമുടി വേണു.


നായകനായും, വില്ലനായും, സഹനടനായും, അച്ഛനായും, അമ്മാവനായും തുടങ്ങി ഏത് കഥാപാത്രവും തന്റേയായ ശൈലിയില്‍ ചെയ്യാന്‍ എക്കാലവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.


ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായിവേണു. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ്. ഡി കോളേജില്‍ പഠിക്കുന്ന കാലത്ത് സംവിധായകന്‍ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയില്‍ നെടുമുടി വേണുവിന്റെ സിനിമ ജീവിതത്തില്‍ നിര്‍ണായകമായി മാറി.

 

കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ച വേണുഗോപാല്‍ പിന്നീട് നാടകരംഗത്ത് സജീവമായി. ഇക്കാലയളവിലാണ് വേണുഗോപാല്‍ എന്ന പേരിന് പകരം നെടുമുടി വേണു എന്ന സ്ഥിരം വിലാസത്തിലേക്ക് ഈ നടന്‍ മാറുന്നത്. നാടകത്തില്‍ സജീവമായിരിക്കെയാണ് നെടുമുടി സിനിമയില്‍ എത്തിയത്. എണ്‍പതുകളില്‍ സംവിധായകരായ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവര്‍ത്തിച്ചു. ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടന്‍ എന്ന നിലയില്‍ തന്റെ ഇടം രേഖപ്പെടുത്തി. സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയില്‍ അദ്ദേഹം സജീമായിരുന്നു എന്നതും മറ്റൊരു സവിശേഷതയാണ്.

 

 

 

OTHER SECTIONS