ആഘോഷങ്ങളും, ആരവങ്ങളുമില്ലാതെ മകളുടെ ഈ ജന്മദിനവും കടന്നുപോയി; കുറിപ്പ് പങ്കുവെച്ച് പ്രേംകുമാർ

By സൂരജ് സുരേന്ദ്രന്‍.21 10 2021

imran-azhar

 

 

മകളുടെ പിറന്നാളിനോടനുബന്ധിച്ച് നടന്‍ പ്രേം കുമാര്‍ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യങ്ങളിൽ വൈറലാകുന്നു. പതിവ് പോലെ ഇക്കുറിയും തന്റെ മകളുടെ ഈ ജന്മദിനവും ആഘോഷങ്ങളില്ലാതെയാണ് കടന്നുപോയെതെന്ന് പ്രേം കുമാര്‍ കുറിച്ചു. സിനിമയിൽ മുൻനിര നായക വേഷങ്ങൾ ചെയ്ത് സജീവമായിരുന്ന കാലത്താണ് പ്രേംകുമാർ വിവാഹിതനാകുന്നത്. ബന്ധുക്കളും, ബാല്യകാല സുഹൃത്തുക്കളും, നാട്ടുകാരും അടക്കം വളരെ കുറച്ച് പേർ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നത്. വളരെ ലളിതമായി നടന്നൊരു വിവാഹച്ചടങ്ങായിരുന്നു അത്.

 

വിവാഹത്തിന് സിനിമ മേഖലയിൽ നിന്നും ആരെയും വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നില്ല പ്രേംകുമാർ. വിവാഹ ശേഷം ഭാര്യയോടൊപ്പമുള്ള ആദ്യ യാത്ര ശ്രീചിത്ര പുവർ ഹോമിൽ. അവിടെ നിന്നും പോളിയോ ഹോം, തിരുവനന്തപുരത്തെ ചില അനാഥാലയങ്ങൾ. അവിടെയുള്ള അന്തേവാസികൾക്ക് മധുരം വിളമ്പിയായിരുന്നു വിവാഹ ജീവിതം ആരംഭിച്ചത്. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രേംകുമാർ-ജിഷ പ്രേം ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നത്.

 

മകൾ ഇപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ലോകമൊട്ടാകെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബാല്യങ്ങളെയോര്‍ത്ത് മകളുടെ ജന്മദിനം ഇതുവരെ പ്രേംകുമാർ ആഘോഷിച്ചിട്ടില്ല. ജീവിതം ആഘോഷപൂർണവും ആർഭാടവുമാക്കാൻ ദരിദ്രജനകോടികളുടെ നടുവിൽ ജീവിക്കുന്ന മനുഷ്യന് അവകാശമില്ല എന്ന ചിന്തയാണ് തന്റെ ജീവിതത്തിൽ നിന്നും ഇത്തരം ആഘോഷങ്ങളും ഉപേക്ഷിക്കാൻ കാരണമെന്നും പ്രേംകുമാർ പറയുന്നു.


പ്രേം കുമാറിന്റെ കുറിപ്പ് വായിക്കാം

 

ഓർക്കാനൊരു ജന്മദിനംപോലുമില്ലാത്ത കുഞ്ഞുങ്ങൾ...
തങ്ങൾക്ക് ഓർക്കാനും - തങ്ങളെ ഓർക്കാനും, ആരുമില്ലാത്ത കുഞ്ഞുങ്ങൾ...
ഓർമകളിൽ പോലും ഒരാളുമില്ലാത്ത അനാഥരായ കുഞ്ഞുങ്ങൾ...
'ഓർക്കരുതാത്തതുകൾ' മാത്രം… 'ഓർമിക്കാനുള്ള' കുഞ്ഞുങ്ങൾ.
ഓർമകൾ പോലുമില്ലാത്ത കുഞ്ഞുങ്ങൾ...
ഉപേക്ഷിക്കപ്പെട്ട - എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട - അവകാശികളില്ലാത്ത കുഞ്ഞുങ്ങൾ
തെരുവോരങ്ങളിലെ അനാഥരായ കുഞ്ഞുങ്ങൾ...
ചേരികളിലും അതിനെക്കാൾ പരിതാപകരമായ ഇടങ്ങളിലും അലയുന്ന, ജീവിതത്തിന്റെ ചെളിക്കുണ്ടുകളിൽ വീണുലയുന്ന പാർശ്വവത്കരിക്കപ്പെട്ട പാവം കുഞ്ഞുങ്ങൾ...
ഒരല്പം ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ വിശന്നുകരയുന്ന നിരാംലബ ബാല്യങ്ങൾ...
ദാരിദ്ര്യത്തിന്റെ, നരകയാതനയുടെ ദീനരോദനം മുഴക്കുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾ...
പഠിക്കേണ്ട പ്രായത്തിൽ അതിനു കഴിയാതെ കുടുംബത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി ബാലവേലയ്ക്ക് നിർബന്ധിതരാകുന്ന കുഞ്ഞു ബാല്യങ്ങൾ...
ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന നിരാശ്രയരായ കുഞ്ഞുങ്ങൾ...
പട്ടിണിയിലും ഇരുട്ടിലുമുഴലുന്ന, ആദിവാസി ഊരുകളിൽ - പോഷകാംശം ലേശവുമില്ലാതെ മരിച്ചുവീഴുന്ന കുരുന്നുകുഞ്ഞുങ്ങൾ...
മാരകരോഗങ്ങൾ -
അംഗവൈകല്യം -
ബുദ്ധിമാന്ദ്യം - തുടങ്ങി ഈ ലോകത്തിന്റെ വർണ്ണവും വെളിച്ചവും മനോഹാരിതയുമെല്ലാം നിഷേധിക്കപ്പെട്ട് - ഒന്നും അറിയാനാകാതെ, ഇരുളിലുഴലുന്ന കുഞ്ഞുങ്ങൾ.
ലോകമെമ്പാടുമുള്ള നിസ്സഹായരായ ഈ കുഞ്ഞുമക്കളെയെല്ലാം ഓർത്തുകൊണ്ട് -
അവരെക്കുറിച്ചുള്ള നീറുന്ന ചിന്ത ഉള്ളിൽ നിറച്ചുകൊണ്ട് -
ആ കുഞ്ഞു ബാല്യങ്ങളെയെല്ലാം ഹൃദയത്തോട് ചേർത്തുകൊണ്ട് -
അവർക്കായി മനമുരുകി പ്രാർത്ഥിച്ചുകൊണ്ട് -
എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ
ദൈവം കനിഞ്ഞു നൽകിയ
ഞങ്ങളുടെ കുഞ്ഞിന്റെ
ഒരു ജന്മദിനംകൂടി
പതിവുപോലെ
ഓരാഘോഷവും ആരവങ്ങളുമില്ലാതെ
കടന്നുപോയി...
ഞങ്ങളുടെ കുഞ്ഞിനെ ഓർമിച്ചവർക്ക്,
ആശംസകളറിയിച്ചവർക്ക്,
പ്രാർത്ഥിച്ചവർക്ക്...
ഏവർക്കും... ഏവർക്കും ഹൃദയം നിറഞ്ഞ
നന്ദി......
എല്ലാവർക്കും എല്ലാ നന്മയും സ്നേഹവും സന്തോഷവും സമാധാനവുമാശംസിക്കുന്നു...
ഹൃദയപൂർവ്വം
പ്രേംകുമാർ - ജിഷാപ്രേം.

 

OTHER SECTIONS