ശ്രീക്കുട്ടിയെ പോലെയല്ല സ്വസ്തിക

By Rajesh Kumar.11 06 2019

imran-azhar

കൗമാരത്തിന്റെ പിടിവാശിയും ദേഷ്യവുമൊക്കെയുള്ള അമൃത ടിവിയിലെ ദേവാംഗന സീരിയലിലെ ശ്രീക്കുട്ടി. ശ്രീക്കുട്ടിയായി എത്തുന്നത് ശാസ്തമംഗലം പൈപ്പിന്‍മൂട് മനോജിന്റെയും ബിന്ദുവിന്റെയും മകള്‍ സ്വസ്തിക ബി. മനോജ് ആണ്. മികച്ച ബാലതാരത്തിനുള്ള ഇക്കൊല്ലത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ശ്രീക്കുട്ടിയിലൂടെ സ്വസ്തികയ്ക്കു ലഭിച്ചു. ശ്രീക്കുട്ടിയില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് നാലാഞ്ചിറ സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരിയായ സ്വാസ്തിക. പതുക്കെ, അല്പം നാണം കലര്‍ന്ന ചിരിയോടെയുള്ള സംസാരം. സ്‌കൂള്‍ തുറന്ന ദിവസമാണ് സ്വസ്തികയെ കാണാനെത്തിയത്. 'അവാര്‍ഡ് കിട്ടിയതില്‍ സ്‌കൂളില്‍ എല്ലാവര്‍ക്കും വലിയ സന്തോഷം. ലഡുവൊക്കെ കൊടുത്തു.' ആദ്യ അവാര്‍ഡിന്റെ ആഹ്ലാദം വാക്കുകളില്‍ നിറച്ച് സ്വസ്തിക പറഞ്ഞു.

 

സിസിഎല്ലിലെ സുന്ദരിക്കുട്ടി

സെലിബ്രിട്ടി ക്രിക്കറ്റ് ലീഗിന്റെ പരസ്യചിത്രത്തിലൂടെയാണ് സ്വസ്തികയുടെ തുടക്കം. ഇതിലേക്ക് സ്വസ്തികയെ നിര്‍ദ്ദേശിച്ചത് ഗായിക രാജലക്ഷ്മിയാണ്. ഹിജാബ് ധരിച്ച് മനോഹരമായ ചിരിയോടെ അമ്മയുടെ കൈപിടിച്ചുനീങ്ങുന്ന സുന്ദരിക്കുട്ടിയായി സ്വസ്തിക ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി പരസ്യചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും വേഷമിട്ടു. സൂര്യ ടിവിയിലെ സരയു ആണ് സ്വസ്തികയുടെ ആദ്യ പരമ്പര. അന്ന് ഏഴു വയസ്സാണ്. ജി. ആര്‍. കൃഷ്ണന്‍ ഒരുക്കിയ സരയുവില്‍ സീന ആന്റണിയുടെ മകള്‍ കുഞ്ചുവായാണ് അഭിനയിച്ചത്. ആദ്യമായി സീരിയലില്‍ അഭിനയിക്കാനെത്തിയപ്പോള്‍ എന്തുതോന്നി. സ്വസ്തികയോട് ചോദിച്ചു. 'പേടിയൊക്കെ ഉണ്ടായിരുന്നു. പേടിക്കണ്ട, പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന് അമ്മ പറഞ്ഞു. പിന്നെ പേടിയൊക്കെ മാറി.'
ഷാജഹാന്‍ സംവിധാനം ചെയ്ത സപന്ദനമാണ് രണ്ടാമത്തെ സീരിയല്‍. നന്ദിനിയുടെ മകളായാണ് അഭിനയിച്ചത്. ശങ്കര്‍ വാളത്തുംഗലിന്റെ ഇഷ്ടത്തിലേക്ക് സ്വസ്തികയെ നിര്‍ദ്ദേശിച്ചത് ബഡായി ബംഗാളിവിലൂടെ ശ്രദ്ധേയയായ ആര്യയാണ്. മൂന്നുപെണ്ണുങ്ങള്‍ എന്ന സീരിയലില്‍ അനീഷ് രവിയുടെയും സാന്ദ്രയുടെയും മകളായി അഭിനയിച്ചു.

 

അമ്മയ്ക്കും മകള്‍ക്കും അവാര്‍ഡ്

സീന ആന്റണിയുടെ മകളായാണ് സീരിയലില്‍ സ്വസ്തികയുടെ അരങ്ങേറ്റം. സംസ്ഥാന അവാര്‍ഡ് നേടിയ ദേവാംഗനയിലും സീന ആന്റണിയുടെ മകളായാണ് സ്വസ്തിക അഭിനയിക്കുന്നത്. ദേവാംഗനയിലെ കഥാപാത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സീന ആന്റണിയും സ്വന്തമാക്കി. സീരിയലിലെ 'അമ്മയ്ക്കും മകള്‍ക്കും' അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് സ്വസ്തിക. എട്ടാം ക്ലാസുകാരിയായ സ്വസ്തിക ദേവാംഗനയില്‍ പതിനഞ്ചുകാരിയായാണ് അഭിനയിക്കുന്നത്. യുഡി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന സീരിയലിന്റെ സംവിധായിക വൈജയന്തിയാണ്.

 

ആമിയിലെ സുലോചന

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം പകര്‍ത്തിയ കമലിന്റെ ആമിയിലും സ്വസ്തിക വേഷമിട്ടു. മാധവിക്കുട്ടിയുടെ അനിയത്തി സുലോചന നാലപ്പാടിന്റെ ബാല്യകാലമാണ് അവതരിപ്പിച്ചത്. ആമിയുടെ ലൊക്കേഷനില്‍ ഇഷ്ടതാരം മഞ്ജുവാരിയറെ നേരിട്ടുകണ്ടതിന്റെ സന്തോഷവും സ്വസ്തിക പങ്കുവച്ചു. 'മഞ്ജുച്ചേച്ചി പേര് ചോദിച്ചു. ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്നും ചോദിച്ചു.' ഒറ്റപ്പാലത്തും കൊല്‍ക്കത്തയിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. കൊല്‍ക്കത്ത സ്വസ്തികയ്ക്ക് ഏറെ ഇഷ്ടമായി. താന്‍ അവതരിപ്പിച്ച കഥാപാത്രം സുലോചന നാലപ്പാടിനെ നേരിട്ടുകണ്ട് സ്വസ്തിക സംസാരിച്ചു; ഒപ്പം നിന്ന് ഫോട്ടോയും എടുത്തു.

 

ഡിക്യുവും പിന്നെ മമ്മുക്കയും

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമാണ് സ്വസ്തികയുടെ ഇഷ്ട നടന്മാര്‍. ഇരുവരുടെയും എല്ലാ സിനിമകളും കാണും. മമ്മൂക്കയെയും ഡിക്യുവിനെയും നേരിട്ടുകണ്ടാല്‍ എന്തുചോദിക്കും? 'അയ്യോ, എനിക്കു വലിയ സര്‍പ്രൈസ് ആയിരിക്കും. സംസാരിക്കാന്‍ വായില്‍ ഒന്നും വരില്ല, ഉറപ്പാ.' മഞ്ജുവാരിയര്‍ക്കൊപ്പം പാര്‍വതി തിരുവോത്തും സ്വസ്തികയുടെ പ്രിയപ്പെട്ട നടിയാണ്.

 

സ്‌കൂളിലെ കുട്ടിത്താരം

സ്‌കൂളില്‍ താരമാണ് സ്വസ്തിക. ഫാന്‍സൊക്കെയുണ്ടോ? 'എല്ലാവര്‍ക്കം ഭയങ്കര കാര്യമാണ്. ടീച്ചേഴ്‌സൊക്കെ നന്നായി ഹെല്‍പ്പ് ചെയ്യും.' 'കുഴപ്പമില്ലാതെ പഠിക്കും' എന്നാണ് സ്വന്തം പഠനകാര്യത്തില്‍ സ്വസ്തികയുടെ വിലയിരുത്തല്‍. ആദ്യമായി സ്‌കൂളില്‍ എത്തിയപ്പോള്‍ അടുത്തിരുത്താന്‍ കുട്ടികള്‍ മത്സരിച്ചെന്നു പറയുമ്പോള്‍ സ്വസ്തികയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം. പഠിച്ച് സിവില്‍ സര്‍വീസ് നേടണം എന്ന ആഗ്രഹമാണ് ഇപ്പോള്‍. അപ്പോള്‍ അഭിനയമോ? അത് എപ്പോഴും ഇഷ്ടമുള്ളതല്ലേ എന്ന ഭാവത്തില്‍ സ്വസ്തിക ചിരിച്ചു. ജൂനിയര്‍ മഞ്ജുവാരിയര്‍ എന്നാണ് പലരും തന്നെ വിളിക്കുന്നതെന്നു പറയുമ്പോള്‍ സ്വസ്തികയുടെ മുഖത്ത് നാണത്തില്‍ പൊതിഞ്ഞ പുഞ്ചിരി.
അച്ഛന്‍ മനോജ് ബിസിനസുകാരനാണ്. അമ്മ ബിന്ദു വീട്ടമ്മയും. നര്‍ത്തകി കൂടിയാണ് ബിന്ദു. ചേട്ടന്‍ ആദിത്യ ബി മനോജ് എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ്.

 

OTHER SECTIONS