'മരണമില്ലാത്ത വസന്തമാണ് സഖാവേ നീ...അഭീ നീ എന്നില്‍ എവിടെയോ ഉണ്ട്...അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിച്ച് തിരശീലയിലെ അഭിമന്യു

By ആതിര മുരളി.02 07 2020

imran-azhar

 

 

മഹാരാജാസ് കോളേജ് ക്യാമ്പസ്സില്‍ കൊല്ലപ്പെട്ട അഭിമന്യുവിനെ ഇന്നും ഒരു വിങ്ങലോടെയല്ലാതെ നമുക്ക് ഓര്‍ക്കാന്‍ കഴിയില്ല.... എന്നാല്‍, അതേ അഭിമന്യുവിനെ തിരശീലയ്ക്ക് മുന്നില്‍ കൊണ്ടുവന്ന് കയ്യടിനേടിയ ഒരു ചെറുപ്പക്കാരനുണ്ട്... 'പദ്മവ്യൂഹത്തിലെ അഭിമന്യു 'എന്ന ചിത്രത്തിലൂടെ യഥാര്‍ത്ഥ അഭിമന്യുവിനെ പ്രേക്ഷകമനസ്സിലേക്ക് കൂടുതല്‍ ആഴത്തില്‍ പതിപ്പിച്ച കഥാപാത്രം... ആകാശ് ആര്യന്‍ എന്ന കലാകാരനെ ഇന്നും നമ്മള്‍ ഓര്‍ക്കുന്നത് അഭിമന്യുവിന്റെ പേരിലാണ്. 

 

മഹാരാജാസ് കോളേജില്‍ അരങ്ങേറിയ അക്രമ രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാകേണ്ടിവന്ന അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് രണ്ടുവര്‍ഷം തികയുമ്പോള്‍, യഥാര്‍ത്ഥ അഭിമന്യുവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് ആകാശ് എഴുതിയ ഫേസ്ബുക് കുറിപ്പ് ഏതൊരാളെയും അഭിമന്യുവിന്റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

 

'മരണമില്ലാത്ത വസന്തമാണ് സഖാവെ നീ... അഭീ നീ എന്നിലെവിടെയോ ഉണ്ട്... മോണകാട്ടിയുള്ള ആ ചിരിയുമൊളിപ്പിച്ചു 'ഓജി' എന്ന വാക്കും പറഞ്ഞ് എവിടെയോ താനുണ്ട്...'. അഭിമന്യുവിനെ ഓര്മിച്ചുകൊണ്ടുള്ള ആകാശിന്റെ കുറിപ്പ് അഭിമന്യു എന്ന കഥാപാത്രത്തോട് എത്രത്തോളം അടുപ്പമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ്.


'നീയില്ലാത്ത വട്ടവടയില്‍ നീയായ് പോയപ്പോള്‍ ഞാന്‍ കണ്ടതാണ് നീ ആ നാടിനെത്ര പ്രിയപ്പെട്ടവനായിരുന്നു എന്ന്. നിന്നോടുള്ള സ്‌നേഹം കുറച്ചധികം കട്ടെടുത്തവനാണ് ഞാന്‍. നിന്നെ അഭ്രപാളിയില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ഒരു മാധ്യമമായി പക്ഷെ നിന്നെ പൂര്‍ണ്ണതയിലെത്തിക്കാന്‍ എനിക്കി കഴിഞ്ഞിരുന്നില്ല എന്ന സത്യം ഞാന്‍ മനസിലാക്കുന്നു, നിന്നെ പൂര്‍ണമായി അവതരിപ്പിക്കാനുള്ള ഗ്രേസ് ഒന്നും എനിക്കില്ലെടോ' ..... വട്ടവട എന്നത് അഭിമന്യുവിന്റെ ആത്മാവുറങ്ങുന്ന നാടാണ്. 'പദ്മവ്യൂഹത്തിലെ അഭിമന്യു' വിന്റെ ചിത്രീകരണം നടന്നതും ഇതേ വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടിലുള്‍പ്പെടെയായിരുന്നു.

 

'വട്ടവട പഞ്ചായത്ത് പ്രസിഡന്റ് ആദ്യ കാഴ്ചയില്‍ 'അഭി' എന്ന് വിളിച്ചപ്പോളും ചേര്‍ത്ത്പിടിച്ചപ്പോഴുമൊക്കെ കിട്ടിയ സ്‌നേഹം നിന്റെ വേഷം ധരിച്ചപ്പോഴായിരുന്നു. വട്ടവടയിലെ ഓരോ നിമിഷവും ഞാന്‍ അനുഭവിച്ചിട്ടുണ്ട് നിന്നെ.. നീ ആരാണെന്നു.. നീ എന്താണെന്നു.. എല്ലാം. സിനിമ റിലീസ് നു ശേഷം വന്ന ഫോണ്‍ കാള്‍ളുകളില്‍ എല്ലാം നിന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ സ്‌നേഹം ഞാന്‍ അനുഭവിച്ചതാണ്. അവസാന നിമിഷം ചിതയിലേക്കെടുക്കപെടുമ്പോഴും ഞാന്‍ കണ്ടതാണ് നീ ഇല്ലാതെയാവുന്ന വട്ടവടയുടെ കണ്ണുനീര്‍.' എന്നും അഭിമന്യുവിനെ ഓര്‍ത്തുകൊണ്ട് ആകാശിന്റെ കുറിപ്പി്ല്‍ പറയുന്നു.

 

 

 

വയനാട് മാനന്തവാടി സ്വദേശിയായ ആകാശിന്റെ ആദ്യ ചിത്രമായിരുന്നു 'പദ്മ വ്യൂഹത്തിലെ അഭിമന്യൂ'. മറ്റു പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രന്‍സ്, സോന നായര്‍ ,അനൂപ് ചന്ദ്രന്‍ ,ശ്രുതി മേനോന്‍ ,ശൈലജ തുടങ്ങിയ താരനിര തന്നെ ഉണ്ടായിരുന്നു. ചിത്രം സംവിധാനം ചെയ്തത് കോഴിക്കോട് സ്വദേശിയായ വിനീഷ് ആരാധ്യയാണ്.

 

 

 

OTHER SECTIONS