ആര്‍എസ്എസിനെ വാഴ്ത്തി സിനിമ; നായക൯ അക്ഷയ് കുമാ൪??

By Abhirami Sajikumar.14 Mar, 2018

imran-azhar

 

ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദ് രാഷ്ട്രീയ സ്വസംസേവക് സംഘിന്റെ (ആര്‍എസ്എസ്) ചരിത്രം പ്രമേയമാക്കി സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളായ ഡോ. കെബി ഹെഡ്ഗെവാര്‍, മാധവ് സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടേത് അടക്കമുളള ജീവചരിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് സിനിമാ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ച് മാസങ്ങളായി പ്രസാദും സംഘവും രചനയ്ക്ക് പിന്നാലെയാണെന്ന് റിപ്പോര്‍ട്ടുണ്ട്.ആര്‍എസ്എസ് എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ബോളിവുഡിലെ മുന്‍നിര താരം അക്ഷയ് കുമാറാകും നായകനാവുക എന്നും വിവരമുണ്ട്.

അണിയറപ്രവര്‍ത്തകര്‍ അക്ഷയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അനുകൂല മറുപടിയാണ് നല്‍കിയതെന്നും വിവരമുണ്ട്. ചിത്രം ഹിന്ദിയിലാണ് ഒരുങ്ങുന്നതെങ്കിലും തെലുഗ്, തമിഴ്, കന്നഡ, മറാത്തി, മലയാളം അടക്കമുളള ഭാഷകളിലേക്കും മൊഴിമാറ്റും.

നിലവില്‍ ഹിന്ദു സംഘടന നേതാക്കളുമായി പ്രസാദും സംഘവും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനേയും സംഘം സന്ദര്‍ശിക്കും. ഇദ്ദേഹത്തില്‍ നിന്ന് കൂടി വിവരങ്ങള്‍ ശേഖരിക്കും. ശിവസേന തയ്യാറാക്കുന്ന താക്കറെ എന്ന ജീവചരിത്ര സിനിമയ്ക്ക് മറുപടിയാകും ഈ ചിത്രമെന്നാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്. അത്കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചതായും സിനിമാ എക്സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ണാടക ബിജെപി നേതാവും ലഹാരി റെക്കോര്‍ഡിംഗ് കമ്പനി ഉടമകളുമായ ജി തുളസി റാം റായിഡുവും അദ്ദേഹത്തിന്റെ സഹോദരന്‍ ജി മനോഹര്‍ നായിഡവും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുക. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രം പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്.

OTHER SECTIONS