ഞാന്‍ ഒരു ബന്ധത്തിലാണ്, എനിക്കു വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും ത്യജിച്ചു; അടുത്ത കൂട്ടുകാരനെ കുറിച്ച് തുറന്നു പറഞ്ഞ് അമലാ പോള്‍

By mathew.17 07 2019

imran-azhar

ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് തുറന്നു പറഞ്ഞ് അമല പോള്‍. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും 'ആടൈ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും അമല പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
'ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് 'ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,' എന്നാണ്,'' അമല വെളിപ്പെടുത്തി. 'ആടൈ' മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ഥ സ്‌നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്‌നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍, അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.'
'എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകള്‍ കണ്ടിട്ട് നീയെങ്ങനെ ഈ ഇന്‍ഡസ്ട്രിയില്‍ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്'- അമല അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അടുത്തിടെയാണ് അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍. വിജയ് വിവാഹിതനായത്. ചെന്നൈയിലെ ഡോക്ടറായ ആര്‍ ഐശ്വര്യയാണ് വധു. അമലയും വിജയ്യും നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയും പിന്നീട് വിവാഹ മോചനം നേടുകയുമായിരുന്നു.
താന്‍ വീണ്ടും വിവാഹിതയാകും എന്ന് അമല പോളും വ്യക്തമാക്കിയിരുന്നു. 'ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാന്‍ പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമതെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു.
അതിനിടെ അമല പോള്‍ പ്രധാനവേഷത്തിലെത്തുന്ന ആടൈ ജൂലൈ 19ന് തിയറ്ററുകളിലെത്തുകയാണ്. രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ത്രില്ലറാണ്. പല മുന്‍നിര നായികമാരും ചെയ്യാന്‍ മടിച്ച വേഷമാണ് അമല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെടുന്ന അമലയുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടവച്ചിരുന്നു.

OTHER SECTIONS