ശൃംഗേരിയുടെ വശ്യസൗന്ദര്യത്തില്‍ പോസിറ്റീവ് വൈബ്‌സ് തേടി അനുശ്രീ

By Avani Chandra.20 01 2022

imran-azhar

 

ചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ് കര്‍ണ്ണാടകയിലെ ചിക്കമഗളൂര്‍ ജില്ലയിലെ ശൃംഗേരി. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന അഗുംബെ മഴക്കാടുകള്‍ക്കടുത്താണ് ഈ ചെറിയ പട്ടണം. സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ശൃംഗേരി.

 

ഇപ്പോഴിതാ ശൃംഗേരിയില്‍ നിന്നുള്ള യാത്രാചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി അനുശ്രീ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ യാത്രാ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

 

ചുവന്ന കുര്‍ത്തിയണിഞ്ഞ്, ശൃംഗേരിയിലെ പ്രശസ്തമായ ശ്രീ ശാരദാംബ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രമാണ് അനുശ്രീ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശൃംഗേരിയില്‍ നിന്ന് പോസിറ്റീവ് വൈബ്‌സ് തേടുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ സ്ഥാപിച്ച ക്ഷേത്രമാണ് ഇത്. അദ്ദേഹം പാറയില്‍ കൊത്തിയെടുത്ത ഒരു ശ്രീചക്രത്തിന് മുകളില്‍ ചന്ദനം കൊണ്ട് നിര്‍മിച്ച ശാരദയുടെ വിഗ്രഹം ആയിരുന്നു ആദ്യപ്രതിഷ്ഠ. പിന്നീട് കാലക്രമേണ, ചന്ദന വിഗ്രഹത്തിന് പകരം നിലവിലെ സ്വര്‍ണ്ണ വിഗ്രഹം സ്ഥാപിച്ചു. കേരള ശൈലിയില്‍ തടിയും ടൈല്‍ മേഞ്ഞ മേല്‍ക്കൂരയും ഉള്ള ഒരു ക്ഷേത്രമായി ഇതു മാറി.

 

ഉഭയഭാരതിയായി ഭൂമിയില്‍ വന്ന സരസ്വതി ദേവിയുടെ അവതാരമാണ് ഇവിടുത്തെ പ്രതിഷ്ഠയായ ശാരദാംബിക എന്നാണ് വിശ്വാസം. ദേവിയെ ആരാധിക്കുന്നതിലൂടെ, പാര്‍വതി, ലക്ഷ്മി, സരസ്വതി എന്നിവരോടൊപ്പം ബ്രഹ്മാവിന്റെയും ശിവന്റെയും വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഇവിടെയുള്ള എഴുത്തിനിരുത്തല്‍ ചടങ്ങും വളരെ പവിത്രമായാണ് കരുതുന്നത്.

 

പരമശിവന്‍ ശങ്കരാചാര്യര്‍ക്ക് നല്‍കിയതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ചന്ദ്രമൗലീശ്വര ലിംഗമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിന്റെ ഭാഗമായ മഹാമണ്ഡപത്തില്‍ ദുര്‍ഗ്ഗ, രാജ രാജേശ്വരി, ദ്വാരപാലകര്‍, ദേവി തുടങ്ങിയ ദേവതകള്‍ കൊത്തിയ വലിയ കല്‍ത്തൂണുകള്‍ ഉണ്ട്, അവയെല്ലാം തമിഴ്നാട്ടില്‍ അനുഷ്ഠിക്കുന്ന ശില്‍പ ശാസ്ത്രങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ചിരിക്കുന്നു. 127 അടി ഉയരമുള്ള രാജഗോപുര കവാടത്തിന്റെ നിര്‍മാണം 2014- ലാണ് പൂര്‍ത്തിയാക്കിയത്.

 

OTHER SECTIONS