ആ പെണ്‍കുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ് : ഓലപാമ്പ് കാണിച്ചു പേടിപ്പിക്കുകയാണ്

By BINDU PP .14 10 2018

imran-azhar

 

 

ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ നടി പാര്‍വതി നടൻ ബാബുരാജിനതിരെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി നടൻ രംഗത്ത്. ആക്രമിക്കപ്പെട്ട നടി തൻ്റെ ചങ്കാണെന്നും എല്ലാക്കാലത്തും നടിക്ക് പിന്തുണയുമായി ഒപ്പമുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. അവരുടെ അവസ്ഥയെ ആണ് താന്‍ അപ്പോൾ ഉദ്ദേശിച്ചത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നത് ഒരു പഴഞ്ചൊല്ലാണ്. അര്‍ഥമറിയാത്തിനാൽ പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാമെന്നും ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.

 

ബാബുരാജിന്റെ വാക്കുകൾ......

 

ആ നടി മുമ്പ് തൊട്ടേ എന്റെ നല്ലൊരു സുഹൃത്താണ്. ഇവരേക്കാളൊക്കെ മുമ്പ് ഞങ്ങള്‍ തമ്മില്‍ പരിചയവുമുണ്ട്. ഞാനിപ്പോഴും പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാറുള്ളതുമാണ്. ആ പെണ്‍കുട്ടി എന്റെ ചങ്കാണ്, സഹോദരിയാണ്. അവരെ അത്തരത്തില്‍ വിശേഷിപ്പിച്ചത് എന്ത് അര്‍ഥത്തിലെന്ന് തെളിയിക്കുന്ന മുഴുവന്‍ വീഡിയോയും എന്റെ പക്കലുണ്ട്. എന്നെക്കൂടാതെ ആ കുട്ടിയോട് അടുത്തു നില്‍ക്കുന്ന രചന നാരായണന്‍കുട്ടി, ആസിഫ് അലി തുടങ്ങിയവരും സംഘടനയിലുള്‍പ്പെടുന്ന പലരുമായി അകറ്റാനോ മറ്റോ ഉള്ള പ്രത്യേക അജണ്ട വച്ചാണ് ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നതെന്നും ബാബുരാജ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

 

പാര്‍വതി അതു മോശമെന്ന് വ്യാഖ്യാനിച്ചത് അതിന്റെ അര്‍ഥമറിയാത്തതു കൊണ്ടാകാം. ഞാനുള്‍പ്പെടെയുള്ള എ എം എം എ എക്‌സിക്യൂട്ടീവ് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും പെണ്‍കുട്ടിക്കു വേണ്ടി ചങ്കു കൊടുക്കാന്‍ തയ്യാറാണ്. സംഭവശേഷം ആ കുട്ടിക്ക് പൂര്‍ണ പിന്‍തുണയുമായി തന്നെയാണ് ഞാന്‍ രംഗത്തു വന്നത്. എന്നിട്ടും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നെങ്കില്‍ അതിന് പിന്നില്‍ മറ്റുദ്ദേശങ്ങളാകാമെന്നും ബാബുരാജ് പറഞ്ഞു.

 

മോഹന്‍ലാല്‍ നടിമാര്‍ എന്നു വിശേഷിപ്പിച്ചതിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. എന്റെ ഭാര്യ ഒരു നടിയാണ്. നടിയെ നടിയെന്നല്ലാതെ മറ്റെന്തു വിളിക്കുമെന്നും ബാബുരാജ് ചോദിച്ചു. വക്കീലിനെ വക്കീലെന്നും ഡോക്ടറെ ഡോക്ടറെന്നു തന്നെയല്ലേ പറയുക? എ എം എം എയുടെ പ്രസിഡന്റായ മോഹന്‍ലാലിനെതിരെ തിരിയുന്നതും തെറ്റാണെന്ന് പറഞ്ഞ ബാബരാജ് ആയാളെന്നും അദ്ദേഹമെന്നുമാണ് ലാലേട്ടനെ അവര്‍ വിശേഷിപ്പിച്ചതെന്നും ഓര്‍മിപ്പിച്ചു. അത് തീര്‍ത്തും തെറ്റാണെന്നും ബാബുരാജ് പറഞ്ഞു. വെറുതെ ഓലപാമ്പ് കാണിച്ചു പേടിപ്പിക്കുകയുമാണ്. ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ സംഭാവന ചെയ്ത അമ്പതു ലക്ഷത്തിനു പുറമേ ഒരു കോടി രൂപ കൂടി സമാഹരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്തു കൊണ്ട് അത്തരം വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യുന്നില്ലെന്നും ബാബുരാജ് ആരാഞ്ഞു.

OTHER SECTIONS