സിനിമയില്‍ ആരാധനയ്ക്കും കൂവലിനും തമ്മില്‍ വലിയ അന്തരമില്ല: ബാലചന്ദ്ര മേനോന്‍

By praveen prasannan.14 Jul, 2017

imran-azhar

കൊച്ചി: സിനിമയില്‍ ആരാധനയ്ക്കും കൂവലിനും തമ്മില്‍ വലിയ അന്തരമില്ലെന്ന് ബാലചന്ദ്രമേനോന്‍. തെളിവെടുപ്പിന് ദിലീപിനെ കൊണ്ടു പോകുന്പോള്‍ ജനം കൂവി വിളിക്കുന്നതിനെ കുറിച്ച് ഫേസ്ബുക് പോസ്റ്റില്‍ പ്രതികരിക്കുകയായിരുന്നു ബാലചന്ദ്ര മേനോന്‍.

ഒരു സിനിമയിലാണ് ദിലീപുമായി സഹകരിച്ചിട്ടുളളത്. നവ്യ നായരുടെ ആദ്യ ചിത്രമായ ഇഷ്ടം ആയിരുന്നു ആ ചിത്രമെന്ന് ബാലചന്ദ്ര മേനോന്‍ ചൂണ്ടിക്കാട്ടി.

സിനിമ കണ്ട് ശീലിച്ച പ്രേക്ഷകര്‍ ജീവിതത്തിലും നായകന് വേണ്ടി മാത്രമേ കയ്യടിക്കൂ. ജനപ്രിയ നായകന്‍ എന്ന് വാഴ്ത്തിയവര്‍ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ ആരാധനാ പാത്രം വില്ലക്ന്‍റെ മേലങ്കി അണിഞ്ഞതായി തോന്നിയപ്പോള്‍ കൂട്ടമായി കൂവിയത് ദിലീപ് അതിന്‍റെയര്‍ത്ഥത്തില്‍ കാണുന്നതായിരിക്കും ഉചിതം.

മാളിക മുകളിലേറിയ മന്നന്‍റെ തോളില്‍ മാറാപ്പ് കയറ്റുന്നതും ഭവാനെന്ന് പണ്ടേ പൂന്താനം പറഞ്ഞിട്ടുണ്ട്. ഇഷ്ടജനങ്ങളുടെ കൂവല്‍ കേള്‍ക്കുന്പോഴുണ്ടാകുന്ന വേദന താനും അനുഭവിച്ചിട്ടുണ്ടെന്ന് ബാലചന്ദ്ര മേനോന്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്ക് മുന്പ് അങ്ങേയറ്റം വിശ്വസിച്ച കുറെ ആര്‍ട്ടിസ്റ്റുകളുമായി ഗള്‍ഫ് നാടുകളില്‍ ഷോയ്ക്ക് പോയിരുന്നു. എന്നാല്‍ സമയദോഷം കൊണ്ട് ആകെ പാളി. പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നപ്പോള്‍ ജനം കൂവി. വേദിക്ക് പിന്നില്‍ തല കുനിച്ചിരുന്ന തന്നെ നോക്കി ഷോയുടെ പരാജയത്തിന് പ്രധാന കാരണക്കാരനായ ഒരാള്‍ ആക്ഷേപച്ചിരി പാസാക്കിയതും ഓര്‍മ്മ വരുന്നു. ഇതിന് ശേഷം ഗള്‍ഫില്‍ നിന്നുള്ള പല ക്ഷണങ്ങളും താന്‍ നിരസിച്ചു.

ഒടുവില്‍ കൂവിയ വേദിയില്‍ തന്നെ ഒറ്റയ്ക്ക് പങ്കെടുക്കാന്‍ അവസരം വന്നപ്പോള്‍ താന്‍ പോയി. പ്രസംഗത്തിനിടെ സദസില്‍ നിന്ന് കയ്യടി ഉയര്‍ന്നു. ഈ സമയം, മുന്പ് ഇവിടെ നിന്ന് കൂവല്‍ കേട്ട് തളര്‍ന്നവനാണ് താനെന്ന് പറഞ്ഞു. അത് മാറാന്‍ ഒന്നു കൂടി കയ്യടിക്കണമെന്നാവശ്യപ്പെട്ടു. കടലിരുന്പുന്നത് പോലെ കയ്യടി കേട്ടു.

ദിലീപിനെ സംബന്ധിച്ച് കേള്‍ക്കുന്നതും കഞ്ചാവ്, കൊലക്കേസ് പ്രതികള്‍ക്കൊപ്പം നിലത്ത് കിടക്കേണ്ടി വരുന്നതുമൊക്കെ എല്ലാവരിലുമെന്ന പോലെ തന്നിലും വേദനയുണ്ടാക്കുന്നുണ്ട്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം.

തന്‍റെ സിനിമാ ജീവിതത്തില്‍ ആദ്യമായി ഒരു സഹപ്രവര്‍ത്തകയ്ക്ക് ഇങ്ങനെ നീചമായ അനുഭവം ഉണ്ടായതില്‍ വേദനയുണ്ട്. നടി കാട്ടിയ സമചിത്തതെയും മനോധൈര്യത്തെയും അഭിനന്ദിക്കുന്നു. ദിലീപ് കുറ്റാരോപിതനാണ്. ജനപ്രിയനായി നാട്ടുകാരെ ചിരിപ്പിച്ച നല്ല ദിനങ്ങളെ നന്ദി പൂര്‍വ്വം ഓര്‍ത്ത് കൊണ്ട് വരാന്‍ പോകുന്ന വിധിയുടെ പകര്‍പ്പിനായി കാത്തിരിക്കണമെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.

OTHER SECTIONS