ഇതൊരു രോഗമാണ്, നിങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല: ഇതാണ് ഭാഗ്യലക്ഷ്മിക്ക് പറയാനുള്ളത് .......

By ബിന്ദു .07 02 2019

imran-azhar

 


ലോക കാൻസർ ദിനത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുടി മുറിച്ച് നൽകിയ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ഈ വാർത്ത കൈയ്യടിയോടെ സ്വീകരിച്ചവരുടെയും വിമർശിച്ചവരുടെയും എണ്ണം കൂടുതലാണ്. അനുകൂലിച്ചവരേക്കാൾ കൂടുതൽ വിമർശന കമന്റുകളും പരിഹാസ കമന്റുകളുമായിരുന്നു. ഇതിനെതിരെ ലൈവ് വീഡിയോയിലൂടെ ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.ഇത്തരം പരിഹാസ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കതിരെ വളരെ രൂക്ഷമായ ഭാ‌ഷയിൽ തന്നെ ഭാഗ്യലക്ഷ്മി വീഡിയോയിലൂടെ പ്രതികരിക്കുന്നുണ്ട്. ഞാൻ പൂർണ്ണമനസ്സോടെ ചെയ്ത ഒരു കാര്യത്തെ നിങ്ങൾ നിങ്ങളുടേതായി ഭാഷയിൽ പരിഹസിച്ച് ചിന്തിച്ചെങ്കിൽ അത് നിങ്ങളുടെ കുഴപ്പമാണ്. എന്റെയല്ല. ഞാൻ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ല. ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് ലിവിലൂടെ മറുപടി നൽകി.

 


ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ...


ചില കാര്യങ്ങളെക്കുറിച്ച്‌ നമ്മള്‍ ചിലപ്പോള്‍ സമൂഹത്തോട് പറയേണ്ടതുണ്ട്. അവര്‍ പറയുന്ന കാര്യങ്ങള്‍ ആലോചിച്ച്‌ പറയണം എന്ന് പറയണം. ചിലപ്പോള്‍ അവരുടെ വിവരക്കേട് കൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്. വിവരക്കേടാണെങ്കില്‍ ഈ വീഡിയോ അവര്‍ക്ക് മനസ്സിലാകും. ജന്മനാ അങ്ങനെയാണെങ്കില്‍‌ പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ ഞാന്‍ മുടി മുറിച്ചതിനെക്കുറിച്ച്‌ പലരും പലതും പറയുന്നത് ഞാന്‍ കേട്ടു. പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതും കണ്ടു. വിമര്‍ശനം ഉള്‍ക്കൊള്ളാം. എന്നാല്‍ പരിഹാസം ഒരു തരം രോഗമാണ്.

ഞാനിന്നലെ മുടി മുറിച്ചതിനെപ്പറ്റി വന്ന വാര്‍ത്തയ്ക്ക് താഴെ വന്ന ധാരാളം കമന്റുകള്‍. മുടി മുറിച്ചതിന്റെ പേരില്‍‌ ആരും ആത്മഹത്യ ചെയ്തിട്ടില്ല എന്ന് പറയുന്നത് കണ്ടു. ശരിയാണ്, പക്ഷേ കാന്‍സര്‍ വന്ന് മുടി പോയതിന്റെ പേരില്‍ മാനസ്സിക സമ്മര്‍ദ്ദത്തിലേക്ക് പോയ നിരവധി പേരെ എനിക്കറിയാം. അങ്ങനയുളളവരില്ല എന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും? നിങ്ങളും ഞാനും മറ്റുള്ളവരും കാണുന്നവരെല്ലാം ചേര്‍ന്നതല്ലേ ഈ സമൂഹം. എത്രയോ സ്ത്രീകള്‍ കീമോയ്ക്ക് ശേഷം വിഗ് വച്ചിട്ടുണ്ട്? നിങ്ങള്‍ക്ക് തോന്നുന്നത് എനിക്ക് തോന്നണം എന്ന് പറയുന്നത് ശരിയാണോ?

അവനവന് തോന്നുന്ന നന്മകള്‍ അവരവര്‍ ചെയ്യട്ടെ. എന്തിനാണ് നിങ്ങളതിനെ പരിഹസിക്കുന്നത്? പണം കൊടുക്കുന്നത് കൊണ്ട് മുടി കൊടുത്തുകൂടാ എന്നൊന്നുണ്ടോ? ഹനാനെയും തെരുവോരം മുരുകനെയും ചിറ്റിലപ്പള്ളിയെയും നിങ്ങള്‍ വിമര്‍ശിക്കും. എന്താണ് നിങ്ങളുടെ പ്രശ്നം? പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് നിങ്ങള്‍ പറയും. എങ്കില്‍ നിങ്ങള്‍ക്കും ഇങ്ങനെ ചെയ്തുകൂടെ? ഫാഷന് വേണ്ടിയാണെങ്കില്‍ എനിക്കൊരു ബ്യൂട്ടി പാര്‍ലറില്‍ പോയി മുടി ഭംഗിയായി വെട്ടിയിട്ടാല്‍ മതി. ഞാനത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താലും എനിക്ക് പബ്ലിസിറ്റി കിട്ടും. അങ്ങനെ ചെയ്താലും നിങ്ങള്‍ എന്നെ കുറ്റം പറയും.

ഇങ്ങനെ പരിഹസിക്കുന്നവര്‍ക്ക് ഒരു രോഗമാണ്. അതിനെ അസൂയയെന്നോ കുശുമ്ബെന്നോ ഒക്കെ വിശേഷിപ്പിക്കാം. ഇത്തരം രോഗവുമായി ജീവിക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ ഒരു നെഗറ്റീവ് പേഴ്സണ്‍ ആയിട്ടായിരിക്കും ജീവിക്കുക. നിങ്ങളെക്കുറിച്ച്‌ ഒന്നും പറയാനില്ല. നിങ്ങള്‍ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കുന്നവരാണ്. നിങ്ങളുടെ വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കില്ല. മൊട്ടയടിക്കാന്‍ വേണ്ടിയാണ് ഞാനവിടെ ചെന്നത്. അവിടെ അതിനുള്ള സംവിധാനം ഇല്ലായിരുന്നു. ചിലപ്പോള്‍ ഇനി ഞാന്‍ മൊട്ടയടിക്കുകയോ ബോയ്കട്ട് ചെയ്യുകയോ ചെയ്തു എന്ന് വരാം. ചിലപ്പോള്‍ കണ്ണോ കിഡ്നിയോ ദാനം ചെയ്തെന്നും വരാം. കാരണം എനിക്കാരോടും ഒന്നും ചോദിക്കാനില്ല. അവയവദാനം വഴി എനിക്കൊരു മനുഷ്യനെ സഹായിക്കാന്‍ സാധിച്ചാല്‍ ഞാനതും ചെയ്യും, പണത്തേക്കാള്‍ വലുതാണത്. എനിക്കാരോടും അഭിപ്രായം ചോദിക്കേണ്ട കാര്യമില്ല. ആരുടെയും സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല.

അമ്ബലങ്ങളില്‍ മൊട്ടയടിക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു മനുഷ്യന്റെ ഏറ്റവും വലിയ അഹങ്കാരമാണ് മുടി. അത് ഭര്‍ത്താവിന് വേണ്ടി, മക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്ത് ഭഗവാന് സമര്‍പ്പിക്കുന്നുവെന്നാണ് വിശ്വാസം. സൗന്ദര്യം എന്നെ സംബന്ധിച്ച്‌ ഒന്നുമല്ല എന്ന് ഭഗവാന് മുന്നില്‍‌ സാഷ്ടാംഗം സമര്‍പ്പിക്കുന്നതിന് തുല്യമാണ് മുടി മുറിക്കുന്നത്. ഞാനങ്ങനെയാണ് കേട്ടിട്ടുള്ളത്. അത്തരം കാര്യങ്ങളെക്കുറിച്ച്‌, അതിന്റെ മഹത്വത്തെക്കുറിച്ച്‌ അറിയാതെ വിമര്‍ശിക്കുന്നത് ശരിയല്ല.

അന്നൊരിക്കല്‍ തെരുവോരം മുരുകന്റെ ഒപ്പം തെരുവിലെ ആളുകളുടെ മുടി മുറിക്കാന്‍ പോയപ്പോള്‍ അന്നും നിങ്ങള്‍ പറഞ്ഞു, ഞാന്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ചെയ്തതെന്ന്. എങ്കില്‍ നിങ്ങള്‍ ചെയ്തു കാണിക്കൂ. അത് ചെയ്യുന്നില്ലല്ലോ. ഒരു സ്ത്രീയ്ക്ക് വേണ്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നപ്പോഴും നിങ്ങള്‍ പറഞ്ഞു അതും ഞാന്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്ന്. നിങ്ങളുടെ ആയുധമാണ് ഈ സോഷ്യല്‍ മീഡിയ. അതുപയോഗിച്ചാണ് നിങ്ങള്‍ മറ്റുള്ളവരെ വിമര്‍ശിക്കുന്നത്. അതാര്‍ക്കും പറ്റും. അതില്‍ വലിയ കാര്യമൊന്നുമില്ല.

എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ഞാനിനിയും ചെയ്തെന്നിരിക്കും. അതില്‍ എന്നെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ആകാം. ഒരുപാട് നാളായി പറയണമെന്ന് വിചാരിച്ചിരുന്ന കാര്യമാണിത്. കുറച്ചു പേരെങ്കിലും ഇത് മനസ്സിലാക്കിയാല്‍ നല്ലതാണ്. ഒരുപാട് നന്മകള്‍ ചെയ്യാന്‍ ബാക്കിയുണ്ട്. വെറുതെയിരുന്ന് മറ്റുള്ളവരെ പരിഹസിക്കുമ്ബോള്‍, വിമര്‍ശിക്കുമ്ബോള്‍ എന്ത് ആനന്ദമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്? ഞാന്‍ പൂര്‍ണ്ണമനസ്സോടെ ചെയ്ത ഒരു കാര്യത്തെ നിങ്ങള്‍ നിങ്ങളുടേതായി ചിന്തിച്ചെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ്. എന്റെയല്ല. ഞാന്‍ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നുന്നില്ല.