'ഓര്‍മക്കാഴ്ച' ഒരുക്കി ഭാരത് ഭവന്‍

By mathew.14 06 2019

imran-azhar

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംനേടിയ അഞ്ച് ക്ലാസിക് സിനിമകള്‍ ഭാരത് ഭവനില്‍ പ്രദര്‍ശിപ്പിക്കുന്നു. തോപ്പില്‍ ഭാസിക്കും വയലാറിനും ദേവരാജനും സത്യനും ശങ്കരാടിക്കും ആദരാഞ്ജലിയര്‍പ്പിച്ചായിരിക്കും പ്രദര്‍ശനം. ഭാരത് ഭവനും വയലാര്‍ രാമവര്‍മ സാംസ്‌കാരികവേദിയും ചലച്ചിത്ര അക്കാദമിയും സംയുക്തമായി ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 'ഓര്‍മക്കാഴ്ച' എന്ന പേരിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 15 മുതല്‍ 19 വരെ വൈകുന്നേരം 5.30-നാണ് പ്രദര്‍ശനം നടക്കുന്നത്.

തോപ്പില്‍ ഭാസി സംവിധാനവും തിരക്കഥയും രചിച്ച് വയലാറും ദേവരാജനും ഒരുമിച്ച 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി'യാണ് ആദ്യ ചലച്ചിത്രം. 16-ന് തോപ്പില്‍ഭാസി തിരക്കഥ രചിച്ച സത്യനും നസീറും ഷീലയും അഭിനയിച്ച സേതുമാധവന്‍ സംവിധാനം ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍', 17-ന് സേതുമാധവന്റെ സംവിധാനത്തില്‍ തോപ്പില്‍ഭാസി തിരക്കഥ രചിച്ച 'വാഴ്വേമായം', 18-ന് സത്യനും ഷീലയും അഭിനയിച്ച 'ഒരു പെണ്ണിന്റെ കഥ', 19-ന് തോപ്പില്‍ ഭാസി കഥയും തിരക്കഥയും രചിച്ച് എ.വിന്‍സന്റ് സംവിധാനം ചെയ്ത 'അശ്വമേധം' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

15-ന് മേയര്‍ വി.കെ.പ്രശാന്ത് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകളും സിനിമാ ശില്പികളെക്കുറിച്ചുള്ള അനുസ്മരണ കൂട്ടായ്മയും വൈകുന്നേരം 5.30 മുതല്‍ ഭാരത് ഭവനില്‍ നടക്കും.

പിരപ്പന്‍കോട് മുരളി, ജോര്‍ജ് ഓണക്കൂര്‍, മഹേഷ് പഞ്ചു, എസ്.ആര്‍.ശക്തിധരന്‍, ടി.പി.ശാസ്തമംഗലം, എം.ആര്‍.ജയഗീത, വിനോദ് വൈശാഖി, ബാലു കിരിയത്ത്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, രവി മേനോന്‍, റോബിന്‍ സേവ്യര്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ചലച്ചിത്ര പ്രദര്‍ശനം സൗജന്യമായിരിക്കും.

OTHER SECTIONS