ക്യാന്‍സര്‍ ഒരു ടീച്ചര്‍; നല്‍കുന്ന പാഠങ്ങളില്‍ ശ്രദ്ധിക്കുന്നതായി ഹോളിവുഡ് താരം

By SM.03 09 2022

imran-azhar

 


ക്യാന്‍സര്‍ ബാധിതയാണെന്നും കീമോതെറാപ്പിയിലാണെന്നും വെളിപ്പെടുത്തി ഹോളിവുഡ് താരം ജെയ്ന്‍ ഫോണ്ട. തനിക്ക് ഹോഡ്ജ്കിന്‍ ഇതര ലിംഫോമയാണെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ താരം അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ 1.9 മില്യണ്‍ ഫോളോവേഴ്‌സാണ് 84കാരിയായ ജെയ്ന്‍ ഫോണ്ടക്കുള്ളത്. ക്യാന്‍സര്‍ ഒരു ടീച്ചറാണെന്നും അത് തനിക്ക് നല്‍കുന്ന പാഠങ്ങളില്‍ ശ്രദ്ധിക്കുന്നതായും ജെയ്ന്‍ ഫോണ്ട പറയുന്നു.

 

ചികിത്സിക്കാവുന്ന ക്യാന്‍സര്‍. അതിനാല്‍ ഞാന്‍ ഭാഗ്യവതിയാണെന്നാണ് രോഗവിവരം അറിയിച്ച് ഫോണ്ട പറഞ്ഞത്. യുഎസിലെ ആരോഗ്യ പരിപാലനത്തിന്റെ അവസ്ഥയും ഹോളിവുഡ് ഐക്കണ്‍ പോസ്റ്റില്‍ ഉയര്‍ത്തിക്കാട്ടി. തനിക്ക് ആരോഗ്യ ഇന്‍ഷൂറന്‍സും മികച്ച ഡോക്ടര്‍മാരും ചികിത്സകളും ലഭ്യമാക്കാന്‍ കഴിയുന്നതിലും ഭാഗ്യവതിയാണെന്ന് കരുതുന്നതായി ജെയ്ന്‍ ഫോണ്ട പറഞ്ഞു.

 

അമേരിക്കയിലെ മിക്കവാറും എല്ലാ കുടുംബങ്ങള്‍ക്കും ഒരു സമയത്ത് അല്ലെങ്കില്‍ മറ്റൊരു സമയത്ത് ക്യാന്‍സര്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, എനിക്ക് ലഭിക്കുന്ന ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ പലര്‍ക്കും ലഭ്യമല്ല. ഇത് ശരിയല്ലെന്നും താരം അഭിപ്രായപ്പെട്ടു.

 

ഓസ്‌കാര്‍ ജേതാവായ നടി 1960ലാണ് അരങ്ങേറ്റം കുറിച്ചത്. ബാര്‍ബറേല, നയണ്‍ ടു ഫൈവ്, ഓണ്‍ ഗോള്‍ഡന്‍ പോണ്ട് എന്നിവ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചതിലൂടെ പ്രശസ്തയായ താരം നെറ്റ്ഫ്‌ളിക് കോമഡി പരമ്പരയായ ഗ്രേസ് ആന്റ് ഫ്രാങ്കിയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

 

അഭിനയത്തില്‍ മാത്രമല്ല, സാമൂഹ്യ രംഗത്തും ശക്തമായ ഇടപെടലുകള്‍ നടത്തിയിരുന്ന ഫോണ്ട 1960കളില്‍ വിയറ്റ്‌നാം യുദ്ധത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നു.

OTHER SECTIONS