കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; സിനിമാ-സീരിയല്‍ നടി അടക്കം രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By parvathyanoop.13 08 2022

imran-azhar

 

 

 

തൃശൂര്‍: കാര്‍ അപകടത്തില്‍ സിനിമ-സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.സംസ്ഥാനപാതയായ ആനമല റോഡില്‍ പത്തടിപ്പാലത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം.എറണാകുളം സ്വദേശിയായ സിനിമ-സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

 

മലക്കപ്പാറയില്‍നിന്ന് ചാലക്കുടിക്ക് വരുകയായിരുന്ന കാര്‍ റോഡിലെ കല്ലില്‍ കയറി 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തില്‍ തട്ടിനിന്നു. റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കാര്‍ മറിയുന്നത് ആരും കണ്ടില്ല. ആഴമുള്ളതിനാല്‍ റോഡില്‍നിന്ന് നോക്കിയാലും കാര്‍ കാണാന്‍ സാധിക്കില്ല. എയര്‍ ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

 

കാറില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ കൊക്കയില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് റോഡിലേക്ക് കയറിയത്.തുടര്‍ന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കയറി. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു.

 

വനപാലകര്‍ ഇവര്‍ക്ക് പ്രഥമശുശ്രൂഷയും ഭക്ഷണവും നല്‍കി. തിരികെ പോകാന്‍ ജീപും സംഘടിപ്പിച്ചു നല്‍കി.ആനമല റോഡില്‍ അമ്പലപ്പാറ മുതല്‍ മലക്കപ്പാറ വരെ നിര്‍മാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ അപകടം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

 

 

 

OTHER SECTIONS