നെഞ്ചിലെ കനലായി ചിലപ്പോള്‍ പെണ്‍കുട്ടി

By online desk.19 07 2019

imran-azhar

ഒരു രാജ്യത്തെ മുഴുവനായി നടുക്കിയ, നമ്മള്‍ ഓരോരുത്തരുടെയും മനസ്സിനെ പിടിച്ചുലച്ച ഒരു സംഭവത്തിന്റെ സത്യസന്ധമായ ദൃശ്യാവിഷ്‌കാരമാണ് ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രം. നവാഗതനായ പ്രസാദ് നൂറനാടാണ് ഏതാണ്ട് ഒന്നര വര്‍ഷം മുമ്പ് കശമീരിലെ കത്വയില്‍ ഒരു എട്ടുവയസ്സുകാരി അനുഭവിച്ച കൊടുംക്രൂരതയെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിച്ചത്. ആദ്യത്തെ ഉദ്യമം എന്ന നിലയില്‍ കാലിക പ്രസക്തമായ ഒരു വിഷയം തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കാന്‍ അദ്ദേഹം കാട്ടിയ ആര്‍ജവം പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.

കത്വയിലെ ഫാത്തിമ എന്ന ബാലികയില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ഒരു വിനോദയാത്രയുടെ ഭാഗമായി കശ്മീരില്‍ എത്തുകയും അവിടെവെച്ച് ഫാത്തിമയെ പരിചയപ്പെടുകയും പിന്നീട് അവള്‍ക്കനുഭവിക്കേണ്ടി വന്ന ദുരന്തം അറിഞ്ഞ് നെഞ്ച് പിടയുകയും ചെയ്യുന്ന നിത്യയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. സ്‌കൂളില്‍ നിത്യയുടെ ആത്മാര്‍ഥ സുഹൃത്തായ വന്ദനയ്ക്ക് നേരിടേണ്ടി വരുന്ന സമാനമായ അനുഭവം അവളെ കൂടുതല്‍ സങ്കടത്തിലാഴ്ത്തുന്നു. സ്വന്തം വീടിനുള്ളിലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്ന വന്ദനയുടെ ജീവിതവും അവളുടെ മരണത്തിന്റെ കാരണങ്ങള്‍ തേടി പോകുന്ന നിത്യയ്ക്ക് മുന്നില്‍ തെളിയുന്ന ഞെട്ടിക്കുന്ന സത്യങ്ങളിലൂടെയുമാണ് ചിത്രം പിന്നീട് സഞ്ചരിക്കുന്നത്.

ആദ്യ പകുതിക്ക് ശേഷം, വന്ദനയുടെ കൊലയാളി ആരെന്നും, ഇനി എന്താകും സംഭവിക്കാന്‍ പോകുന്നതെന്നുമുള്ളൊരു ഉദ്വേഗം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇടയ്ക്ക് ഒരു ത്രില്ലര്‍ സ്വഭാവത്തിലേക്കുയരുന്ന തിരക്കഥയെ കയ്യടക്കത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. പുതുമുഖങ്ങളുടെ യാതൊരു വിധ പതര്‍ച്ചയുമില്ലാതെ വന്ദനയെയും നിത്യയെയും സ്‌ക്രീനിലെത്തിച്ച കാവ്യയും ആവണിയും മലയാള സിനിമാ ലോകത്തിന് തീര്‍ച്ചയായും പ്രതീക്ഷ വെയ്ക്കാവുന്ന അഭിനേതാക്കള്‍ തന്നെയാണ്. ചിത്രത്തിലെ മര്‍മ്മ പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം നിര്‍മ്മിക്കുകയും ചെയ്ത സുനീഷ് സാമുവലും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. ഒരു പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അതിന്റെ തീവ്രത തെല്ലും ചോര്‍ന്നു പോകാതെ ഭദ്രമായി തന്നെ കാണികളിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇവരെ കൂടാതെ സ്‌ക്രീനിലെത്തിയ കൃഷ്ണ ചന്ദ്രനും, സുനില്‍ സുഖദയും, അരിസ്റ്റോ സുരേഷും, പാര്‍വതിയും ഒക്കെ തങ്ങളുടെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്.

പിഴവുകളേതുമില്ലാത്ത തിരക്കഥ തയ്യാറാക്കുന്നതില്‍ എം.കമറുദ്ദീന്‍ കാട്ടിയ ശ്രദ്ധയും ആ തിരക്കഥയ്ക്ക് മിഴിവേകുന്ന ദൃശ്യങ്ങളൊരുക്കിയ ശ്രീജിത്ത്.സി.നായരുടെ ഛായാഗ്രഹണ മികവും എടുത്തുപറയേണ്ടതാണ്. അജയ് സരിഗമയുടെ സംഗീതവും, ആര്‍.രഞ്ജിത്തിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ സന്ദേശം കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

രാജ്യത്തെവിടെയും പെണ്‍കുട്ടികള്‍ക്ക് നേരെ ഉയരുന്ന അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്താനും അതിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ ശക്തമായ ഒരു സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കൃത്യമായ നിലപാടുകള്‍ മുന്നോട്ടുവെക്കുന്ന കലാസൃഷ്ടികളുടെ പക്ഷത്ത് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരെ ഒരു തരത്തിലും നിരാശപ്പെടുത്തില്ല ചിലപ്പോള്‍ പെണ്‍കുട്ടി.

OTHER SECTIONS