റിലീസിന് മുന്‍പ് ക്ലൈമാക്‌സ് പുറത്ത്

By Kavitha J.22 Jun, 2018

imran-azhar

റിലീസിന് തയ്യാറെടുക്കുന്ന ചന്ദ്രഗിരിയുടെ ക്ലൈമാക്‌സ് ലീഡ് ചാണക്യതന്ത്രം സിനിമയുടെ ക്ലൈമാക്‌സ് ഭാഗത്ത് കയറിക്കൂടി. സിനിമാ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണ് ഈ സംഭവം. 'ചന്ദ്രഗിരി' യുടെ ഏഴു ഷോട്ടുകളാണ് ചാണക്യതന്ത്രത്തിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചാണക്യതന്ത്രം സിനിമയുടെ ഡിവിഡി റിലീസിനെത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സംഭവത്തെത്തുടര്‍ന്ന് ചന്ദ്രഗിരിയുടെ നിര്‍മാതാവ് പരാതിയുമായി രംഗത്തെത്തി. സിനിമ മുഴുവന്‍ ചോര്‍ന്നോ എന്ന ആശങ്കയിലാണ് നിര്‍മാതാവ്. ഈ 28നായിരുന്നു ചന്ദ്രഗിരി റിലീസിന് വച്ചിരുന്നത്.


ചാണക്യതന്ത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ഇത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നും പറ്റിയ തെറ്റാണെന്നാണ്. അബദ്ധം പറ്റിയത് ഫൈനല്‍ എഡിറ്റിന് നല്‍കിയ ഫയലിലാണന്നും ഈ ഭാഗം തീയേറ്ററില്‍ ഇല്ലായിരുന്നുവെന്നും ചിത്രത്തിന്‌റെ അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം സംഭവം അറിഞ്ഞപ്പോള്‍ തന്നെ അന്യഭാഷകളിലേക്ക് നല്‍കിയ സിനിമയുടെ പകര്‍പ്പ് പിന്‍വലിച്ച് പുതിയ ഫയല്‍ നല്‍കിയെന്നും ചാനലിന് നല്‍കിയ ഫയലില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

 

ചാണക്യതന്ത്രം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍, സ്റ്റുഡിയോയില്‍ നടന്നത് ഗുരുതരമായ വീഴ്ചയാണെന്നും സിനിമാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഈ സംഭവത്തില്‍ ഖേദിക്കുന്നുവെന്നും അറിയിച്ചു. ഗുരുപൂര്‍ണ്ണയുടെ ബാനറില്‍ എന്‍ സുചിത്ര നിര്‍മിക്കുന്ന ചന്ദ്രഗിരി സംവിധാനം ചെയ്യുന്നത് മോഹന്‍ കുപ്ലേരിയാണ്. 78 പേര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നൂറു പേരും പുതുമുഖങ്ങളാണ്. കൊച്ചുപ്രേമന്‍, ഹരീഷ് പേരഡി, സജിത മഠത്തില്‍ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. കമ്മട്ടിപ്പാടത്തിലൂടെ മലയാളസിനിമയിലേക്ക് കടന്ന് വന്ന ഷോണ്‍ ആണ് നായിക.