കാളീദേവിയെ അപമാനിച്ചെന്ന് ആരോപണം; സംവിധായിക ലീന മണിമേഖലയ്‌ക്കെതിരേ പരാതി

By santhisenanhs.05 07 2022

imran-azhar

 

സിനിമാ പോസ്റ്ററിൽ കാളീദേവിയെ അപമാനിച്ചെന്നാരോപിച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയുടെ പേരിൽ പോലീസിൽ പരാതി. ഇവരെ അറസ്റ്റുചെയ്യണമെന്നാണ് ആവശ്യം. ലീനയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണവും നടക്കുന്നുണ്ട്.

 

ലീന മണിമേഖലയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിന്ദാൾ ഡൽഹി പോലീസിലാണ് പരാതി നൽകിയത്. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗോമഹാസഭയുടെ അധ്യക്ഷൻ അജയ് ഗൗതം ആഭ്യന്തരമന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. ഒന്നിനെയും ഭയപ്പെടാതെ ജീവിക്കാനാണ് ഇഷ്ടമെന്നായിരുന്നു ഇതേക്കുറിച്ച് ലീനയുടെ പ്രതികരണം. അതിന്റെ വില തന്റെ ജീവനാണെങ്കിൽ അതു നൽകാനും മിടിക്കില്ലെന്ന് അവർ പറഞ്ഞു. ട്വിറ്ററിൽ ‘അറസ്റ്റ് ലീന’ എന്ന് ഹാഷ് ടാഗ് ഇടുന്നവർ സിനിമ കണ്ടാൽ അത് ‘ലവ് യു ലീന’ എന്നു തിരുത്തുമെന്നും അവർ പറഞ്ഞു.

 

തന്റെ പുതിയ ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞദിവസം ലീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവാദം തുടങ്ങിയത്.

 

കാളീദേവിയുടെ വേഷമിട്ട സ്ത്രീ പുകവലിക്കുന്ന ദൃശ്യമാണ് പോസ്റ്ററിൽ. പശ്ചാത്തലത്തിൽ എൽ.ജി.ബി.ടി. സമൂഹത്തിന്റെ മഴവിൽനിറമുള്ള കൊടിയുമുണ്ട്. തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച് കാനഡയിലെ ടൊറന്റോയിൽ കഴിയുന്ന ലീന അവിടത്തെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് ഡോക്യുമെന്ററിയെടുത്തത്.

 

ടൊറന്റോയിലെ തെരുവിൽ സായാഹ്നത്തിൽ കാളീദേവി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

OTHER SECTIONS